'അബ്രഹാമിന്റെ സന്തതികള്‍' മോശക്കാരല്ല

Friday 22 June 2018 7:35 pm IST
പോലീസ് വേഷങ്ങളിലും മറ്റു കഥാപാത്രങ്ങളിലും അവയെ കടന്ന് മമ്മൂട്ടി എന്ന നടന്‍ കൂടുതല്‍ സംസാരിക്കാറുണ്ട്. എന്നാല്‍ അബ്രഹാമിന്റെ സന്തതികളിലെ ഡെറിക് അബ്രഹാം എന്ന മമ്മൂട്ടിയുടെ പോലീസ് ഓഫീസര്‍ അത്യാവശ്യത്തിനു മാത്രമേ സംസാരിക്കുന്നുള്ളൂ. ഈ ചിത്രത്തില്‍ തന്നെ ഏറ്റവും കുറവ് സംസാരിക്കുന്നതും നായകനായ മമ്മൂട്ടിയുടെ ഡെറിക്കു തന്നെയാണ്.

വീട്ടില്‍ നിന്നും പ്രേക്ഷകനെ തിയറ്ററിലേക്കു ക്ഷണിക്കുന്ന മമ്മൂട്ടി ചിത്രങ്ങളുടെ ഓളം ഒടുങ്ങിയെന്നു വിധിയെഴുതാനായിട്ടില്ലെന്ന് ഉറപ്പിക്കുന്ന സിനിമയാണ് അബ്രഹാമിന്റെ സന്തതികള്‍. കണ്ടിരിക്കാമെന്ന വിശേഷണത്തോടെ കണ്ടവര്‍ ഒരുപോലെ തലകുലുക്കുന്ന ഒരു മമ്മൂട്ടിച്ചിത്രം ചെറുപ്പക്കാരുടെ നീണ്ട ക്യൂവോടെ  നാളുകള്‍ക്കുശേഷം കൊട്ടക കാണുകയാണ്. തിക്കും തിരക്കുമായി ചിത്രം കേരളത്തില്‍ കൂടുതല്‍ സെന്ററുകളിലേക്കെത്തുന്നതായാണ് വിവരം.

കേള്‍ക്കുമ്പോള്‍ ബൈബിള്‍ ചുവയുണ്ടെങ്കിലും അത്തരെമൊരു ബന്ധം ഇല്ലെന്നിരിക്കെ തന്നെ അങ്ങനെയൊരു കൗതുകം കിട്ടട്ടേ എന്നു കരുതിയാകും അബ്രഹാമിന്റെ സന്തതികള്‍ എന്ന പേരിട്ടത്. അബ്രഹാം എന്നു പേരായ ഒരപ്പന്റെ രണ്ടു മക്കള്‍ എന്നേ ഇതിനര്‍ഥമുള്ളൂ. സാധാരണ പോലീസ് കുറ്റാന്വേഷണ ചിത്രത്തിനു വേറൊരു അവതരണ രീതി നല്‍കിയതാണ് ചിത്രത്തെ വിജയമാക്കിയത്. ചെറിയ ചടുലമായ സീനുകള്‍കൊണ്ട് ആദ്യാവസാനം ആകാംക്ഷയുടെ മുള്‍ മുനയില്‍ നിര്‍ത്തി ഇടിയാതെ മുകളിലേക്കു മാത്രം ഇതിവൃത്തത്തേയും സസ്‌പെന്‍സിനേയും എത്തിച്ചതില്‍  തിരക്കഥാകൃത്ത് ഹനീഫ് അദേനിക്കും സംവിധായകന്‍ ഷാജി പാടൂരിനുമുള്ള പങ്ക് വലുതാണ്.

പോലീസ് വേഷങ്ങളിലും മറ്റു കഥാപാത്രങ്ങളിലും അവയെ കടന്ന് മമ്മൂട്ടി എന്ന നടന്‍ കൂടുതല്‍ സംസാരിക്കാറുണ്ട്. എന്നാല്‍ അബ്രഹാമിന്റെ സന്തതികളിലെ ഡെറിക് അബ്രഹാം എന്ന മമ്മൂട്ടിയുടെ പോലീസ് ഓഫീസര്‍ അത്യാവശ്യത്തിനു മാത്രമേ സംസാരിക്കുന്നുള്ളൂ. ഈ ചിത്രത്തില്‍ തന്നെ ഏറ്റവും കുറവ് സംസാരിക്കുന്നതും നായകനായ മമ്മൂട്ടിയുടെ ഡെറിക്കു തന്നെയാണ്. പോലീസ് ഓഫീസറായാല്‍ വലിയ ആദര്‍ശ ഗരിമ വലിയ വായില്‍ വലിച്ചു വാരി പറയുക എന്ന അമിതഭാഷണം പാടെ ഇതില്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നു. നാല്‍പ്പതു കഴിഞ്ഞ ഒരു മധ്യവയസ്‌ക്കന്റെ പക്വമായ നോട്ടവും ഭാവവവും ശരീരഭാഷയും മാനറിസങ്ങളുംകൊണ്ട് മമ്മൂട്ടിയുടെ ഡെറിക്കിന് മികവേറെയാണ്. വേഷങ്ങളില്‍ നിന്നും മാറി മുപ്പതു വയസും കൂളിംങ് ഗ്‌ളാസും ചോക്ലേറ്റു മേക്കപ്പുമായി മമ്മൂട്ടി മാത്രമാകാറുള്ളതില്‍ നിന്നും പിടിച്ചിരുത്തി ഡെറിക്കാക്കിയതിന്റെ ക്രഡിറ്റ് തിരക്കഥാകൃത്തിനും സംവിധായകനുമുള്ളതാണ്. അതുകൊണ്ട് അബ്രഹാമിന്റെസന്തതികള്‍ മമ്മൂട്ടിയുടേതു മാത്രമാകുന്നില്ല.

