വിശുദ്ധ യോഗ അന്യം നിന്ന് പോവരുത്

Thursday 21 June 2018 3:04 am IST

വൈകാരിക ജീവിയാണ് മനുഷ്യന്‍. ജീവന്റെ പുറത്തോട്ടുള്ള ചലനമാണ് വികാരം. ചിത്തത്തെ തുലനാവസ്ഥയില്‍ കൊണ്ടുവരാനാണ് എല്ലാ യോഗാഭ്യാസങ്ങളും. ശാരീരികതലത്തിലും മാനസിക തലത്തിലും വികാരങ്ങളെ നേരിടാന്‍ യോഗാഭ്യാസത്തിനു കഴിയും. മാനസിക തലത്തില്‍ വിക്ഷോഭത്തെ നിയന്ത്രിക്കുന്നത് യമനിയമങ്ങളിലൂടെയാണ്.

കേരളത്തില്‍ ജീവിച്ചിരിക്കുന്ന യോഗാചാര്യന്മാര്‍ക്കിടയില്‍ സാമ്പ്രദായിക യോഗയുടെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നവരില്‍ പ്രഥമസ്ഥാനീയനാണ് സ്വാമി നിത്യാനന്ദ സരസ്വതി.  പാലക്കാട്, അകത്തേത്തറ, ശിവാനന്ദാശ്രമം അധിപതിയായ നിത്യാനന്ദ സരസ്വതി സംസാരിച്ചത് മുഴുവന്‍ യോഗയുടെ വിശുദ്ധിയും ലക്ഷ്യവും നിലനിര്‍ത്തേïതിന്റെ ആവശ്യകതയെക്കുറിച്ചാണ്. അദ്ദേഹം പങ്കുവച്ചത് യോഗയുടെ പേരില്‍ നടക്കുന്ന ആഭാസങ്ങളെക്കുറിച്ചുള്ള ആശങ്കയാണ്.

...? ചിത്തവൃത്തി നിരോധം യോഗ എന്ന പതഞ്ജലി സൂത്രത്തെ ഏറെ വ്യാഖ്യാനിച്ച ആചാര്യനാണങ്ങ്. ജന്മഭൂമിയുടെ വായനക്കാര്‍ക്കായി ഏറ്റവും ലളിതമായി അതൊന്നു പറയാമോ ? 

ചിത്തവൃത്തി നിരോധമാണ് യോഗയെന്ന് പതഞ്ജലി സൂത്രം പറയുന്നു. എത്ര ലളിതമാണ് ആ സൂത്രം. പക്ഷെ പണ്ഡിതപാമര വ്യത്യാസമില്ലാതെ പലരും പലപ്പോഴും ആ സൂത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്തിട്ടുണ്ട്. ചിത്തവൃത്തി നിരോധമെന്നാല്‍ മനസ്സിന്റെ എല്ലാ ചിന്തകളെയും നിരാകരിക്കലല്ല എന്ന് ആദ്യമേ മനസ്സിലാക്കണം. ചിത്തനിയന്ത്രണമാണത്. മനുഷ്യമനസ്സില്‍ രൂപപ്പെടുന്ന ചുഴികളാണ് വാസനകള്‍. കര്‍മ്മഫലങ്ങളാണ് വാസനകളായി അടിഞ്ഞുകൂടിക്കിടക്കുന്നത്. ചിത്തവൃത്തികളാകുന്ന വാസനകള്‍ നിരോധിക്കപ്പെടുമ്പോള്‍ ദ്രഷ്ടാവ് സ്വരൂപത്തില്‍തന്നെ അവസ്ഥാനം ചെയ്യുന്നു. ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ചേര്‍ച്ചയാണ് യോഗം. അതറിയുന്നവനാണ് യോഗി.

  ...? യോഗക്ക് വലിയ പ്രാധാന്യം ലഭിച്ചുകൊണ്ടിരിക്കുന്നു. വിദ്യാലയങ്ങളില്‍ യോഗ ഒരു പാഠ്യവിഷയമാണ്. ഭാരതത്തില്‍ ഈ ശാസ്ത്രത്തിന് ലഭിക്കുന്ന അംഗീകാരത്തെയല്ലേ അത് സൂചിപ്പിക്കുന്നത് ?

