ആറളത്ത് വീണ്ടും കാട്ടാനയിറങ്ങി; ആനക്കൂട്ടത്തിന്റെ പിടിയില്‍ നിന്നും കുടുംബം ഓടി രക്ഷപ്പെട്ടു

Wednesday 20 June 2018 10:04 pm IST

 

ഇരിട്ടി: ആറളം ഗ്രാമപഞ്ചായത്തിലെ കോക്കോട് ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനയുടെ പിടിയില്‍ നിന്നും ഒരു കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ഇറങ്ങിയ കാട്ടാനയെ വീടിനു മുന്നില്‍ കണ്ടതോടെ കുടുംബം ഓടിരക്ഷപ്പെടുകയായിരുന്നു. 

ചെടിക്കുളം കോക്കോട്ടെ ജനവാസ മേഖലയിലാണ് ബുധനാഴ്ച രാത്രി കാട്ടാനയിറങ്ങിയത്. ഇവിടെ പൂച്ചത്തില്‍ ചോട് തൂക്ക് പാലത്തിനു സമീപം പുത്തന്‍പുരയില്‍ ചാക്കോവും കുടുംബവും താമസിക്കുന്ന വീടിനു മുന്നിലാണ് അനകള്‍ എത്തിയത്. പുതിയ വീടിന്റെ പണി നടക്കുന്നതിനാല്‍ ഇവര്‍ ഇതിനോട് ചേര്‍ന്ന താല്‍ക്കാലിക ഷെഡ്ഡിലായിരുന്നു താമസം. ആന ഇലയൊടിക്കുന്നതിന്റെ ശബ്ദം കേട്ട ചാക്കോ പുറത്തേക്ക് നോക്കിയപ്പോള്‍ വീടിനു മുന്നില്‍ നില്‍ക്കുന്ന ആനകളെയാണ് കണ്ടത്. ഉറങ്ങിക്കിടന്ന ഭാര്യയേയും മക്കളെയും കൂട്ടി ചാക്കോ ഓടി രക്ഷപ്പെടുകയായിരുന്നു. സമീപത്തെ ബന്ധുവീട്ടില്‍ അഭയം തേടിയ ഇവര്‍ പടക്കം പൊട്ടിച്ചതോടെ ആനക്കൂട്ടം തിരിച്ചു പോവുകയായിരുന്നു. 

പ്രദേശത്തെ പുത്തന്‍ പുരയില്‍ ഷാജി, തെക്കേക്കൂറ്റ് ജോര്‍ജ്ജ് എന്നിവരുടെ വാഴ, തെങ്ങ്, കമുക് തുടങ്ങിയ കാര്‍ഷിക വിളകള്‍ ആനക്കൂട്ടം വ്യാപകമായി നശിപ്പിച്ചു. ആറളം വനത്തില്‍ നിന്നും പുഴകടന്നെത്തുന്ന ആനക്കൂട്ടമാണ് മേഖലയില്‍ ഭീതി വിതക്കുന്നത്. രണ്ടാഴ്ച മുന്‍പും മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.