മനസ്സിൽ സംഗീതത്തിൻ്റെ പത്മതീർത്ഥം

Thursday 21 June 2018 3:17 am IST

ആയിരക്കണക്കിന് ഗാനങ്ങള്‍ എന്റെ മനസ്സിനെ പ്രചോദിതമാക്കുന്നുണ്ട്. എനിക്ക് എന്നും സ്‌നേഹവും, വാത്സല്യവും, പ്രേമവും സമ്മാനിച്ച പ്രിയ ഗാനങ്ങള്‍. ആ പഴയ ഗാനങ്ങള്‍ കേട്ടാണ് ഞാന്‍ സ്വപ്‌നം കാണാന്‍ പഠിച്ചതും, കാമുകനായതും. അവയുടെ മാധുര്യം ഇന്നും എന്നെ പുളകിതനാക്കുന്നു. എങ്കിലും, ഇഷ്ടപ്പെട്ട ഗാനങ്ങള്‍ ഏതെന്നു ചോദിച്ചാല്‍ പറയാനാവാത്തവിധം വിപുലമാണ് മാലയാള ഗാനശാഖ.

ഇതു പറയുമ്പോഴും, 'പത്മതീര്‍ത്ഥമേ ഉണരൂ, മാനസ പത്മതീര്‍ത്ഥമേ ഉണരൂ...', , 'ആയിരം പാദസരങ്ങള്‍ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി...' എന്നീ ഗാനങ്ങള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നു.  മനസ്സിന് ശാന്തി നല്‍കുന്ന, ശുദ്ധീകരിക്കുന്ന ഭാരതീയ സംഗീതത്തിന് പകരം മറ്റോന്നില്ലെന്ന് വിശ്വസിക്കുന്ന ഒരു ചെറിയ മനുഷ്യനാണ് ഞാന്‍. പശു സ്വയംമറന്നു പാല്‍ ചുരത്തുകയും മഴ പെയ്തിറങ്ങുകയും ചെയ്യുമായിരുന്നു നമ്മുടെ സംഗീതത്തിന്റെ വശ്യാനുഭവത്തില്‍. അത്രക്ക് ജീവസുറ്റതായിരുന്നു ഭാരതീയസംഗീതം. ലോക സംഗീത ദിനമായ ഇന്ന് നമുക്ക്  തല ഉയര്‍ത്തിപിടിച്ച് ആത്മാഭിമാനത്തോടെ പറയാം സംഗീതലോകത്ത് പ്രഥമ സ്ഥാനമാണ് ഭാരതത്തിനുള്ളതെന്ന്. 

ഇന്ന് അതേ സംഗീതത്തിന്റെ പേരില്‍ നമ്മുടെ സംസ്‌ക്കാരവും ഭാഷയും അവഹേളിക്കപ്പെടുകയാണ്. ഇന്നത്തെ പൊട്ടിത്തെറിക്കുന്ന സംഗീതം യുവതയെ നല്ല സംഗീതത്തില്‍ നിന്നും, സംസ്‌ക്കാരത്തില്‍ നിന്നും അകറ്റുന്നു. ശുദ്ധസംഗീതത്തിലെ സ്‌നേഹം ആവോളം അനുഭവിച്ചവരാണ് ഞങ്ങളും മുന്‍ തലമുറയും. വിട്ടുവീഴ്ച ചെയ്തും, കൊടുത്തും, കൊണ്ടും രചിച്ചവയായിരുന്നു പഴയകാല ഗാനങ്ങള്‍. അതില്‍ പ്രണയമുണ്ടായിരുന്നു, ആര്‍ദ്രതയുണ്ടായിരുന്നു, ദുഃഖമുണ്ടായിരുന്നു. ഇന്നത്തെ പൊട്ടിത്തെറി ഗാനങ്ങളില്‍ ഇവ വല്ലതും ഉണ്ടോ?

 ഉപയോഗിച്ച ശേഷം കളയുക (യൂസ് ആന്‍ഡ് ത്രോ) എന്ന സംസ്‌ക്കാരമാണല്ലോ ഇന്ന് എവിടെയും. ഇത് സംഗീതത്തിലും കടന്നുകൂടിയിരിക്കുന്നു. ആധുനിക സംഗീതത്തിലും എം.ജയചന്ദ്രനെ പോലുള്ളവര്‍ അവശേഷിക്കുന്നത് പ്രതീക്ഷക്കിട നല്‍കുന്നു. ഗായകര്‍ക്കും, മറ്റുള്ളവര്‍ക്കുംവേണ്ടി ഗാനത്തിന്റെ അക്ഷരങ്ങളും, വരികളും മാറ്റേണ്ട ഗതികേടുണ്ടാകുന്ന കാലമാണ്. മനുഷ്യനില്‍ പരിവര്‍ത്തനം ഉണ്ടാക്കിയ നിരവധി ഗാനങ്ങള്‍ കേരളവും സംഭാവന ചെയ്തിട്ടുണ്ട്. മലയാളത്തിന് ഗാംഭീര്യമുണ്ട്, തറവാടിത്വമുണ്ട്. എന്നാല്‍ പുതിയ തലമുറക്ക് ഭാഷ വശമില്ല. നല്ലത് പോലെ ഭാഷ കൈകാര്യം ചെയ്യാന്‍ പോലും കഴിയുന്നില്ല. 