നല്ലതുതന്നെ,ആത്മജ്ഞാനം നേടുന്നതിനുള്ള ഏതുനീക്കവും അംഗീകരിക്കപ്പെടേണ്ടതുതന്നെ. എന്നാല്‍ ഒരുകാര്യം പ്രത്യേകം ഓര്‍മിച്ചുകൊള്ളുക. യോഗാഭ്യാസം കാണിക്കുന്നവരെല്ലാം യോഗികളല്ല. അവര്‍ അഭ്യാസികള്‍ മാത്രമാണ്. യോഗം യോഗാഭ്യാസങ്ങള്‍ കൊണ്ടുണ്ടാക്കുന്ന ഒരവസ്ഥാവിശേഷവുമല്ല. യോഗത്തിന്റെ കാരണവും യോഗംതന്നെ. അഭ്യാസങ്ങളെ യോഗമാക്കി കാണിക്കുന്നവര്‍ യോഗരഹസ്യം അറിഞ്ഞവരാവില്ല. യോഗത്തിനു തടസ്സമായി നില്‍ക്കുന്ന കാര്യങ്ങളെ അകറ്റാനുള്ള വിദ്യമാത്രമാണ് അഭ്യാസങ്ങള്‍. പ്രതിബന്ധങ്ങള്‍ വന്നുചേര്‍ന്നവയാണല്ലോ. യോഗത്തെ ഒരു വിഷയമാക്കി അറിയാന്‍ സാധ്യമല്ല. യോഗം ഒന്നിന്റെയും വിഷയമല്ലെന്നതാണ് കാരണം. യോഗം ജീവന്റെ സ്വതവേയുള്ള അവസ്ഥയാണ്. അതിനെ ദൃശ്യമാക്കി പറയുന്നവര്‍ യോഗാഭ്യാസങ്ങളെ യോഗയാക്കി കണക്കാക്കുന്നവരാണ്.

അപ്പോള്‍ ചിത്തവൃത്തികളെന്നാല്‍, ആദ്യം പറഞ്ഞതുപോലെ, എല്ലാറ്റിന്റെയും നിരാസമല്ല, അന്യങ്ങളായ തോന്നലുകളുടെ സൂക്ഷ്മഭാവങ്ങളാണ്. അതിനെ നിയന്ത്രിച്ചാല്‍ അദ്വയമായ ആത്മസൂര്യന്‍ പ്രകാശിച്ചു നില്‍ക്കുന്നതായി അനുഭവപ്പെടും. അവര്‍ പരമാര്‍ത്ഥമല്ല പറയുന്നത്. യോഗം ആത്മീയമാണ്. അതിനെ ഭൗതിക വിഷയങ്ങളെ അറിയുന്നപോലെ അറിയാന്‍ സാധ്യമല്ല. വൃത്തികളെ ഇല്ലാതാക്കിയാല്‍ ദൃശ്യങ്ങള്‍ ഇല്ലാതാവും. ഉദാത്തമായ ആ ബോധമാണ് യഥാര്‍ത്ഥ യോഗാനുഭൂതി.

...? ചിത്ത വൃത്തി നിരോധമെന്നത് വലിയ ലക്ഷ്യമാണ്. ആ നീï യാത്രക്കിടയില്‍ വിഷയാസക്തികളെ അടക്കാനും ഇന്ദ്രിയാനുഭവങ്ങളെ സംസ്‌കരിക്കാനും യോഗയ്ക്കുള്ള കഴിവ് എത്രമാത്രമാണ്?

വൈകാരിക ജീവിയാണ് മനുഷ്യന്‍. ജീവന്റെ പുറത്തോട്ടുള്ള ചലനമാണ് വികാരം. ചിത്തത്തെ തുലനാവസ്ഥയില്‍ കൊïുവരാനാണ് എല്ലാ യോഗാഭ്യാസങ്ങളും. ശാരീരികതലത്തിലും മാനസിക തലത്തിലും വികാരങ്ങളെ നേരിടാന്‍ യോഗാഭ്യാസത്തിനു കഴിയും. മാനസിക തലത്തില്‍ വിക്ഷോഭത്തെ നിയന്ത്രിക്കുന്നത് യമനിയമങ്ങളിലൂടെയാണ്. ശാരീരിക വിക്ഷോഭങ്ങളെ അടക്കാന്‍ ആസന പ്രാണായാമാദികള്‍തന്നെ വേണം. യമങ്ങള്‍ അനുഷ്ഠിക്കാത്ത അഭ്യാസിക്ക് യോഗിയാവാന്‍ കഴിയില്ല. ഹഠയോഗയില്‍ നിന്ന് തുടങ്ങണം. രാജയോഗമെന്ന ലക്ഷ്യത്തിലേക്കുള്ള പടവാണത്. മനസ്സിനെ ഒതുക്കിനിര്‍ത്താനുള്ള ശാരീരികക്ഷമതയില്ലാതെ പ്രാണായാമാദികള്‍ ചെയ്തിട്ട് കാര്യമില്ല. 

യോഗാചാര്യന്മാരായി പേരെടുത്ത പലരും വിഷയാസക്തിയില്‍ കുടുങ്ങുന്നുïല്ലോ.

