അന്‍വറിന്റെ പാര്‍ക്കിന് സമീപത്തെ ഉരുള്‍പൊട്ടല്‍; നടപടി മുഖം രക്ഷിക്കാന്‍

Thursday 21 June 2018 3:01 am IST

മലപ്പുറം: കക്കാടംപൊയിലില്‍ പി.വി.അന്‍വര്‍ എംഎല്‍എയുടെ വിവാദ വാട്ടര്‍ തീം പാര്‍ക്കിന് സമീപം ഉരുള്‍പൊട്ടലുണ്ടായ സംഭവത്തില്‍ നടപടി മുഖം രക്ഷിക്കാന്‍ വേണ്ടി. 14 പേരുടെ ജീവനെടുത്ത കട്ടിപ്പാറ ഉരുള്‍പൊട്ടലിന് തൊട്ടുപിന്നാലെ 15ന് രാത്രിയാണ് പാര്‍ക്കിന് സമീപം ഉരുള്‍പൊട്ടിയത്. പാര്‍ക്കില്‍ വന്‍തോതില്‍ വെള്ളം ശേഖരിച്ചതിന് താഴെയാണ് ഉരുള്‍പൊട്ടിയത്. മണ്ണും കല്ലുമെല്ലാം പാര്‍ക്കിലേക്കു വെള്ളമെത്തിക്കുന്ന കുളത്തില്‍ പതിച്ചു.  കൂടരഞ്ഞി വില്ലേജ് ഓഫീസര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്നാണ് പാര്‍ക്ക് അടച്ചിടാന്‍ പഞ്ചായത്ത് നിര്‍ദ്ദേശം നല്‍കിയത്. പാര്‍ക്കിലെ കുളങ്ങളിലെ വെള്ളം വറ്റിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

16 ശതമാനത്തില്‍ കൂടുതല്‍ ചെരിവുള്ള മലനിരകളില്‍ ഒരുവിധത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്താന്‍ പാടില്ലെന്നാണ് ചട്ടം. പക്ഷേ ഇതെല്ലാം മറികടന്നാണ് കക്കാടംപൊയിലില്‍ എംഎല്‍എ വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മിച്ചത്. മലമുകളിലെ വിവാദ വാട്ടര്‍തീം പാര്‍ക്കിലെ അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഉരുള്‍പൊട്ടലിന് പിന്നിലെന്നാണ് നിഗമനം. മലമുകളിലെ നാല് കുളങ്ങളിലായി രണ്ടുലക്ഷം ലിറ്റര്‍ വെള്ളമാണ് സംഭരിച്ചിരിക്കുന്നത്.

കുന്നിന് മുകളില്‍ കെട്ടിനിര്‍ത്തിയിരിക്കുന്ന വെള്ളം അപകടസാധ്യത വര്‍ധിപ്പിക്കുന്നതായും വിദഗ്ധര്‍ വിലയിരുത്തുന്നു. ഈ മാസം 30ന് പാര്‍ക്കിന്റെ ലൈസന്‍സ് കാലാവധി അവസാനിക്കും. ഇനി ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.