സുരക്ഷാ ഭിത്തി: തലശ്ശേരി കടപ്പുറത്ത് ഭിന്നത രൂക്ഷം

Thursday 21 June 2018 9:32 pm IST

 

തലശ്ശേരി: കടല്‍ക്ഷോഭത്തില്‍ തകരുന്ന തീരപ്രദേശത്തെ സംരക്ഷിക്കാന്‍ കരിങ്കല്ലുകള്‍ പാകി സുരക്ഷാ ഭിത്തി കെട്ടുന്നത് സംബഡിച്ച് തലശ്ശേരി മത്സ്യമാര്‍ക്കറ്റ് പരിസരത്ത് നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ സംഘര്‍ഷത്തിലേക്ക് വഴിമാറുന്നതായി സൂചനകള്‍. നിലവില്‍ മുപ്പത് മീറ്ററോളം കരിങ്കല്ലുകള്‍ പാകി ഉറപ്പിച്ചു കഴിഞ്ഞു. പിന്നിട് ജനറല്‍ ആശുപത്രി ഭാഗത്തേക്ക് കല്ലിടല്‍ പ്രവൃത്തി തുടരുന്നതിനിടയിലാണ് പ്രശ്‌നങ്ങള്‍ തലപൊക്കിയത്. 

വള്ളവും വലയും മറ്റ് ഉപകരണങ്ങളും കയറ്റിയിടുന്ന ഇവിടെ ഭിത്തികെട്ടാന്‍ വിടില്ലെന്ന ഒരു വിഭാഗം മത്സ്യതൊഴിലാളികളുടെ നിലപാട് കാരണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിര്‍മ്മാണ പ്രവൃത്തികള്‍ മുടങ്ങിക്കിടപ്പാണ്. തര്‍ക്കം തീര്‍ത്ത് പ്രവൃത്തി പുനരാരംഭിക്കാന്‍ കഴിഞ്ഞ ദിവസം തലശ്ശേരി സബ്ബ് കലക്ടര്‍ വിളിച്ചുകൂട്ടിയ യോഗത്തിലും തീരുമാനമായില്ല. ജിവന്‍ നഷ്ടപ്പെടുത്തേണ്ടി വന്നാലും തീരത്ത് ഭിത്തി കെട്ടാന്‍ വിടില്ലെന്നായിരുന്നു ഒരു വിഭാഗം മത്സ്യ-കല്ലുമ്മക്കായ തൊഴിലാളികളുടെ മുന്നറിയിപ്പ്. കടല്‍ഭിത്തിയല്ല, പുലിമുട്ടാണ് വേണ്ടതെന്നും നിലവിലുള്ള സൗകര്യം നഷ്ടപ്പെടുത്തിയുള്ള ഒരു ഒത്തുതീര്‍പ്പിനും വഴങ്ങില്ലെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്. 

തടസ്സപ്പെട്ട നിര്‍മ്മാണ പ്രവൃത്തികള്‍ തുടര്‍ന്ന് നടത്താനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ സബ്ബ് കലക്ടര്‍ എസ്.ചന്ദ്രശേഖര്‍, ഇറിഗേഷന്‍ വകുപ്പ് എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ സി.കെ.സുലോചന എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും കടപ്പുറത്തെത്തിയിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തി സബ്ബ് കലക്ടര്‍ തിരിച്ചു പോയതില്‍ പിന്നീട് സ്ഥലത്തുണ്ടായ ഉദ്യോഗസ്ഥരുമായി മത്സ്യതൊഴിലാളികള്‍ തര്‍ക്കിച്ചു. ഒരു നിലയ്ക്കും ഭിത്തി കെട്ടാന്‍ വിടില്ലെന്നായിരുന്നു ഭീഷണി രൂപത്തിലുള്ള മുന്നറിയിപ്പ്. എന്നാല്‍ ആവര്‍ത്തിക്കപ്പെടുന്ന കടലേറ്റം തടയാന്‍ തീരത്ത് സുരക്ഷാ മതില്‍ കെട്ടുമെന്ന് തലശ്ശേരി സബ്ബ് കലക്ടര്‍ എസ്.ചന്ദ്രശേഖര്‍ പിന്നീട് ചേമ്പറില്‍ കാണാനെത്തിയ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു. സര്‍ക്കാര്‍ ആശുപത്രിയുടെ സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി അടിയന്തിര പ്രാധാന്യത്തോടെ ആശുപത്രി ഭാഗത്ത് സംരക്ഷണ മതില്‍ കെട്ടും. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് സബ്ബ് കലക്ടര്‍ വ്യക്തമാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.