പുള്ളിപ്പുലി ചത്ത സംഭവത്തില്‍ കെണി‌വച്ചവര്‍ക്കായി അന്വേഷണം

Friday 22 June 2018 10:32 am IST

രാജപുരം: പന്നിക്ക് വെച്ച കെണിയില്‍ പുള്ളിപ്പുലി കുടുങ്ങിയ സംഭവത്തില്‍ കെണിവെച്ചവര്‍ക്കായി വനം വകുപ്പ് അന്വേഷണം തുടങ്ങി. കെണിയില്‍ കുടുങ്ങിയ പുള്ളിപ്പുലി ചത്തതോടെയാണ് അന്വേഷണം തുടങ്ങിയത്. വംശനാശ ഭീഷണി നേരിടുന്ന ജീവിയെ വേട്ടയാടുന്നതിന് നിമയത്തില്‍ കടുത്ത നിയന്ത്രണങ്ങളാണുള്ളത്.

വന്യമൃഗസംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ഡ് ഒന്ന് പാര്‍ട്ട് ഒന്നില്‍പ്പെടുന്ന ജീവിയാണ് പുള്ളിപ്പുലി. മാലോം ഫോറസ്റ്റ് റേഞ്ചില്‍പ്പെട്ട പൂടംകല്ല് ബളാല്‍ റോഡില്‍ ഓണിയില്‍ മുണ്ടാത്ത് സുകുമാരന്റെ പറമ്പില്‍ വെച്ച കെണിയിലാണ് പുള്ളിപ്പുലി കുടുങ്ങിയത്. ഇന്നലെ രാവിലെയാണ് ഇത് ശ്രദ്ധയില്‍പെട്ടത്. സംഭവമറിഞ്ഞ്  വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കെണിയില്‍ കുടുങ്ങി പഞ്ചായത്ത് റോഡിലേക്ക് വീണ പുലി അവശനിലയിലായിരുന്നു.  

വയനാട്ടില്‍ നിന്നും മയക്കുവെടി വിദഗ്ധനും ഡോക്ടറും എത്തി പുലിയെ വൈകുന്നേരത്തോടെ മയക്കുവെടി വെച്ച്  വീഴ്ത്തി കൂട്ടിലാക്കുകയായിരുന്നു. അവശ നിലയിലായതു കാരണം പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പുലിയെ കാട്ടില്‍ വിടുമെന്നാണ് അധികൃതര്‍ അറിയിച്ചതെങ്കിങ്കിലും രാത്രിയോടെ പുലി ചത്തു. സംഘം മയക്കുവെടിവെച്ച ശേഷം വലയിലാക്കുന്നതുവരെ ജീവനുണ്ടായിരുന്ന പുലി കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് കൊണ്ടുപോകും വഴിയാവാം ചത്തതെന്നാണ് വനംവകുപ്പധികൃതരുടെ വിശദീകരണം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.