പത്രപ്രവര്‍ത്തകന്‍ ജാഫര്‍ ഇര്‍ഷാദ് ആര്‍എസ്എസിനെക്കുറിച്ച് എഴുതിയത് ഇങ്ങനെ

Thursday 21 June 2018 2:02 pm IST
നാഗ്പൂരില്‍ ആര്‍എസ്്എസ് ആസ്ഥാനത്ത് മുന്‍ രാഷ്ട്രപതി വന്ന് മൂന്നാം വര്‍ഷ സംഘശിക്ഷാ വര്‍ഗിലെ പരിശീലകരെ അഭിസംബോധന ചെയ്തത് വലിയ മാധ്യമ വിശേഷമായപ്പോള്‍ അതെക്കുറിച്ച് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞത് ഇങ്ങനെയായിരുന്നു. ഇത് വര്‍ഷം തോറും നടക്കുന്ന പരിപാടിയാണ്. അതില്‍ മുന്‍ രാഷ്ട്രപതി പങ്കെടുക്കുന്നു, അദ്ദേഹത്തിന് പറയാനുള്ളത് പറയാനവസരം നല്‍കുന്നു, അതുകേട്ട് ഉള്‍ക്കൊള്ളാനാവുന്നത് ഉള്‍ക്കൊള്ളുന്നു, അത്രമാത്രം, എന്ന്. പക്ഷേ സംഘത്തിന്റെ എതിരാളികള്‍ നടത്തുന്ന നുണപ്രചാരണങ്ങളാണ് കൂടുതല്‍പേര്‍ കേള്‍ക്കുന്നത്.

കൊച്ചി: ആര്‍എസ്എസ്സിനെക്കുറിച്ച്, അവര്‍ നല്ലതെന്തെങ്കിലും ചെയ്താല്‍ മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിക്കും. അവരുടെ പോരായ്മയായി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതന്വേഷിക്കുകകൂടി ചെയ്യാതെ പ്രചരിപ്പിക്കും. മാധ്യമ പ്രവര്‍ത്തകരോട് രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും കാണിക്കുന്ന അടുപ്പവും ആശ്രയവും കാണിക്കാത്തതുകൊണ്ടാണിതെന്ന് ചില മാധ്യമപ്രവര്‍ത്തകര്‍തന്നെ പറയുന്നു. മാധ്യമങ്ങള്‍ക്കു വേണ്ടി നടപടിക്രമവും ചിട്ടയും മാറ്റാനാവില്ലെന്ന് സംഘടനയും.

നാഗ്പൂരില്‍ ആര്‍എസ്്എസ് ആസ്ഥാനത്ത് മുന്‍ രാഷ്ട്രപതി വന്ന് മൂന്നാം വര്‍ഷ സംഘശിക്ഷാ വര്‍ഗിലെ പരിശീലകരെ അഭിസംബോധന ചെയ്തത് വലിയ മാധ്യമ വിശേഷമായപ്പോള്‍ അതെക്കുറിച്ച് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞത് ഇങ്ങനെയായിരുന്നു. ഇത് വര്‍ഷം തോറും നടക്കുന്ന പരിപാടിയാണ്. അതില്‍ മുന്‍ രാഷ്ട്രപതി പങ്കെടുക്കുന്നു, അദ്ദേഹത്തിന് പറയാനുള്ളത് പറയാനവസരം നല്‍കുന്നു, അതുകേട്ട് ഉള്‍ക്കൊള്ളാനാവുന്നത് ഉള്‍ക്കൊള്ളുന്നു, അത്രമാത്രം, എന്ന്. പക്ഷേ സംഘത്തിന്റെ എതിരാളികള്‍ നടത്തുന്ന നുണപ്രചാരണങ്ങളാണ് കൂടുതല്‍പേര്‍ കേള്‍ക്കുന്നത്. 

പക്ഷേ, സംഘത്തെ അടുത്തറിയുന്നവര്‍ സത്യം മനസിലാക്കുന്നു. അവര്‍ ചില അവസരങ്ങളില്‍ പുറത്തുപറയുന്നു. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്നൗവില്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐ (പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ) യുടെ ഹിന്ദിവിഭാഗത്തില്‍ ചീഫ് റിപ്പോര്‍ട്ടറായ ജാഫര്‍ ഇര്‍ഷാദ് ഇങ്ങനെ എഴുതി. എനിക്കിതു പറയാതിരിക്കാനാവില്ലെന്ന മുഖവുരയോടെ. 

