യോഗ ആര്‍ഷ ഭാരതത്തിന്റെ അമൂല്യ സംഭാവന : പി.കെ.കൃഷ്ണദാസ്

Thursday 21 June 2018 9:31 pm IST

 

കണ്ണൂര്‍: യോഗ ആര്‍ഷ ഭാരതത്തിന്റെ അമൂല്യ സംഭാവനയണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. കണ്ണൂര്‍ എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ ബിജെപി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന അന്താരാഷ്ട്ര യോഗാ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗയുടെ മഹത്വത്തെ ലോകത്തെ മാനവസമൂഹം ഒന്നാകെ അംഗീകരിച്ചു കഴിഞ്ഞു. യോഗ കേവലം വ്യായാമ മുറയല്ല. അതിന്റേതായ പ്രത്യേകതയുണ്ട്. മനുഷ്യന്റെ ഏറ്റവും വലിയ ധനം ആരോഗ്യമാണ്.ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം പരമ പ്രധാനമാണ്. ശാരീരിക മാനസിക ആരോഗ്യത്തിന് യോഗ ഏറെ പ്രയോജനകരമാണ്. മനസ്സ് ദുര്‍ബലമായാല്‍ ശരീരം ദുര്‍ബലമാവും. ആരോഗ്യ പൂര്‍ണ്ണമല്ലെങ്കില്‍ ജീവിതത്തിന്റെ താളംതെറ്റും. പുതിയ കാലഘട്ടത്തില്‍ ജോലിയിലെയും ജീവിതത്തിലേയും സമ്മര്‍ദ്ദങ്ങള്‍ കാരണം വ്യക്തികള്‍ ഏറെ മാനസിക സംഘര്‍ഷം അനുഭവിക്കുകയാണ്. അതിനാല്‍ യോഗ ജീവിതചര്യയാക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 മനുഷ്യ മനസ്സുകളില്‍ മാലിന്യമുളളതാണ് ലോകത്തിലെ എല്ലാ അശാന്തിക്കും കാരണം. നിര്‍മ്മലമായ മനസ്സിനുടമകളായാല്‍ ആസുരികതയും അക്രമവും വിദ്വേഷവും സമൂഹത്തില്‍ നിന്നും അപ്രത്യക്ഷമാവും. ഇതിന് യോഗ ഏറെ പ്രയോജനപ്പെടും. ലോകത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും ഒന്നിപ്പിക്കാന്‍ സാധിക്കുമെന്ന ഗുണം യോഗയ്ക്കുണ്ട്. ഭാരതത്തിന്റെ തനിമയും സ്വത്വവും വീണ്ടെടുക്കാനുളള ശ്രമം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള ഭാരത സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമാണ് യോഗയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര അംഗീകാരം. ഇത് ആഹ്ലാദം പകരുന്നതും ഓരോ ഭാരതീയനും അഭിമാനിക്കാവുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍, സെല്‍ കോഡിനേറ്റര്‍ കെ.രഞ്ചിത്ത്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ട്രഷറര്‍ എ.ഒ.രാമചന്ദ്രന്‍, ഡോ.വി.വി.ചന്ദ്രന്‍, യോഗാചാര്യന്‍ ആര്‍.കെ.പ്രേംദാസ് എന്നിവര്‍ പങ്കെടുത്തു. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്ത യോഗ പ്രദര്‍ശനവും നടന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.