സംഗീതം ഭാഷയെ നശിപ്പിക്കുന്ന പ്രവണത മാറണം. പണം മുടക്കുന്നവര്‍ ആവശ്യപ്പെടുന്ന രീതിയില്‍ എഴുതികൊടുക്കേണ്ട വെറും ജോലിയായി മാറി ഇന്നു ഗാനരചന. നാലും, അഞ്ചുംപേര്‍ ചേര്‍ന്ന് എഴുതുന്ന പുതിയ രീതികളും പരീക്ഷിക്കപ്പെടുന്നു. ഇവിടെ കുറയുന്നത് വരിയെഴുതുന്ന ആളിന്റെ സ്വാതന്ത്ര്യമാണ്. മലയാള സംഗീതത്തില്‍ നിന്ന് പ്രണയം നഷ്ടമാകുന്നു. ഭഗവാന് ഭക്തരോടുള്ള പ്രണയം, കൃഷ്ണന് രാധയോടുള്ള പ്രണയം, കാമുകന് കാമുകിയോടുള്ള പ്രണയം ഇതൊന്നും ഇന്ന് സംഗീതത്തിന് ഇതിവൃത്തമാകാറില്ല.

  മനോഹര സംഗീതം ഭാവനവളര്‍ത്തും. പണ്ട് റേഡിയോയിലൂടെ ഗാനങ്ങള്‍ കേട്ടിരുന്നപ്പോള്‍ അതിലെ വരികളായിരുന്നു ആശയം പകര്‍ന്നു തന്നിരുന്നത്. ആ വരികള്‍ ശ്രോതാവിന്റെ മനസ്സില്‍ ഭാവന വിരിയിച്ചിരുന്നു. ഇന്ന് ടിവിയില്‍ കാണുന്ന ദൃശ്യങ്ങള്‍ മനസ്സില്‍ അധികകാലം നില്‍ക്കാറില്ല. 

 അതിന്റെ വികാരതീവ്രത മഹത്തരമായിരുന്നു. പുറത്തു പറയാന്‍ മടിക്കുന്ന പ്രണയങ്ങള്‍ റേഡിയോയിലുടെ വരുന്ന ഈണത്തിന്റെയും വരികളുടെയും സഹായത്താല്‍ മനോഹര സ്വപ്‌നങ്ങളാണ് നമുക്ക് നല്‍കിയിരുന്നത്. അതിലെ നായകന്മാര്‍ ശ്രോതാക്കള്‍ തന്നെ ആയിരുന്നു. ഗാനത്തിലെ നായകനായി നമ്മളെത്തന്നെ പ്രതിഷ്ഠിക്കാനുള്ള അവസരം കിട്ടിയിരുന്നത് വലിയ കാര്യമായിരുന്നു. 

ഇന്ന് ഗാനം കേള്‍ക്കുമ്പോള്‍ ആ സിനിമയിലെ നായകനെയാണ് ഓര്‍മ്മ വരുന്നത്. അത് കൊണ്ട് തന്നെ സ്വപ്‌നം കാണാനും പുതുതലമുറക്ക് കഴിയുന്നുണ്ടോ എന്ന് സംശയമാണ്. ഇതായിരിക്കാം ശ്രോതാവുമായി ആത്മബന്ധം സ്ഥാപിക്കാന്‍ ഇന്നു പല ഗാനങ്ങള്‍ക്കും കഴിയാതെ പോകുന്നത്. 

പാശ്ചാത്യ രീതി അനുകരിക്കാന്‍ ശ്രമിക്കും മുന്‍പ് നമുക്കത് ചേരുമോയെന്ന് ശ്രദ്ധിക്കണം. സെറ്റ് മുണ്ട് ഉടുത്തിരുന്ന അമ്മയെ വിദേശ വസ്ത്രം ധരിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നത് പോലെയാണത്. ദേവരാജന്‍ മാസ്റ്റര്‍ ചട്ടക്കാരിയിലെ ഗാനങ്ങള്‍ക്ക് പാശ്ചാത്യ രീതി കടം കൊണ്ടിട്ടുണ്ട്. ഗാനങ്ങള്‍ മനോഹരമായി രുപപ്പെടുത്തിയിട്ടുമുണ്ട്. അപ്പോഴും അദ്ദേഹം മലയാള ഭാഷയെ ബഹുമാനിച്ചു കൊണ്ടാണ് ഗാനം ചിട്ടപ്പെടുത്തിയത്. 

 നമ്മുടെ നാട്ടുകാരല്ലാത്ത ഇളയരാജയും, വിദ്യാസാഗറും ഈണമിടുമ്പോള്‍ ഈണത്തിനൊത്ത് വരികള്‍ എഴുതാന്‍ കഴിയുമോ എന്ന് അവര്‍ ശ്രദ്ധിച്ചിരുന്നു. അവര്‍ കാണിച്ചിരുന്ന ബഹുമാനമോ സ്‌നേഹമോ ഇന്നില്ല. വാക്കുകളുടെ സമന്വയം കൂടെയുണ്ടങ്കിലെ സംഗീതം അനശ്വരമാകൂ. അതിനായി മലയാളികളായ നമ്മള്‍ക്ക് ഒന്നിച്ച് പ്രാര്‍ത്ഥിക്കാം, യത്‌നിക്കാം.

ആര്‍.അജയകുമാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.