"ജാഫര്‍ ഇര്‍ഷാദ്"
'' ഞാന്‍ പലവട്ടം ആര്‍എസ്എസ് പരിപാടികള്‍ പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. പക്ഷേ ആര്‍എസ്എസിനെക്കുറിച്ച് അത്രയേറെയൊന്നും അറിയില്ലായിരുന്നു. മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പൂരില്‍ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കുന്നതിനെച്ചൊല്ലിയുള്ള മുറവിളികള്‍ കേട്ട് ഞാന്‍ അന്തം വിട്ടു. ഈ കൂട്ടര്‍ ആര്‍എസ്എസിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ അടുത്തുനിന്ന് കണ്ടിട്ടില്ലാത്തവരാണ്. ഞാനവരുടെ നിസ്വാര്‍ഥ സേവന വ്രപര്‍ത്തനങ്ങള്‍ അടുത്തുകണ്ടിട്ടുണ്ട്, അതുകൊണ്ടാണ് ഇതെഴുതാന്‍ എന്നെ അത്രയധികം പ്രേരിപ്പിക്കുന്നത്. 

ആര്‍എസ്എസ് ഹിന്ദുഅനുകൂലമോ മുസ്ലിം വിരുദ്ധമോ എന്നൊന്നും എനിക്കറിയില്ല, എനിക്കത് അനുഭവവുമില്ല. എന്നാല്‍ അത് മനുഷ്യത്വ വുരുദ്ധമല്ലെന്ന് എനിക്ക് വ്യക്തിപരമായ അനുഭവങ്ങളില്‍നിന്നറയാമെന്ന് ഞാന്‍ സമ്മതിക്കും. എന്റെ 24 വര്‍ഷത്തെ പത്രപ്രവര്‍ത്തന ജീവിതത്തില്‍, ആവശ്യക്കാര്‍ക്ക് നിസ്വാര്‍ഥവും നിശ്ശബ്ദവുമായി സഹായങ്ങള്‍ നല്‍കിയിട്ടുള്ള അനേകം സന്ദര്‍ഭങ്ങള്‍ ഞാന്‍ നേരിട്ടുകണ്ടിട്ടുണ്ട്, അതേ സമയം ചില സമുദായ സംഘര്‍ഷങ്ങളില്‍ അവര്‍ക്കു പങ്കുണ്ടെന്നത് കേട്ടിട്ടുമുണ്ട്.

പക്ഷേ, ഏതെങ്കലും കലാപത്തിലോ സംഘട്ടനങ്ങളിലോ അവര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ഒരു മാധ്യമപ്രവര്‍ത്തകനും നേതാക്കളും പറഞ്ഞതായി എനിക്കറിയില്ല. അതെ, ഒരുകാര്യം ഇവിടെ വ്യക്തമാക്കേണ്ടതുണ്ട്, ഞാന്‍ ആര്‍എസ്എസിനേടോ ബിജെപിയോടോ ഒരു തരത്തിലും ബന്ധപ്പെട്ടയാളല്ല, അകന്ന ബന്ധംപോലുമില്ല. ജോലിക്കാലത്തിനിടെ ഇതുവരെ ആര്‍എസ്എസ്-ബിജെപി വാര്‍ത്തകള്‍ പതിവായി നോക്കുന്ന ജോലി ചെയ്തിട്ടുള്ളയാളുമല്ല.

