മഴയ്ക്കൊപ്പം നിപയും: മാമ്പഴങ്ങള്‍ നശിക്കുന്നു

Friday 22 June 2018 1:04 pm IST

കട്ടപ്പന: തമിഴ്‌നാട്ടിലെ മാവ് കൃഷിയ്ക്ക് കനത്ത തിരിച്ചടിയായി  വേനല്‍ മഴയ്‌ക്കൊപ്പം നിപ വൈറസും. ഇത്തവണ മഴ താമസിച്ചെത്തിയതും കര്‍ഷകര്‍ക്ക് കനത്ത നഷ്ടമുണ്ടാക്കി. ഗൂഡല്ലൂര്‍, കമ്പം തുടങ്ങിയ പ്രദേശങ്ങള്‍ മാവ് കൃഷിയ്ക്ക് പ്രശസ്തമാണ്. ഇരുപതിലധികം വ്യത്യസ്ത ഇനങ്ങളായ മാവുകള്‍ കൃഷി ചെയ്യുന്നുണ്ടെങ്കിലും പ്രധാന ഇനങ്ങള്‍ സിന്ദൂരവും നീലവുമാണ്. 

ഏപ്രില്‍, മെയ് മാസങ്ങളിലാണ് വിളവെടുപ്പ് കാലം. മെയ് പകുതി ആകുന്നതോടെ വിളവെടുപ്പ് പൂര്‍ത്തിയാവും. എന്നാല്‍ രണ്ട് മാസത്തോളമായി അതിര്‍ത്തി ഗ്രാമങ്ങളിലെ  മഴകൃഷിയെ സാരമായി ബാധിച്ചു. മഴ ശക്തമായതോടെ മാങ്ങ പഴുക്കുന്നത് താമസിച്ചു.  നിലവില്‍ ജൂണ്‍ അവസാനിക്കാറായിട്ടും പ്രധാന ഇനങ്ങളുടെ വിളവെടുപ്പ് പോലും അവസാനിച്ചിട്ടില്ല. പല തോട്ടങ്ങളിലും മാങ്ങ വിളവെടുപ്പിന് പാകമായിട്ടില്ല. 

തമിഴ്‌നാട്ടില്‍ ഉത്പാദിപ്പിക്കുന്ന മാമ്പഴങ്ങളുടെ പ്രധാന വിപണി കേരളമാണ്. വേനല്‍ കാലത്താണ് കേരളത്തില്‍ കൂടുതലായി മാമ്പഴം വിറ്റഴിക്കപ്പെടുന്നത്. ഇത്തവണ ആവശ്യത്തിന് പഴം വിപണിയിലെത്തിക്കാന്‍ കര്‍ഷകര്‍ക്ക് സാധിച്ചില്ല. പ്രധാന വില്‍പ്പന കേന്ദ്രങ്ങളായ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിപ്പ വൈറസ് ഭീതിമൂലം ഉപഭോക്താക്കള്‍ മാമ്പഴം വാങ്ങാതെ വന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. വിപണനത്തിനെത്തിയ മാമ്പഴത്തിന് പോലും ആവശ്യക്കാരില്ലാത്ത അവസ്ഥയായിരുന്നു. 

കിലോഗ്രാമിന് 30 മുതല്‍ 40 രൂപ വരെ കര്‍ഷകര്‍ക്ക് ലഭിച്ചിരുന്ന പ്രധാന ഇനങ്ങള്‍ക്ക് പോലും ഇത്തവണ പത്ത് മുതല്‍ 15 രൂപവരെയേ ലഭിക്കുന്നുള്ളൂ. സേലം, കര്‍പ്പൂരം, മല്‍ഗോവ തുടങ്ങിയ വിവിധ ഇനങ്ങള്‍ക്കും കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിച്ചിട്ടില്ല. സിന്ദൂരം, നീലം തുടങ്ങിയ ഇനങ്ങള്‍ക്ക് പതിനഞ്ച് രൂപ മാത്രമാണ് വിപണി വില ലഭിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.