വ്യാപാരയുദ്ധം മുറുകുന്നു; ഓഹരി വിപണി സമ്മര്‍ദ്ദത്തില്‍

Friday 22 June 2018 10:16 am IST

വാഷിംഗ്ടണ്‍: അമേരിക്കയ്‌ക്കെതിരെ വ്യാപാരയുദ്ധം ശക്തമാക്കി ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍. സ്റ്റീല്‍, അലൂമിനിയം ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കാനുള്ള അമേരിക്കയുടെ നീക്കത്തെ യൂറോപ്യന്‍ യൂണിയനും ചൈനയും ഇന്ത്യയും അടക്കമുള്ള രാജ്യങ്ങള്‍ ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന് ഇന്ത്യയും പ്രഖ്യാപിച്ചിരുന്നു. 

വെള്ളക്കടല, ബംഗാള്‍ കടല, ജീന്‍സ്, ഇരുമ്പ്, ഉരുക്ക് എന്നിവയുടെ ഇറക്കുമതി തീരുവയാണ് ഇന്ത്യ എഴുപത് ശതമാനമായി ഉയര്‍ത്തുക. വര്‍ദ്ധിപ്പിച്ച തീരുവ നിരക്ക് ഓഗസ്റ്റ് നാല് മുതല്‍ നിലവില്‍ വരും. തീരുവ കൂട്ടി ഇന്നലെ വിജ്ഞാപനം പുറപ്പെടുവിച്ചു. 30 ശതമാനം  നികുതിയുണ്ടായിരുന്ന ചിക്ക്പീസ്, ബംഗാള്‍ കടല തുടങ്ങിയവയുടെ നികുതി 70 ശതമാനമാക്കി. ബദാമിന്റെ തീരുവ നൂറില്‍ നിന്ന് 120 രൂപയാക്കി.

ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചില വസ്തുക്കള്‍ക്ക് പത്ത് ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തുമെന്നും അമേരിക്ക അറിയിച്ചിരുന്നു. തുടര്‍ന്ന്  അധിക തീരുവ ഈടാക്കുവാന്‍ അമേരിക്കയുടെ ഭാഗത്തു നിന്നുള്ള ഏതു നീക്കത്തെയും നേരിടാന്‍ തങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു എന്ന് ചൈനയുടെ ധനകാര്യമന്ത്രാലയ വക്താവ് അറിയിച്ചു. അന്താരാഷ്ട്രതലത്തിലുള്ള വ്യാപാരയുദ്ധം ശക്തമായതോടെ അന്താരാഷ്ട്ര കമ്പനികളുടെ വിശ്വാസ്യതയ്ക്ക് മങ്ങലേറ്റിട്ടുണ്ടെന്നും ആഗോള സാമ്പത്തിക വികസനത്തെ ഇത് കാര്യമായി ബാധിക്കുമെന്നുമാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍. 

വ്യാപാരയുദ്ധം വിപണിയെ സമ്മര്‍ദ്ദത്തിലാഴ്ത്തിയിട്ടുണ്ട്. ഓഹരി സൂചികകളില്‍ കാര്യമായ നേട്ടമില്ല. സെന്‍സെക്‌സ് 23 പോയന്റ് താഴ്ന്ന് 35,409ലും നിഫ്റ്റി 12 പോയന്റ് നഷ്ടത്തില്‍ 10,728ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 626 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 807 ഓഹരികള്‍ നഷ്ടത്തിലുമാണ്.

എംആന്റ്‌എം, എച്ച്‌സിഎല്‍ ടെക്, ഐഒസി, ഐടിസി, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ലുപിന്‍, ഡോ.റെഡ്ഡീസ് ലാബ്, റിലയന്‍സ്, ഹിന്‍ഡാല്‍കോ, സിപ്ല, സണ്‍ ഫാര്‍മ, എസ്ബിഐ, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.