2011 ജൂലൈ 10, ഞാന്‍ കാണ്‍പൂരില്‍ ഒരു വാര്‍ത്താ ഏജന്‍സിയുടെ (പിടിഐ ഹിന്ദി) ചീഫ് റിപ്പോര്‍ട്ടറായി ജോലി ചെയ്യുന്ന കാലം. ഒരിക്കഇ ഉച്ചയ്ക്ക് ഒരുമണിക്ക് ദല്‍ഹിയില്‍നിന്ന് എഡിറ്റര്‍ അറിയിച്ചു, ഫത്തേപ്പൂരിനടുത്ത് മാള്‍വയില്‍ വലിയ ട്രെയിനപകടം ഉണ്ടായെന്ന്. അവിടേക്ക് പുറപ്പെടാനും പറഞ്ഞു. ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ റെയില്‍വേയില്‍ അന്വേഷിച്ച് അപകടം വലുതാണെന്ന് ഉറപ്പാക്കി, പെട്ടെന്ന് തിരിച്ചു. ഒരു മണിക്കൂര്‍ യാത്രചെയ്ത് ഞാനെത്തി. അവിടുന്നും 10-12 കിലോ മീറ്റര്‍ അകലെയാണ് അപകടം നടന്നിടം, വയലിലും മറ്റും കൂടെ വേണം പോകാന്‍. പ്രദേശത്തെങ്ങും ആള്‍പ്പാര്‍പ്പില്ല.

എത്തിയ ഉടന്‍ സമയം പാഴാക്കാതെ ദല്‍ഹിയിഇല്‍ എഡിറ്ററെ കാര്യങ്ങള്‍ ധരിപ്പിച്ചു, ഡസ്‌കില്‍ വിവരങ്ങള്‍ അറിയിച്ചു. ബോഗികളില്‍നിന്ന് ജഡങ്ങള്‍ എടുക്കുന്നു. പരിക്കേറ്റവരെ ആശുപത്രിയിലയയ്ക്കുന്നു. പേടിപ്പിക്കുന്ന രംഗങ്ങളായിരുന്നു. രക്ഷിതാക്കളെ കാണാതെ കൊച്ചുകുട്ടികള്‍, ഭര്‍ത്താവിനെ പിരിഞ്ഞ് ഭാര്യ, കുട്ടികളെ കാണാതെ അമ്മമാര്‍, ചിലര്‍ നെഞ്ചത്തടിച്ച് നിലവിളിക്കുന്നു, ചിലര്‍ വേദനകൊണ്ട് ഉച്ചത്തില്‍ കരയുന്നു. ജഡങ്ങള്‍ വണ്ടിക്കുള്ളില്‍നിന്നിറക്കി പാടത്ത് കിടത്തിയിരിക്കുന്നു. കാക്കി വേഷം ധരിച്ച ചിലര്‍ വികൃതമായ, ചിതറിപ്പോയ ജഡങ്ങള്‍ വെള്ളത്തുണികൊണ്ട് മൂടുന്നു. പിന്നീട് അവ പോസ്റ്റ്മോര്‍ട്ടത്തിന് ആശുപത്രിയിലയച്ചു.

അപകടത്തില്‍ പെട്ടവരുടെ ബന്ധുക്കളുള്ള സ്ഥലത്തേക്ക് ഞാന്‍ പോയി. അവിടെ പഴിയും പ്രാര്‍ഥനയുമായി വിശന്നും ദാഹിച്ചും വിവരങ്ങള്‍ അറിയാതെയും ബന്ധുക്കള്‍. ചിലര്‍ അവര്‍ക്ക് ചായയും വെള്ളവും ബിസ്‌കറ്റും കൊടുക്കുന്നു. എന്നെക്കൂടാതെ രണ്ട് ഡസന്‍ മാധ്യമപ്രവര്‍ത്തകരെങ്കിലും അവിടെ ഉണ്ടായിരുന്നു. ഒരാള്‍ എനിക്ക് ഒരു കപ്പു ചായയും രണ്ട് ബിസ്‌കറ്റുമായി വന്നു. നാലഞ്ചു മണിക്കൂറായി ഒന്നും കിട്ടാത്ത ആ പ്രദേശത്ത് ഞങ്ങള്‍ക്ക് ആ ചായ പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്ന് കിട്ടിയതുപോലെയായിരുന്നു.

