ചതുശ്ലോകിക്ക് ഒരു ആമുഖം

Saturday 23 June 2018 2:56 am IST

എന്തറിഞ്ഞാലാണോ എല്ലാ അറിവും വിശേഷമായി കരഗതമാകുന്നത് ആ അറിവാണ് യഥാര്‍ത്ഥ അറിവ്. അതാണ് ഭഗവാന്‍ മഹാവിഷ്ണു ബ്രഹ്മദേവന് ഉപദേശിച്ചുകൊടുക്കാമെന്നേറ്റത്. അതുകൊണ്ടാണ് ജ്ഞാനം പരമഗുഹ്യം എന്ന് ഭഗവാന്‍ അരുളിചെയ്തത്. ഈ ജ്ഞാനമാണ് ഭാഗവതസത്തയായ ചതുശ്ലോകീ ഭാഗവതം എന്നറിയപ്പെടുന്നത്.

ഇതിന്റെ ആശയം വേദങ്ങളിലും ഉപനിഷത്തുക്കൡലുമെല്ലാം കേള്‍ക്കാനാവുന്നതാണ്.ദേവീഭാഗവതത്തിലെ അര്‍ധശ്ലോകീ ഭാഗവതവും ഇതേ ആശയത്തെയാണ് ഉദ്‌ഘോഷിക്കുന്നത്. ശിശുക്കള്‍ക്ക് അമ്മ എങ്ങനെയാണോ അതിനേക്കാളും പ്രധാനമാണ് എന്നോ അത്രത്തോളം പ്രധാനമെന്നോ പറയാവുന്ന ജ്ഞാനമാണിത്. ദേവീഭാഗവതത്തില്‍ ''സര്‍വം ഖല്വിദമേവാഹം നാന്യദത്ര സനാതനം'' ഇങ്ങനെ പറയുന്നു. ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ ചുറ്റമ്പലത്തിലേക്കു കടക്കുമ്പോള്‍ ബലിക്കല്‍പുരയില്‍ എഴുതിവച്ചിരിക്കുന്നതുകാണാം. ''ഞാന്‍ താനിതെല്ലാം മറ്റൊന്നുമില്ല നൂനം സനാതനം'' എന്ന്. അര്‍ധശ്ലോകീ ഭാഗവതത്തിന്റെ ഭാവാര്‍ഥം.

കൊച്ചുകുട്ടികള്‍ക്ക് അമ്മതന്നെയാണല്ലൊം. ഭഗവത് ചൈതന്യം നമ്മില്‍ നിന്നു വേറിട്ടുനില്‍ക്കുന്ന ഒന്നാണെന്നു ചിന്തിക്കുന്ന കാലത്തോളം നാം ആ ചൈതന്യത്തിനു മുന്നില്‍ ശിശുക്കളാണ്. ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍ പരാശക്തിയെക്കാണാന്‍ ചിന്താമണി മണ്ഡപത്തിലേക്കു പോകുന്ന ഒരു കഥാഭാഗം ദേവീഭാഗവതത്തില്‍ പറയുന്നു.

ചിന്താമണി മണ്ഡപത്തിലെത്തും മുന്‍പുതന്നെ ദേവി ഇവര്‍ക്കു സാരൂപ്യം കൊടുത്തു. ഇവരെല്ലാം സ്ത്രീകളായി മാറി. തുടര്‍ന്നാണ് ചിന്താമണി മണ്ഡപത്തില്‍ ദേവീദര്‍ശനം ലഭിച്ചത്.ദേവിയെ ദര്‍ശിച്ച വിഷ്ണുഭഗവാന്‍ ഒരു നിമിഷം ആലോചനയിലാണ്ടു.

''തദാളസൗ ഭഗവാന്‍ വിഷ്ണുര്‍ ദൃഷ്ട്വാ താം ചാരുഹാസിനീം''

വിഷ്ണു മനസ്സില്‍ പരതി നോക്കി. ആരാണീ സുന്ദരി. പെട്ടെന്ന് ഓര്‍മയില്‍ തെളിഞ്ഞുവന്നു.

''ഏഷാ ഭഗവതീ ദേവീ സര്‍വേഷാം കാരണം ഹിനഃ''

ഈ ദേവിയല്ലേ എല്ലാത്തിനും കാരണമായി വര്‍ത്തിക്കുന്നത്? അെത, ഞാന്‍ ഓര്‍ക്കുന്നു. ഈ ദേവിയെ ഞാന്‍ പണ്ടു കണ്ടിട്ടുണ്ട്.

