റോണോ റോക്സ്

Thursday 21 June 2018 3:21 am IST

മോസ്‌കോ: മൊറോക്കോയെ പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍ ലോകകപ്പില്‍ നോക്കൗട്ട് സാധ്യത സജീവമാക്കി. ആദ്യ മത്സരത്തില്‍ സ്‌പെയിനിനോട് 3-3ന് സമനില പാലിച്ച പറങ്കിപ്പട ഇന്നലെ 1-0ന്റെ വിജയമാണ് നേടിത്. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ പോര്‍ച്ചുഗലിന് 4 പോയിന്റാണുള്ളത്.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോള്‍ നേടിയ ക്യാപ്റ്റന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് പോര്‍ച്ചുഗലിന്റെ വിജയശില്‍പ്പി. സ്‌പെയിനിനെതിരെ ഹാട്രിക്ക് നേടിയ റൊണാള്‍ഡോയ്ക്ക് ഈ ലോകകപ്പില്‍ രണ്ട് കളികളില്‍ നിന്ന് 4 ഗോളുകളായി. ഇന്നലെ കളിയുടെ നാലാം മിനിറ്റിലാണ്  ഹെഡ്ഡറിലൂടെ ക്രിസ്റ്റിയാനോ ടീമിന്റെ വിജയഗോള്‍ നേടിയത്. പോര്‍ച്ചുഗലിനെ വിറപ്പിച്ചെങ്കിലും തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റവാങ്ങിയ മൊറോക്കോ ലോകകപ്പില്‍ നിന്ന് പുറത്തായി. ആദ്യ മത്സരത്തില്‍ അവര്‍ ഇറാനോടും 1-0ന് തോറ്റിരുന്നു.

പോര്‍ച്ചുഗല്‍ 4-4-2 രീതിയിലും മൊറോക്കോ 4-2-3-1 എന്ന ശൈലിയിലുമാണ് മൈതാനത്തിറങ്ങിയത്. പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മുന്‍തൂക്കം മൊറോക്കോക്കായിരുന്നെങ്കിലും പ്രതിരോധത്തിന് മുന്‍തൂക്കം നല്‍കിയുള്ള രീതിയാണ് അവര്‍ കളത്തില്‍ പുറത്തെടുത്തത്. എന്നാല്‍ സ്‌ട്രൈക്കര്‍മാര്‍ക്ക് പിഴച്ചതോടെയാണ് ഗോള്‍ അകന്നുനിന്നത്. മത്സരം തുടങ്ങി മൊറോക്കോ താരങ്ങള്‍ നിലയുറപ്പിക്കുന്നതിന് മുമ്പുതന്നെ വല കുലുക്കാന്‍ പോര്‍ച്ചുഗലിന് കഴിഞ്ഞു. ജാവോ മൗടീഞ്ഞോ എടുത്ത കോര്‍ണര്‍ കിക്കിനൊടുവിലായിരുന്നു ക്രിസ്റ്റിയാനോയുടെ ബുള്ളറ്റ് ഹെഡ്ഡര്‍. ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ക്രിസ്റ്റിയാനോ പോസ്റ്റിന് തൊട്ടുമുന്നില്‍ നിന്ന് പായിച്ച ഹെഡ്ഡറിന് മുന്നില്‍ മൊറോക്കോ ഗോളി നിസ്സഹായനായി. ഈ ഗോളോടെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന യൂറോപ്യന്‍ താരമായി മാറിയിരിക്കുകയാണ ക്രിസ്റ്റ്യാനോ. മൊത്തം ഗോള്‍സമ്പാദ്യം 85 ആക്കിയ ക്രിസ്റ്റ്യാനോ ഫ്രാങ്ക് പുഷ്‌കാസിന്റെ റെക്കോഡാണ് മറികടന്നത്.

ഗോള്‍ വഴങ്ങിയതോടെ മൊറോക്കോ മികച്ച മുന്നേറ്റങ്ങള്‍ നടത്തി. നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഒരിക്കല്‍ പോലും പോര്‍ച്ചുഗല്‍ വല കുലുക്കാന്‍ അവര്‍ക്കായില്ല. 11, 21 മിനിറ്റുകളില്‍ ലഭിച്ച അവസരം പോര്‍ച്ചുഗല്‍ ഗോളി വിഫലമാക്കി. ഒരു ഗോള്‍ നേടിയതൊഴിച്ചുനിര്‍ത്തിയാല്‍ മൊറോക്കോ ഗോളി കാര്യമായി പരീക്ഷിക്കാനൊന്നും പോര്‍ച്ചുഗലിന് കഴിഞ്ഞില്ല. താളം തെറ്റിയ അവരുടെ മധ്യനിര ഇന്നലെ അമ്പേ പരാജയപ്പെടുകയും ചെയ്തു. 

രണ്ടാം പകുതിയിലും മൊറോക്കോയുടെ ആധിപത്യമായിരുന്നു. അതിവേഗ മുന്നേറ്റങ്ങളുമായി പോര്‍ച്ചുഗല്‍ പ്രതിരോധത്തെ പലതവണ തകര്‍ത്തിട്ടും സമനില ഗോള്‍ മാത്രം നേടാന്‍ അവര്‍ക്കായില്ല. പോസ്റ്റിന് മുന്നില്‍ നിന്ന് ലഭിച്ച അവസരം പോലും ആഫ്രിക്കന്‍ കരുത്തരുടെ സ്‌ട്രൈക്കര്‍മാര്‍ പുറത്തേക്കടിച്ചു കളഞ്ഞു. ഇതോടെ അനിവാര്യമായ തോല്‍വി അവര്‍ ഏറ്റുവാങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.