ഈ ചായ സൗജന്യവിതരണക്കാര്‍ ആരാണെന്നറിയാന്‍ എനിക്ക് താല്‍പര്യം തോന്നി. അവര്‍ സര്‍ക്കാര്‍ നിയോഗിച്ചവരാണോ? ഞാനൊരാളെ തടഞ്ഞുനിര്‍ത്തി ചോദിച്ചു, ''നിങ്ങള്‍ ആരാണ്, ആര്‍ക്കുവേണ്ടിയാണിത് ചെയ്യുന്നത്?'' ''താങ്കള്‍ക്ക് ഇനിയും ചായവേണമെങ്കില്‍ ആ ആല്‍മരച്ചുവട്ടില്‍ വരിക,'' പുഞ്ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു. അകലെയല്ലാത്ത ആല്‍മരച്ചുവിട്ടിലേക്ക് അയാള്‍ക്കൊപ്പം ഞാന്‍ പോയി. അവിടെ രണ്ടു ഡസന്‍ സ്ത്രീകള്‍ പച്ചക്കറിമുറിക്കുന്നു, വലിയ പാത്രത്തില്‍ ചൂളയ്ക്ക് മേല്‍ ചായ തിളയ്ക്കുന്നു, ധാരാളം ബിസ്‌കറ്റ് പാക്കറ്റുകള്‍ പൊട്ടിച്ച് തയാറാക്കിയിരിക്കുന്നു. ചിലര്‍ മാവ് കുഴയ്ക്കുന്നു, പോളിത്തീന്‍ കവറുകളില്‍ കുടിവെള്ളം വലിയ ഡ്രമ്മുകള്‍ നിറയെ. എല്ലാം അപകടത്തില്‍ പെട്ടവര്‍ക്കും ആവശ്യക്കാര്‍ക്കും വേണ്ടി.

വെള്ളക്കുപ്പായമിട്ടൊരാള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു, പച്ചക്കറിയൊരുക്കല്‍ വേഗം കൂട്ടാന്‍ പറയുന്നു. ഞാനദ്ദേഹത്തിനടുത്തുചെന്ന് പേര് ചോദിച്ചു, ഒരു പുഞ്ചിരിയായിരുന്നു മറുപടി. ഞാന്‍ പത്രപ്രവര്‍ക്കന്‍ ജാഫറാണെന്നു പറഞ്ഞ്, ഏത് സംഘടയ്ക്കുവേണ്ടി നിങ്ങളിതുചെയ്യുന്നുവെന്നും ചോദിച്ചു. ഈ സേവനത്തെക്കുറിച്ച് വാര്‍ത്ത എഴുതുമെന്നും പറഞ്ഞു. വാര്‍ത്ത എന്നു കേട്ടതും അദ്ദേഹം പെട്ടെന്ന് തിരിഞ്ഞ്, ആര്‍ക്കോ കുടിവെള്ളം കൊടുക്കുന്ന തിരക്കിലേക്കുപോയി, വെള്ളം വാങ്ങിയ ആളിന്റെ പേരോ മതമോ ജാതിയോ ചോദിക്കുന്നതായി കണ്ടില്ല, കേട്ടില്ല.

ഞാനും തിരക്കില്‍പെട്ടു. ഉദ്യോഗസ്ഥരോട് എത്ര ജഡങ്ങള്‍ കിട്ടി, എത്രപേര്‍ അപകടത്തില്‍ പെട്ടു തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ച് എന്റെ ഓഫീസിലേക്ക് റിപ്പോര്‍ട്ടു ചെയ്തു. സമയം അര്‍ധരാത്രി, അപ്പോഴും ജഡങ്ങള്‍ പുറത്തെടുത്തുകൊണ്ടിരുന്നു. പെട്ടെന്ന് മുമ്പു കണ്ട അതേയാള്‍ വന്ന് ഒരു പോളിത്തീന്‍ കവര്‍ എനിക്ക് നേരേ നീട്ടി. ''ഇതിലെന്താണ്,'' ഞാന്‍ ചോദിച്ചു. '' ഒന്നുമില്ല, നാലു റൊട്ടിയും കറിയും,'' മറുപടി. ''താങ്കള്‍ ഉച്ചമുതല്‍ റിപ്പോര്‍ട്ടിങ് തിരക്കിലല്ലേ, വിശപ്പുകാണും.'' സത്യത്തില്‍ നല്ല വിശപ്പായിരുന്നു. പക്ഷേ, പേരും സംഘടനയും പറയാതെ കഴിക്കില്ലെന്ന് ഞാന്‍ ശഠിച്ചു. പേരോ പ്രവര്‍ത്തനമോ ഒന്നും പ്രസിദ്ധീകരിക്കില്ലെന്ന ഉറപ്പുതന്നാല്‍ പറയാമെന്നായി. ഞാന്‍ സമ്മതിച്ചു. ഞങ്ങള്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തകരാണെന്നും അപകടത്തില്‍ പെട്ടവര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ഭക്ഷണവും വെള്ളവുമെത്തിക്കുന്ന പ്രവര്‍ത്തനം നടത്തുകയാണെന്നും അറിയിച്ചു. 

