നിയമങ്ങളെ അട്ടിമറിച്ച് സര്‍ക്കാര്‍; പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് തോട്ടങ്ങളെ ഒഴിവാക്കി

Thursday 21 June 2018 2:51 pm IST
പരിസ്ഥിതി ലോല സംരക്ഷണ നിയമം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കം. തോട്ടം മേഖലയെ പരിസ്ഥിതി ലോല സംരക്ഷണ നിയമ പരിധിയില്‍ നിന്നും ഒഴിവാക്കി നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവന നടത്തി. തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.

തിരുവനന്തപുരം: പരിസ്ഥിതി ലോല സംരക്ഷണ നിയമം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കം. തോട്ടം മേഖലയെ പരിസ്ഥിതി ലോല സംരക്ഷണ നിയമ പരിധിയില്‍ നിന്നും ഒഴിവാക്കി നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവന നടത്തി. തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.

വെസ്റ്റിംഗ് ആന്‍ഡ് മാനേജ്മെന്റ് ഓഫ് എക്കോളജിക്കലി ഫ്രെജൈല്‍ ലാന്റ് ആക്റ്റിന്റെ പരിധിയില്‍ നിന്നും തോട്ടങ്ങളെ ഒഴിവാക്കിയതായാണ് പ്രഖ്യാപിച്ചത്. പ്രവര്‍ത്തനരഹിതമായി കിടക്കുന്ന തോട്ടങ്ങള്‍ നവീകരിക്കാന്‍ സഹകരണ സംഘങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും അനുവാദം നല്‍കാന്‍ നിയമ നിര്‍മാണം നടത്തുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

രണ്ടായിരത്തിലാണ് പരിസ്ഥിതി പ്രാധാന്യമുള്ള വനഭൂമി സ്വകാര്യ വ്യക്തികളില്‍ നിന്നും ഏറ്റെടുക്കാന്‍ ഇഎഫ്എല്‍ നിയമം കൊണ്ടുവന്നത്. വനത്തിന്റെ സ്വഭാവമുള്ളതും കൃഷിയില്ലാത്ത തോട്ടങ്ങളും ഇഎഫ്എല്‍ നിയമം വന്നതോടെ വനഭൂമിയായി പരിഗണിക്കപ്പെട്ടു.

ഏലം, കാപ്പി, കശുമാവ് തുടങ്ങിയ നാണ്യവിള കൃഷിയുള്ള പ്രദേശങ്ങളെ നേരത്തെ തന്നെ ഇഎഫ്എല്‍ നിയമത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. അത് നിലനില്‍ക്കെയാണ് തോട്ടങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കുന്നത്. വനത്തോട് ചേര്‍ന്ന് നില്‍ക്കുന്നതും കാട് പിടിച്ചു കിടക്കുന്നതുമായ തോട്ടങ്ങള്‍ കൂടി പ്രസ്താവന പ്രകാരം ഇഎഫ്എല്‍ പരിധിയില്‍ നിന്നും ഒഴിവാക്കപ്പെടും.

വന്‍ തോട്ടം ഉടമകള്‍ വ്യാജ രേഖ ഉണ്ടാക്കി സര്‍ക്കാര്‍ ഭൂമി കയ്യേറിയ നിരവധി കേസുകളെയും പ്രഖ്യാപനം ബാധിച്ചേക്കും. സര്‍ക്കാര്‍ തീരുമാനം നിലവിലെ വന നിയമങ്ങള്‍ അട്ടിമറിക്കപ്പെടാനും വന്‍തോതില്‍ മരം മുറിക്കും വന നശീകരണത്തിനും വഴി വക്കുമെന്നും ആശങ്ക ഉയരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.