ശശികുമാര്‍ വധത്തില്‍ സക്കീര്‍ നായിക്കിനും പങ്ക്

Friday 22 June 2018 11:13 am IST

ന്യൂദല്‍ഹി: കോയമ്പത്തൂരില്‍ ഹിന്ദു മുന്നണി ജില്ലാ നേതാവ് ശശികുമാറിന്റെ വധത്തില്‍ വിവാദ ഇസ്ലാമിക പ്രാസംഗികന്‍ സക്കീര്‍ നായിക്കിന്റെ പേര് എന്‍‌ഐ‌എ കുറ്റപത്രത്തില്‍. സക്കിര്‍ നായിക്കിന് പുറമെ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. സക്കീര്‍ ഹുസൈന്‍ ശശികുമാറിന്റെ ഘാതകരെ സ്വാധീനിച്ചതായാണ് കണ്ടെത്തല്‍.

2016 സെപ്റ്റംബര്‍ 22നാണ് ശശികുമാറിനെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടി കൊലപ്പെടുത്തിയത്. തുടര്‍ന്ന് അന്വേഷണത്തില്‍ പുരോഗതിയില്ലത്തതിനാല്‍ കേസ് 2018 ജനുവരിയില്‍ എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് നാലു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ എന്‍ഐഎ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് അറസ്റ്റിലായവരുടെ വീടുകളില്‍ നടത്തിയ തെരച്ചിലില്‍ നിന്നാണ് സക്കീര്‍ നായിക്കിന്റെ പങ്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നത്. 

ഇതിന് പുറമെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ലഘു ലേഘകള്‍, മൊബൈല്‍ ഫോണുകള്‍, തുടങ്ങിയവയും പരിശോധനയില്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് സാക്കീര്‍ നായിക്കുമായും ഇസ്ലാമിക് ഫൗണ്ടേഷനുമായും അടുത്ത ബന്ധമുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കി. നേരത്തെ സക്കീറിനെയും സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച്‌ ഫൗണ്ടേഷനെയും നിയമവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ അഞ്ചുവര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. 

2016ല്‍ രാജ്യം വിട്ട സക്കീര്‍ മലേഷ്യയിലുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സിയ്ക്ക് ലഭിച്ച വിവരം. നിലവില്‍ ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകളിലും സക്കീര്‍ നായിക്ക് എന്‍ഐഎ അന്വേഷണം നേരിടുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.