ഇന്ത്യ നയിച്ചു; യോഗയില്‍ ലോകം ഒന്നായി

Friday 22 June 2018 1:14 am IST

ന്യൂദല്‍ഹി: വിശ്വഗുരുവായി ലോകത്തെ യോഗയില്‍ നയിച്ച് ഇന്ത്യ. സനാതന സംസ്‌കൃതിയുടെ സന്ദേശവുമായി ലോകം യോഗയില്‍ ഒന്നായി. ഡെറാഡൂണ്‍ (ഉത്തരാഖണ്ഡ്) മുതല്‍ ഡബ്ലിന്‍ (അയര്‍ലന്‍ഡ്) വരെയും ജക്കാര്‍ത്ത (ഇന്തോനേഷ്യ) മുതല്‍ ജോഹന്നസ്ബര്‍ഗ് (ദക്ഷിണ ആഫ്രിക്ക) വരെയും ഷാങ്ഹായ് (ചൈന) മുതല്‍ ചിക്കാഗോ (അമേരിക്ക) വരെയും ലോകം യോഗയില്‍ മുഴുകി. കരയിലും കടലിലും വായുവിലും പര്‍വതമേഖലകളിലും മന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ സര്‍വ ധര്‍മ സമഭാവനയോടെ യോഗാസനങ്ങള്‍ നടന്നു.

നാലാമത് അന്താരാഷ്ട്ര യോഗാദിനാചരണത്തിന് ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കി. അന്‍പതിനായിരത്തോളം പേര്‍ക്കൊപ്പം പ്രധാനമന്ത്രി യോഗാസനം, പ്രാണായാമം, ധ്യാനം എന്നിവ അനുഷ്ഠിച്ചു. ലോകത്തിലെ ഏറ്റവും വലിയ യുദ്ധഭൂമിയായ സിയാച്ചിനില്‍ കരസേനാംഗങ്ങളും ഏറ്റവും പഴക്കമേറിയ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിരാടില്‍ നാവിക സേനാംഗങ്ങളും യോഗ അവതരിപ്പിച്ചു. വ്യോമസേനാംഗങ്ങള്‍ വായുവില്‍ നടത്തിയ വായുപദ്മാസന്‍, വായുനമസ്‌കാര്‍ എന്നിവ ശ്രദ്ധയാകര്‍ഷിച്ചു. 

രാജസ്ഥാനിലെ കോട്ടയില്‍ യോഗാ ഗുരു ബാബാ രാംദേവിന്റെ നേതൃത്വത്തില്‍ രണ്ട് ലക്ഷത്തിലേറെ പേര്‍ പങ്കെടുത്ത യോഗാ പ്രദര്‍ശനം ലോക റെക്കോഡ് സ്ഥാപിച്ചു. ഏറ്റവുമധികം പേര്‍ ഒരു സ്ഥലത്ത് ഒരു സമയത്ത് യോഗ പ്രദര്‍ശിപ്പിച്ചതിനാണ് റെക്കോഡ്. മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയും പരിപാടിയില്‍ സംബന്ധിച്ചു. കഴിഞ്ഞ വര്‍ഷം 55,000 പേര്‍ പങ്കെടുത്തതായിരുന്നു ഇതുവരെയുള്ള റെക്കോഡ്. ഗള്‍ഫ് രാജ്യങ്ങളിലും യോഗാദിനാചരണം നടന്നു.

വിദേശ സന്ദര്‍ശനത്തിലുള്ള രാഷ്ട്രപതി രാംനാഥ് കോവിന്ദ് സൗത്ത് അമേരിക്കയിലെ സുരിനെയിമിലെ പരിപാടിയില്‍ മുഖ്യാതിഥിയായി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മുംബൈയിലും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ലക്‌നൗവിലും പങ്കെടുത്തു. മത, പ്രാദേശിക അതിരുകള്‍ക്കപ്പുറത്തേക്ക് യോഗ പ്രചരിച്ചതായി ചൂണ്ടിക്കാട്ടിയ രാജ്‌നാഥ് സിങ്, മോദിയുടെ സാംസ്‌കാരിക നയതന്ത്രത്തിന്റെ ഉദാഹരണമാണിതെന്നും വ്യക്തമാക്കി. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, സുരേഷ് പ്രഭു, ഉമാഭാരതി, രവിശങ്കര്‍ പ്രസാദ്, വിവിധ മുഖ്യമന്ത്രിമാര്‍, സിനിമാ-കായിക താരങ്ങള്‍ തുടങ്ങിയവരും യോഗാദിനാചരണത്തില്‍ പങ്കാളികളായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.