ജില്ലയില്‍ പകര്‍ച്ച വ്യാധി വ്യാപകം: ജനങ്ങള്‍ ഭീതിയില്‍

Wednesday 20 June 2018 10:06 pm IST

 

കണ്ണൂര്‍: ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ വ്യാപകമായി പടര്‍ന്നുപിടിച്ചതോടെ ജനങ്ങള്‍ ഭീതിയിലായി. പകര്‍ച്ചപ്പനി, ഡങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ നിരവധി രോഗങ്ങളാണ് ജില്ലയില്‍ വ്യാപകമായിട്ടുള്ളത്. ഡങ്കിപ്പനി ബാധിച്ച് കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ മലയോര മേഖലയില്‍ നാലുപേരാണ് മരിച്ചത്. പനിബാധിച്ചും ചിലര്‍ മരിച്ചിട്ടുണ്ട്. 

നൂറുകണക്കിന് പേര്‍ രോഗബാധയെത്തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പല മേഖലകളിലും മഞ്ഞപ്പിത്തം വ്യാപകമായിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളജ്, പയ്യന്നൂര്‍, തളിപ്പറമ്പ്, തലശ്ശേരി ജനറല്‍ ആശുപത്രികള്‍, കണ്ണൂര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ആയിരത്തോളം രോഗികള്‍ പനിബാധയെ തുടര്‍ന്ന് ചികിത്സയിലുണ്ട്. 

ദിനംപ്രതി ജില്ലയിലെ നൂറോളം വരുന്ന സര്‍ക്കാര്‍ ആശുപത്രികളിലായി ദിനംപ്രതി രണ്ടായിരത്തോളംപേര്‍ പനിബാധിച്ച് ചികിത്സക്കായി എത്തുന്നുണ്ട്. പനിബാധിച്ച് ചികിത്സക്കായി കണ്ണൂര്‍ തലശ്ശേരി എന്നിവിടങ്ങളിലെത്തുന്ന രോഗികളെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞുവിടുകയാണ് ആശുപത്രി അധികൃതര്‍ ചെയ്യുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജിലാകട്ടെ പനിബാധിതരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്.

ഇവിടെ രോഗികളെ കിടത്താന്‍ തന്നെ സൗകര്യമില്ലാത്തതിനാല്‍ അതീവ ഗുരുതരാവസ്ഥയിലുള്ളവരെ മാത്രമേ പ്രവേശിപ്പിക്കുന്നുള്ളൂ. രക്തത്തിലെ പ്ലേറ്റ്‌ലറ്റ് കൗണ്ട് 30,000 ല്‍ താഴെയുള്ളവരെയാണ് കോഴിക്കോട് പ്രവേശിപ്പിക്കുന്നത്. എന്നാല്‍ കണ്ണൂര്‍, തലശ്ശേരി സര്‍ക്കാര്‍ ആശുപതികളില്‍ നിന്നും 30,000നും 40,000നും ഇടയില്‍ കൗണ്ട് ഉള്ളവരെ അതീവ ഗുരുതരാവസ്ഥയാണെന്ന് പറഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയക്കുന്നത് പതിവ് കാഴ്ചയാണ്. 

ആംബുലന്‍സിലും മറ്റും കോഴിക്കോട് എത്തുന്നവരെ കാഷ്വാലിറ്റിയിലെ പരിശോധനക്ക് ശേഷം തിരിച്ചയക്കുന്നത് രോഗികള്‍ക്ക് ദുരിതമായിട്ടുണ്ട്. ഇത്തരത്തിലെത്തുന്ന ചിലര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുകയും പതിവാണ്. 

കണ്ണൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം ആരോഗ്യ വകുപ്പ് അധികൃതരുടെ കൈവശമില്ല. ദിനംപ്രതി ആയിരക്കണക്കിന് രോഗികള്‍ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടുന്നുണ്ട്. ഇവിടങ്ങളിലാവട്ടെ കഴുത്തറുപ്പന്‍ ചികിത്സാഫീസാണ് ഈടാക്കുന്നത്.

മലയോര മേഖലയിലെ പിഎച്ച്‌സികളില്‍ ആവശ്യത്തിന് മരുന്നുകളും പരിശോധനാ സംവിധാനങ്ങളുമുണ്ടെങ്കിലും ഡോക്ടര്‍മാരില്ലാത്തത് രോഗികളെ വലക്കുന്നുണ്ട്. ആദിവാസി കോളനികളിലും മറ്റും ചികിത്സ ലഭിക്കാതെ നിരവധി പേര്‍ കഴിയുന്നുണ്ട്. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ കൊതുകുനശീകരണ പ്രവര്‍ത്തനങ്ങള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ നടത്തിവരുന്നുണ്ട്. 

പനിയുടെ ലക്ഷണം തുടങ്ങിയ ഉടന്‍ ആശുപത്രിയിലെത്തി ചികിത്സ തേടണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. പലരും രോഗം മൂര്‍ച്ചിച്ചാലേ ആശുപത്രിയില്‍ ചികിത്സക്കെത്താറുള്ളൂ. സ്വയം ചികിത്സയിലൂടെ പനി മൂര്‍ച്ഛിക്കുമ്പോള്‍ ആശുപത്രിയിലെത്തിയിട്ട് കാര്യമില്ല. ഏത് പനിയെയും സൂക്ഷിക്കണമെന്നും കൃത്യമായ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും ഇതൊന്നും പലരും കാര്യമാക്കാറില്ല.

ശക്തമായ പനിയും ക്ഷീണവും കൃഷ്ണമണിക്ക് പിന്നിലുള്ള വേദനയും ഡെങ്കിപ്പനിയുടെ രോഗലക്ഷണമാണ്. പ്ലേറ്റ്‌ലറ്റ് കുറയുന്നതാണ് അത്യാഹിതത്തിന് കാരണമാകുന്നത്. ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും മലയോര മേഖലകളില്‍ ഇത് നിയന്ത്രണവിധേയമാകുന്നില്ല. ഇതാണ് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.