ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു; ഭീകരവേട്ട ശക്തമാക്കി സൈന്യം

Thursday 21 June 2018 3:25 am IST

ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ ആറുമാസത്തേക്ക് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. പിഡിപി-ബിജെപി സഖ്യസര്‍ക്കാര്‍ വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവെച്ച സാഹചര്യത്തിലാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സംസ്ഥാനത്ത് രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചത്. കശ്മീര്‍ താഴ്‌വരയിലെ ഭീകരസംഘങ്ങള്‍ക്കെതിരായ സൈനിക നടപടി കരസേന ശക്തമാക്കിയതായി കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അറിയിച്ചു. 

മെഹബൂബ സര്‍ക്കാര്‍ രാജിവെച്ചതോടെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഗവര്‍ണ്ണര്‍ എന്‍.എന്‍. വോറ ശുപാര്‍ശ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ മുതല്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നിലവില്‍ വന്നു. ഇതിന് പിന്നാലെ കശ്മീരില്‍ സൈന്യം നടത്തിയ ഭീകരവേട്ടയില്‍ മൂന്നു ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ കൊല്ലപ്പെട്ടു. 

കശ്മീരിലെ ഭീകരവിരുദ്ധ നടപടികളില്‍ യാതൊരുവിധ രാഷ്ട്രീയ ഇടപെടലുകളുമില്ലെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു. റംസാന്‍ മാസത്തില്‍ സൈനിക നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടതാണ്. ഗവര്‍ണ്ണര്‍ ഭരണം വന്നതിന്റെ അടിസ്ഥാനത്തില്‍ സൈനിക നടപടികളില്‍ വ്യത്യാസമൊന്നും വരില്ലെന്നും റാവത്ത് പറഞ്ഞു. 

റംസാന്‍ മാസത്തില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതായി ജമ്മു കശ്മീര്‍ ഡിജിപി എസ്.പി വൈദ് കുറ്റപ്പെടുത്തി. റംസാന്‍ മാസത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ എന്താണ് അക്കാലയളവില്‍ കശ്മീരില്‍ നടന്നതെന്ന് എല്ലാവരും കണ്ടുകഴിഞ്ഞു. സംസ്ഥാനത്ത് ഭീകരവിരുദ്ധ നടപടികള്‍ പുനരാരംഭിച്ചെന്നും ഭീകര സംഘങ്ങളെ ഇല്ലാതാക്കുംവരെ ശക്തമായ ഓപ്പറേഷനുകള്‍ തുടരുമെന്നും എസ്.പി. വൈദ് അറിയിച്ചു. 

പുൽവാമയിൽ മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ജയ്‌ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സൈന്യം കൊലപ്പെടുത്തി. ചൊവ്വാഴ്ച വൈകിട്ട് ആരംഭിച്ച സൈനിക നടപടി രാത്രി വൈകിയാണ് അവസാനിച്ചത്. 

ത്രാല്‍ മേഖലയിലെ നസ്‌നീന്‍പുര ഗ്രാമത്തിലൊളിച്ച ഭീകരരെ രാഷ്ട്രീയ റൈഫിള്‍സും പ്രത്യേക ഓപ്പറേഷന്‍ ഗ്രൂപ്പും ജമ്മു കശ്മീര്‍ പോലീസും ചേര്‍ന്നാണ് വധിച്ചത്. അഞ്ച് സുരക്ഷാ സൈനികര്‍ക്ക് ഓപ്പറേഷനിടെ പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ പാക്കിസ്ഥാന്‍കാരനും മറ്റു രണ്ടുപേര്‍ കശ്മീരികളുമാണ്. 

17ന് ഇന്ത്യ വെടിനിര്‍ത്തല്‍ പിന്‍വലിച്ചതിനു ശേഷം പിറ്റേദിവസം ബന്ദിപോരയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.