കോസ്റ്റ കുരുക്കഴിച്ചു; ചെമ്പട കടന്നുകൂടി

Thursday 21 June 2018 10:30 pm IST

മോസ്‌ക്കോ: ഡീഗോ കോസ്റ്റയുടെ ഗോളില്‍ ഇറാന്റെ ശക്തമായ പ്രതിരോധം തകര്‍ത്ത് സ്‌പെയിന്‍ കഷ്ടിച്ച്  വിജയത്തിലേക്ക് നടന്നുകയറി. ലോകകപ്പ്   ഗ്രൂപ്പ് ബി മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെമ്പടകള്‍ ഏഷന്‍ ശക്തികളായ ഇറാനെ തോല്‍പ്പിച്ചത്.

ഈ വിജയത്തോടെ നാലു പോയിന്റുമായി സ്‌പെയിന്‍ നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്തി. ഗ്രൂപ്പ് ബി യില്‍ അവര്‍ പോര്‍ച്ചുഗലിനൊപ്പം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. തിങ്കളാഴ്ച അവസാന മത്സരത്തില്‍ മൊറോക്കോക്കെതിരെ സമനില നേടിയാലും സ്‌പെയിന്‍ പ്രീ - ക്വാര്‍ട്ടറില്‍ കടക്കും. 

ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗലിനെതിരെ തകര്‍ത്തുകളിച്ച സ്‌പെയിനെ ഇറാന്‍ ശരിക്കും പൂട്ടി. ഗോള്‍ മുഖത്തിനും ചുറ്റും പ്രതിരോധവലകെട്ടി ഇറാന്‍ സ്പാനിഷ് താരങ്ങളെ പൂട്ടിയിട്ടു. മുന്‍ നിരക്കാരും മധ്യനിരക്കാരുമൊക്കെ പിന്നോട്ടിറങ്ങിവന്ന് പ്രതിരോധവലയുടെ കണ്ണികളായി. ഈ വലമുറിച്ച് ഗോള്‍ നേടാന്‍ സ്പാനിഷ് പട നന്നേ ക്ലേശിച്ചു. എന്നാല്‍  54-ാം മിനിറ്റില്‍  ഇറാന്റെ പ്രതിരോധം തകര്‍ത്ത് ഡീഗോ കോസ്റ്റ ഗോള്‍ നേടി. 

തുടക്കത്തില്‍  സ്പാനീഷ് ടീമിന്  നല്ലൊരു നീക്കം നടത്താന്‍ 25-ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. പക്ഷെ ഈ നീക്കം ഫലം കണ്ടില്ല.  ഡേവിഡ് സില്‍വയുടെ ഫ്രീകിക്ക് ഇറാന്‍ ഗോളി അലീറെസ കൈപ്പിടിയിലൊതുക്കി.

അഞ്ചു മിനിറ്റുകള്‍ക്ക് ശേഷം സില്‍വയക്ക് മറ്റൊരു  അവസരം കൂടി ലഭിച്ചു. അതും പാഴായി. സില്‍വയുടെ ഷോട്ട് നേരിയ വ്യത്യാസത്തിന് ബാറിന് മുകളിലൂടെ പറന്നുപോയി. 

രണ്ടാം പകുതിയില്‍ രണ്ട് തവണ ഇറാന്റെ പ്രതിരോധം തകര്‍ന്നു. പക്ഷെ അത് മുതലാക്കാന്‍ സ്്‌പെയിനിന്റെ ജെറാര്‍ഡ് പൈക്കിനും സെര്‍ജിയോ ബസ്‌ക്വറ്റ്‌സിനും കഴിഞ്ഞില്ല. ഗോള്‍ മുഖത്തിനടുത്തുനിന്നുള്ള ഇവരുടെ ഷോട്ടുകള്‍ ഇറാന്‍ ഗോളി രക്ഷപ്പെടുത്തി.

54-ാം മിനിറ്റിലാണ് സ്‌പെയിനിന്റെ ഗോള്‍ പിറന്നത്. ഇനിയേസ്റ്റ നല്‍കിയ പാസാണ് ഗോളിന് വഴിയൊരുക്കിയത്.കോസ്റ്റ് പന്ത് പിടിച്ചു. ഇറാന്‍ താരം പന്ത് തട്ടിയകറ്റാന്‍ ശ്രമിച്ചു. പക്ഷെ പന്ത് കോസ്റ്റയുടെ കാലില്‍ തട്ടി വലയില്‍ കയറി.

ലോകകപ്പില്‍ ഇതുവരെ സ്‌പെയിനെതിരെ ഇറാന് ജയിക്കാനായില്ല. ഇവര്‍ തമ്മില്‍ ഏഴ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇതില്‍ ആറെണ്ണത്തിലും ഇറാന്‍ തോറ്റു. ഒരെണ്ണം സമനിലയായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.