വിഷമമുïാക്കുന്ന കാര്യമാണത്. അവരൊന്നും യോഗാചാര്യന്മാരല്ല. യോഗസാധനകളെ കമ്പോളത്തില്‍ വിറ്റഴിക്കുന്നവരാണവര്‍. അവരെ യോഗികളായോ അവരുടെ സ്ഥാപനങ്ങളെ സാധനാകേന്ദ്രങ്ങളായോ കണക്കാക്കാനാവില്ല. ഭോഗികളും ഭോഗായതന കേന്ദ്രങ്ങളുമെന്ന് പറയുന്നതാവും യുക്തി. ആത്മാനുഭവം കൈവന്നിട്ടുള്ളവര്‍ പിന്നെ വിഷയങ്ങളില്‍ രമിക്കുകയില്ല. വിഷയത്തില്‍ കുടുങ്ങിയ മനസ്സിനെ യോഗത്തില്‍ തൊടുത്ത് നിര്‍ത്തിയാല്‍ ആ നില്‍പ്പെങ്ങനെ ഉറയ്ക്കും?  വിഷയലക്ഷ്യങ്ങളുള്ളവര്‍ ഒരുകാലത്തും ജ്ഞാനിയോ,യോഗിയോ മുക്തനോ ആവാന്‍ പോകുന്നില്ല. യഥാര്‍ത്ഥ യോഗി വേഷം കെട്ടില്ല. യോഗിയുടെ വേഷം കെട്ടി നടക്കുന്നവര്‍ക്ക് ഹഠയോഗശാസ്തം പറഞ്ഞുകൊടുക്കാന്‍ അര്‍ഹതയില്ല. ആത്മാനുഭവത്തിന് ശരിയായ യോഗാഭ്യാസമാണ് മാര്‍ഗം. യോഗാഭ്യാസം ശരിയാവണമെങ്കില്‍ യോഗാനുഭവമുള്ള ആചാര്യനില്‍നിന്ന് അതിന്റെ രഹസ്യം മനസ്സിലാക്കാന്‍ ശ്രമിക്കണം.

അപ്പോള്‍ അഭ്യാസമല്ല ആത്മനിഷ്ഠയാണ് യോഗം.

അത് മാത്രമല്ല. പരിപൂര്‍ണമായ ആത്മനിഷ്ഠയിലേക്കുള്ള ശരിയായ പരിശീലനമാണ് യോഗാഭ്യാസങ്ങള്‍. സത്യസാക്ഷാത്ക്കാരത്തിനുള്ള ഉപാധികൂടിയാണത്. അതൊരു ദര്‍ശനശാസ്ത്രമാണ്. ഇന്ദ്രിയ ഭ്രമം നീങ്ങിയാല്‍ സത്യം തെളിയും.അതിന് ആത്മസ്മൃതിയിലേക്കുണരണം. നിശ്ചല ചിത്തത്തില്‍ മാത്രമേ ചൈതന്യമുണ്ടാകൂ. അതിനെ പ്രകാശിപ്പിക്കാനാണ് യോഗാഭ്യാസം. സവിശേഷമായ ആ ചൈതന്യത്തെ കണ്ടാത്തിയാല്‍ യോഗപ്രാപ്തിയായി.

...? കര്‍മ്മ യോഗയ്ക്ക് പ്രാധാന്യം കൈവരുന്ന കാലമാണിത്. അതെന്തുകൊണ്ടാണ്?

ശരീരം പ്രാഥമികമായി കര്‍മജന്യമാണ്. പ്രകൃതി ഗുണങ്ങള്‍ കര്‍മ്മത്തിന് പ്രേരിപ്പിക്കുന്നു. അജ്ഞാനമാണ് കര്‍മ്മത്തിന്റെ അടിത്തറ. രാഗദ്വേഷങ്ങള്‍ വര്‍ധിക്കുമ്പോള്‍ കര്‍മ്മത്തിന്റെ ആവശ്യകതയും വര്‍ധിക്കും. ഗുണഘടനയ്ക്കനുസൃതമാണ് കര്‍മ്മത്തിന്റെ പോക്ക്. ശരീരത്തിന്റെ ഊടും പാവുമെല്ലാം കര്‍മ്മങ്ങള്‍തന്നെ. ശരീരം ഉള്ളേടത്തോളം കര്‍മ്മത്തിന് മാറിനില്‍ക്കാന്‍ കഴിയില്ല. ക്ലേശങ്ങള്‍ക്ക് കാരണം ശരീരമാണെന്നുള്ള തെറ്റിദ്ധാരണയാണ് മനുഷ്യര്‍ക്ക്. ഇത് നീക്കാന്‍ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകതന്നെ വേണം. അപ്പോളാണ് യഥാര്‍ത്ഥ ജ്ഞാനം പ്രകാശിക്കുക.

   ഗിരീഷ് കടുന്തിരുത്തി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.