പഴയങ്ങാടി ജ്വല്ലറി കവര്‍ച്ച: പോലീസ് അന്വേഷണം വ്യാപിപ്പിക്കും

Thursday 21 June 2018 9:29 pm IST

 

പഴങ്ങാടി: പഴയങ്ങാടിയിലെ ജ്വല്ലറി കവര്‍ച്ച അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഈ മേഖലയില്‍ നേരത്തെ നടന്ന കവര്‍ച്ചാ കേസുകളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തും. പഴയങ്ങാടി അല്‍ഫാത്തിബി ജ്വല്ലറിയില്‍ കവര്‍ച്ച നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും മോഷ്ടാക്കളെക്കുറിച്ച് കാര്യമായ തുമ്പൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. വെള്ളിയാഴ്ച ഉച്ചസമയത്ത് ജീവനക്കാര്‍ കടയടച്ച് പ്രാര്‍ത്ഥനക്ക് പോയ സമയത്തായിരുന്നു ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്. ഇത്തരത്തില്‍ ഈ മേഖലയില്‍ ഏഴോളം കവര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും ഇതിലെ പ്രതികളെയൊന്നും കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷണം നടത്തുന്നത്. പഴയങ്ങാടി സ്വദേശികളടങ്ങുന്ന സംഘമാണ് അല്‍ഫാത്തിബി ജ്വല്ലറിയില്‍ പട്ടാപ്പകല്‍ കോടികള്‍ വിലവരുന്ന സ്വര്‍ണ്ണം കവര്‍ന്നതെന്ന സംശയത്തില്‍ തന്നെയാണ് അന്വേഷണ സംഘം. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ചുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിടുകയും പ്രതികള്‍ സഞ്ചരിച്ചതായി സംശയിക്കുന്ന കറുത്ത സ്‌കൂട്ടറിനായി വ്യാപക അന്വേഷണം നടത്തുകയും ചെയ്‌തെങ്കിലും കാര്യമായ തുമ്പൊന്നും പോലീസിന് ലഭിച്ചിരുന്നില്ല. വളരെ വിദഗ്ധമായ രീതിയില്‍ മോഷണം നടത്തിയതിനാല്‍ മുമ്പും ഈ സംഘം സമാന രീതിയില്‍ കവര്‍ച്ച നടത്തിയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ നടന്ന മോഷണങ്ങളാണ് അന്വേഷണ സംഘം പഠിച്ചുവരുന്നത്. 2014ല്‍ സി.എച്ച്.ഹമീദിന്റെ വീട് കുത്തിത്തുറന്ന് നൂറ് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നിരുന്നു. മാസങ്ങള്‍ കഴിയുന്നതിന് മുമ്പ് ഇതിന് സമീപത്തെ കുന്നുമ്മല്‍ വീട്ടില്‍ ഗഫൂറിന്റെ വീട് കുത്തിത്തുറന്ന് 150 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും മുക്കാല്‍ ലക്ഷം രൂപയം കവര്‍ന്നിരുന്നു. അതേ വര്‍ഷം തന്നെ മൊട്ടമ്പ്രം ജിന്ന് റോഡിലെ അബ്ദുള്ളയുടെ വീട് കുത്തിത്തുറന്ന് 75 പവന്‍ സ്വര്‍ണ്ണവും ലാപ് ടോപ്പുകളും കവര്‍ന്നിരുന്നു. എന്നാല്‍ ഈ കേസുകളിലൊന്നും പ്രതികളെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. 2017ല്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും അന്വേഷണം പ്രതികളിലേക്ക് എത്തിയിട്ടില്ല. 2017ല്‍ പഴയങ്ങാടി പ്രതിഭ ടാക്കീസിന് സമീപത്തെ വിമുക്ത ഭടന്റെ വീട് കുത്തിത്തുറന്ന് പതിനഞ്ച് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നിരുന്നു. ഇതിന് ശേഷം പഴയങ്ങാടി റെയില്‍വേ സ്റ്റേഷന് സമീപത്തെ വ്യവസായിയുടെ വീട്ടില്‍ മകളുടെ കല്ല്യാണ ദിവസം 35 പവനും അതിയടത്തെ അധ്യാപക ദമ്പതികളുടെ വീട്ടില്‍നിന്നും 35പവനും നാല്‍പതിനായിരം രൂപയും വെങ്ങര മുച്ചിലോട്ട്ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പി.വി.രാജീവന്റെ വീട്ടില്‍ നിന്നും അഞ്ച് പവനും കവര്‍ച്ച നടത്തിയിരുന്നു. പഴയങ്ങാടി പോലീസ്റ്റേഷന് വിളിപ്പാടകലെ നിന്നും ചെറുതും വലുതുമായ കവര്‍ച്ചകളിലൂടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ച്ച നടത്തിയ പ്രതികളെ പിടികൂടാന്‍ കഴിയാത്തത് പോലീസിന് തന്നെ അപമാനമായി മാറിയിട്ടുണ്ട്. ഇതിന്റെ അടസ്ഥാനത്തില്‍ ഉന്നത പോലീസ് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം ഈ മേഖലയില്‍ പെട്ടെന്ന് സാമ്പത്തികമായി മുന്നേറിയ വ്യക്തികളെക്കുറിച്ച് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചിലരെ ചോദ്യം ചെയ്‌തെങ്കിലും കാര്യമായ തുമ്പൊന്നും ലഭിച്ചിട്ടില്ല. ചിലര്‍ പോലീസ് നിരീക്ഷണത്തിലാണ്. പഴയങ്ങാടി മേഖലയില്‍ തുടര്‍ച്ചയായി ഇത്തരം മോഷണങ്ങള്‍ നടക്കുന്നത് വ്യാപാരികളെയും നാട്ടുകാരെയും ആശങ്കയിലാക്കിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.