എന്നിലെ മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു, നിനക്ക് ഇത് നല്ലൊരു റിപ്പോര്‍ട്ടാക്കാം. ഞാന്‍ പലവട്ടം പേരു ചോദിച്ചു. ഞാന്‍ കൊടുത്ത വാക്ക് അദ്ദേഹം ഓര്‍മിപ്പിച്ചു. അന്നു മുഴുവന്‍ അവിടെ പാകം ചെയ്യാനും കറിയ്ക്കൊരുക്കാനും നിന്ന സ്ത്രീകളെക്കുറിച്ച് ചോദിച്ചു. അവര്‍ ഞങ്ങളുടെ വീട്ടുകാരൊക്കെയാണെന്ന് പറഞ്ഞു. ജഡങ്ങള്‍ പുതപ്പിക്കാന്‍ വെള്ളവസ്ത്രമെവിടുന്നെന്ന് ചോദിച്ചു, തുണിക്കട നടത്തുന്ന സ്വയംസേവകന്‍ സൗജന്യമായിത്തന്നുവെന്നറിയിച്ചു. അതുപോലെ ആട്ടയും പച്ചക്കറികളും എല്ലാം...

ആര്‍എസ്എസ് ഹിന്ദുക്കള്‍ക്കു വേണ്ടിയുള്ളതല്ലേ പിന്നെന്തിനാണ് മറ്റുള്ളവര്‍ക്കു വേണ്ടി ഇങ്ങനെ... എന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു,'' സഹോദരാ, ഞങ്ങള്‍ അപകടത്തില്‍ പരിക്കേറ്റവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഞങ്ങള്‍ സഹായം നല്‍കുന്നു. അവരുടെ പേരുപോലും ചോദിക്കുന്നില്ല. ആവശ്യക്കാര്‍ക്ക് സഹായം നല്‍കാനാണ് ഞങ്ങളുടെ സംഘടന പഠിപ്പിച്ചിട്ടുള്ളത്, അവരുടെ ജാതിയും മതവും ചോദിക്കാനല്ല. 

നിങ്ങള്‍ ജഡങ്ങള്‍ വെള്ളത്തുണികൊണ്ട് മൂടുന്നുമുണ്ടല്ലോ എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, അതെ, ഞങ്ങള്‍ വെള്ളത്തുണികൊണ്ട് മൂടുന്നു, അത്രമാത്രം, അവരുടെ ജാതിയും മതവും പേരുമൊന്നും അന്വേഷിക്കാറില്ല, അതിന്റെ ആവശ്യവുമില്ല... ഇതുപറഞ്ഞ്, ആ രക്ഷകന്‍ നടന്നകന്നു, പേരോ മറ്റു വ്യക്തിവിവരങ്ങളോ പറയാതെ. ഞാനവിടെ 36 മണിക്കൂര്‍ ഉണ്ടായിരുന്നു. അവര്‍ പരിക്കേറ്റവര്‍ക്കും സഹായികള്‍ക്കും ബന്ധുക്കള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെല്ലാം സഹായങ്ങള്‍ ചെയ്ത് അവിടവിടെ ഉണ്ടായിരുന്നു. പിന്നീട് ഞാന്‍ എല്ലാ പത്രങ്ങളും അരിച്ചുപെറുക്കി, നിസ്വാര്‍ഥ സേവകന്മാരായ ആരുടെയെങ്കിലും പേരോ മറ്റു വിവരങ്ങളോ ഏതിലെങ്കിലും വന്നിട്ടുണ്ടോ എന്ന്. ഇല്ല എവിടെയും കണ്ടില്ല.''

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.