തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന് സാഗര്‍ റാണിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം പിടിച്ചെടുത്തു. തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 6,000 കിലോഗ്രാം മല്‍സ്യത്തില്‍ ഫോര്‍മാലിന്‍ മാരകമായ അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയത്.
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ പേപ്പര്‍ സ്ട്രിപ്പ് ഉയോഗിച്ചാണ് പ്രാഥമിക പരിശോധന നടത്തിയത്. തുടര്‍ന്ന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ ലാബില്‍ നടത്തിയ വിശദമായ പരിശോധനയില്‍ ഒരു കിലോ മത്സ്യത്തില്‍ 63 മില്ലിഗ്രാം ഫോര്‍മാലിന്‍ കണ്ടെത്തി. പാലക്കാട് വാളയാറില്‍ നിന്നും പിടിച്ചെടുത്ത 6,000 കിലോഗ്രാം മത്സ്യം ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ തിരിച്ചയച്ചു. കൂടുതല്‍ പരിശോധനയ്ക്ക് ശേഷം ഇവര്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമ പ്രകാരമുള്ള നടപടി സ്വീകരിക്കും.
എന്താണ് ഫോര്‍മാലിന്‍
ഫോര്‍മിക് ആസിഡ് ഉപയോഗിച്ച് പ്രത്യേകം തയ്യാറാക്കുന്ന രാസവസ്തുവാണ് ഫോര്‍മാലിന്‍. മനുഷ്യ ശരീരം കേടുകൂടാതെ സൂക്ഷിക്കാനായാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. വിവിധ ശരീര ഭാഗങ്ങള്‍ പത്തോളജി പരിശോധനയ്ക്കായി അയയ്ക്കുന്നത് 10 ശതമാനം വീര്യമുള്ള ഫോര്‍മാലിന്‍ ലായനിയിലാണ്.
ഇത്ര അളവാണെങ്കില്‍ പോലും ഇത് കുറേക്കാലം കേടുകൂടാകാതെയിരിക്കും. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുവാന്‍ വേണ്ടിയുള്ള മൃതദേഹം സൂക്ഷിക്കുന്നത് ഫോര്‍മാലിന്‍ ലായനിയിലാണ്. ഈ ലായനിയില്‍ ആറുമാസത്തില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കേടുകൂടാകാതെ സൂക്ഷിക്കാന്‍ കഴിയും. മൃതദേഹം എംബാം ചെയ്യാനായി ഉപയോഗിക്കുന്നതും ഫോര്‍മാലിനാണ്.
കഴിക്കുന്ന മീനിനൊപ്പം ഫോര്‍മാലിന്‍ കൂടി ശരീരത്തിനുള്ളിലെത്തിയാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. കെ. ശശികല പറഞ്ഞു. ഫോര്‍മാലിന്‍ കഴിക്കാന്‍ പാടില്ല. അത് ചെറിയ അളവിലാണെങ്കില്‍ കൂടി ശരീരത്തിനുള്ളിലെത്തിയാല്‍ വിഷമായി പ്രവര്‍ത്തിക്കും . തുടര്‍ച്ചയായി ഇത്തരത്തില്‍ ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യങ്ങള്‍ ഉള്ളില്‍ ചെന്നാല്‍ പലതരം അവയവങ്ങളേയും ബാധിക്കുമെന്നും ക്യാന്‍സര്‍ പോലെയുള്ള മാരകമായ അസുഖങ്ങള്‍ ഉണ്ടാക്കുമെന്നും ഡോ. കെ. ശശികല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: