അടിയന്തരാവസ്ഥ: ചര്‍ച്ചയും സിനിമാപ്രദര്‍ശനവും ജൂണ്‍ 26 ന്

Friday 22 June 2018 1:52 pm IST

കോഴിക്കോട്: ജനാധിപത്യ അവകാശങ്ങളും മൗലിക സ്വാതന്ത്ര്യവും നിഷേധിച്ച ചരിത്രത്തിലെ കറുത്ത ദിനങ്ങളായ അടിയന്തരാവസ്ഥ നാളുകളില്‍ നടന്ന പ്രക്ഷോഭമാണ് ഭാരതത്തില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ ഇടയാക്കിയതെന്ന് സംവിധായകന്‍ അലി അക്ബര്‍ പറഞ്ഞു. വിശ്വസംവാദകേന്ദ്രവും എമര്‍ജന്‍സി വിക്ടിംസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ചര്‍ച്ചാസമ്മേളനവും സിനിമാ പ്രദര്‍ശനവും സംബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അടിയന്തരാവസ്ഥാ പ്രഖ്യാപന ദിനത്തിന്റെ 43-ാം വാര്‍ഷികത്തിന്റെ ഭാഗമായി ജൂണ്‍ 26 ന് 'അടിയന്തരാവസ്ഥ: ചരിത്രവും വര്‍ത്തമാനവും' എന്ന വിഷയത്തെക്കുറിച്ച് ചര്‍ച്ചയും പോരാട്ടത്തിന്റെ അനുസ്മരണവും അടിയന്തരാവസ്ഥയെ സംബന്ധിച്ച് കാര്‍ട്ടൂണുകളുടെ പ്രദര്‍ശനവും നടക്കും. '

'നരകയാതനയുടെ 21 മാസങ്ങള്‍' എന്ന സിനിമയുടെ കോഴിക്കോട്ടെ ആദ്യപ്രദര്‍ശനവും തുടര്‍ന്ന് നടക്കും. രാവിലെ 10 മണിക്ക് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍, അടിയന്തരാവസ്ഥക്കെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള ലോക സംഘര്‍ഷസമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയില്‍വാസമനുഷ്ഠിച്ചവര്‍, ഒളിവില്‍ പ്രവര്‍ത്തിച്ചവര്‍ എന്നിവര്‍ പങ്കെടുക്കും. 

ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാനും സംവിധായകനുമായ അലി അക്ബര്‍ അധ്യക്ഷനാകും. പ്രമുഖ പത്രപ്രവര്‍ത്തകനും അടിയന്തരാവസ്ഥാ വിരുദ്ധ പോരാളിയുമായ എം. രാജശേഖര പണിക്കര്‍, ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള എന്നിവര്‍ പങ്കെടുക്കും. 

സിനിമാ മാധ്യമ പ്രവര്‍ത്തകന്‍ ഹരീഷ് കടയപ്രത്ത് സംവിധായകന്‍ യദുകൃഷ്ണനെയും സിനിമയെയും പരിചയപ്പെടുത്തും. പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ ഉപഹാരം സമര്‍പ്പിക്കും. തുടര്‍ന്ന് സിനിമാ പ്രദര്‍ശനവും നടക്കും. 

സിനിമാ പ്രദര്‍ശനത്തിലും ചര്‍ച്ചയിലും പങ്കെടുക്കുന്നവര്‍ക്ക് പാസ് ലഭിക്കാന്‍ 9847262370, 8547181899 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ചേറ്റൂര്‍ മാധവന്‍, വി. അനില്‍കുമാര്‍, എം.എന്‍. സുന്ദര്‍രാജ് എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.