ഒരു കൊലപാതകത്തില്‍ യഥാര്‍ഥ കുറ്റവാളിയെ കണ്ടെത്തി ആരോപണ വിധേയനായി ജയിലില്‍ അകപ്പെട്ട അനുജന്‍ ഫിലിപ്പ് അബ്രഹാമിനെ രക്ഷപെടുത്തുന്ന ഡെറിക് അബ്രഹാമിന്റെ കഥയാണ് ചിത്രം. തന്റെ കാര്യം നോക്കാതെ സ്വാര്‍ഥതമാത്രമുള്ള ചേട്ടനെ കുറ്റപ്പെടുത്തുന്ന ഫിലിപ്പിനെ രക്ഷിച്ച് താന്‍ ശരിയായ ചേട്ടന്‍ തന്നെയാണെന്ന് ഡെറിക് ബോധ്യപ്പെടുത്തുന്നു. ഇതിനായി ഒരു ഘട്ടത്തില്‍ ഡെറിക്കും ഫിലിപ്പുംകൂടി നടത്തുന്ന ഡ്രാമയിലൂടെയാണ് കാര്യങ്ങള്‍ മുന്നോട്ടു നീങ്ങുന്നത്. ക്‌ളൈമാക്‌സിലെത്തുമ്പോള്‍ മാത്രമാണ് ഈ ഡ്രാമ മറ്റുള്ളവര്‍ അറിയുന്നത്. ഇത് ജാംബവാന്റെ കാലംമുതലുള്ള കലാപരിപാടിയാണെങ്കിലും ഇതിന്റെ ചടുലമായ അവതരണമാണ് പാളിപ്പോകാതെ സിനിമയെ രക്ഷിക്കുന്നത്. എന്നു മാത്രമല്ല അസാധാരണ ട്വിസ്റ്റായി മാറുകയും ചെയ്യുന്നു.

ശക്തമായ സംഭാഷണങ്ങളും വലിച്ചു നീട്ടാത്ത സീനുകളും പ്രമേയം ആവശ്യപ്പെടുന്ന ഛായാഗ്രഹണവുംകൊണ്ട് കാണികളിലേക്കു വേഗം ഇറങ്ങുന്നുണ്ടു സിനിമ. പരമ്പരകൊലയാളിയുടെ വരവും പെരുമഴയും ഇരുട്ടുമൊക്കെയുള്ള ആദ്യ സീന്‍ തന്നെ പ്രേക്ഷകന് സിനിമയിലേക്കു കയറാനുള്ള ഏണിപ്പടിയിടുന്നുണ്ട്. ഹനീഫ് അദേനി രചനയും സംവിധാനവും നിര്‍വഹിച്ച ദ ഗ്രേറ്റ് ഫാദറിലും ഇത്തരമൊരു പരമ്പര കൊലയാളിയുണ്ട്. അതൊരു ക്‌ളീഷേയാണെങ്കിലും നീണ്ടുപോകാതെ കൊലയാളിയെ കണ്ടെത്തുന്നതിനാല്‍ ബോറാകുന്നില്ല.

മമ്മൂട്ടിയുടെ പോലീസ് വേഷത്തിന്റെ തിളക്കം ഇതിലുമുണ്ട്. പൗരുഷമുറ്റിയ മമ്മൂട്ടിയുടെ നടപ്പും മറ്റു ചലനങ്ങളും ഡെറിക്കിന് നന്നായിണങ്ങുന്നു. ആക്ഷന്‍ രംഗങ്ങളിലുമുണ്ട് ഈ ഇണക്കങ്ങള്‍. ഫിലിപ്പ് അബ്രഹാമായി വരുന്ന ആന്‍സണ്‍ പോള്‍ നല്ലൊരു വാഗ്ദാനമാണ്. സിദ്ദിഖ്,സുരേഷ് കൃഷ്ണ,രഞ്ജി പണിക്കര്‍,കനിക,തരുഷി തുടങ്ങിയവരും അണിനിരക്കുന്നു. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം പ്രത്യേകം എടുത്തു പറയണം. ആല്‍ബി ആന്റെണിയുടെ ക്യാമറയും മഹേഷ് നാരായണന്റെ എഡിറ്റിങ്ങും മികവു പുലര്‍ത്തുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.