''സൈഷാ വരാംഗനാ നാമ യാവൈ 

ദൃഷ്ടാ മഹാര്‍ണവേ

ബാലഭാവേ മഹാദേവീ ദോളയന്തീവമാം മുദാ

ശയനം വടപത്രേ ച പര്യങ്കേസുസ്ഥിരേ ദൃഢേ

പാദാഗുഷ്ഠം കരേ കൃത്വാ നിവേശ്യ മുഖപങ്കജേ''

ഈ അമ്മ പണ്ട് എന്നെ താരാട്ടുപാടി തൊട്ടിലിലാട്ടി ഉറക്കിയിട്ടുണ്ട്. പണ്ട് ഒരു മഹാപ്രളയം വന്നപ്പോള്‍, ഞാന്‍ എന്റെ ശൈശവാവസ്ഥയില്‍, ഒരു ആല്‍വൃക്ഷത്തിന്റെ ഇലയില്‍ കിടന്ന് കാല്‍വിരല്‍ കയ്യില്‍ പി

ടിച്ച് മുഖത്തോടു ചേര്‍ത്ത് കഴിയുകയായിരുന്നു. ഈ അമ്മ എന്നെ ഏറെ ലാളിച്ചിട്ടുണ്ട്.

''ഗായന്തീ ദോളയന്തീ ച ബാലാഭാവേന്മയി സ്ഥിതേ

സേയം സുനിശ്ചിതം ജ്ഞാനം ജാതം മേ ദര്‍ശനാദിവ''

താരാട്ടുപാടി തൊട്ടിലിലാട്ടി ലാളിക്കുന്ന ആ അമ്മയെ ഞാനിപ്പോഴും ഓര്‍ക്കുന്നു.ഇവിടെ വ്യക്തി പരമചൈതന്യത്തേയും ആ പരമചൈതന്യം വ്യക്തിയെയും തിരിച്ചറിഞ്ഞ് ഒന്നായി മാറുകയാണ്.

ഭഗവാന്‍ ഭഗവദ്ഗീതയില്‍ പറഞതുപോലെ ''ക്ഷേത്ര ക്ഷേത്രജ്ഞയോര്‍ ജ്ഞാനം യത്തത് ജ്ഞാനം മതം മമ'' തന്റെ ഉള്ളിലുള്ള ക്ഷേത്രജ്ഞനെ തിരിച്ചറിയുമ്പോള്‍ യഥാര്‍ഥ ജ്ഞാനം കരഗതമാകുന്നു.

അതോടെ ലൗകീകതയില്‍നിന്ന്, മായയില്‍നിന്ന് മോചനമാകുന്നു. മോഹം ക്ഷയിക്കുന്നതോടെ മോക്ഷാവസ്ഥയിലെത്തുന്നു.

ശ്രീരാമകൃഷ്ണ പരമഹംസര്‍ ഒരിക്കല്‍ അഭിപ്രായപ്പെട്ടു- വള്ളം വെള്ളത്തില്‍ കിടക്കട്ടെ. പക്ഷെ വെള്ളം വള്ളത്തില്‍ കിടക്കാന്‍ അനുവദിക്കരുത്. ലോകം മുഴുവന്‍ മനസ്സില്‍ കിടക്കട്ടെ. മനസ്സ് ലോകത്തില്‍ കിടക്കാന്‍ അനുവദിക്കരുത്.

അഹം ബ്രഹ്മാസ്മി എന്ന ശ്രുതിവചനം ഉദ്‌ഘോഷിക്കുന്നത് ഇതേ ആശയംതന്നെയാണ്. ഞാന്‍ തന്നെയാണ് ബ്രഹ്മം. ഞാന്‍ ബ്രഹ്മമാകുന്നു എന്നു മനസ്സിലാക്കാന്‍ തന്നെയാണ് ഛന്ദോഗ്യോപനിഷത്തില്‍ ''തത് ത്വ മസി'' എന്നു പറഞ്ഞുതന്നത്. അതു നീയാകുന്നു. ഇപ്പറഞ്ഞ ബ്രഹ്മം നീ തന്നെയാണ്.മാണ്ഡൂക്യത്തില്‍ പറയുന്നു

''സര്‍വം ഹ്യേതദ് ബ്രഹ്മഃ അയം ആത്മാ ബ്രഹ്മ'' എല്ലാം ബ്രഹ്മമാണ്. അതുതന്നെയാണ് എല്ലാം. ഈ ആത്മാവുതന്നെയാണ് ബ്രഹ്മം. ഈ അറിവു നേടിയാല്‍, നാം ബ്രഹ്മം തന്നെയെന്നു വ്യക്തമാകുന്ന ആ ജ്ഞാനം ലഭിച്ചാല്‍ നാം ബ്രഹ്മം തന്നെയാകുന്നു. അതാണ് പ്രജ്ഞാനം ബ്രഹ്മ എന്ന മഹാവാക്യവും അര്‍ഥമാക്കുന്നത്.

തൈത്തിരീയ ഉപനിഷത്തില്‍ പറയുന്നു.

''യതോ വാ ഇമാനി ഭൂതാനി ജായന്തേ

യേന ജാതാനി ജീവന്തി

യത് പ്രയന്ത്യാഭി സംവിശന്തി

തദ് വിജിജ്ഞാസസ്വഃ തദ് ബ്രഹ്മഃ''

ഈ പഞ്ചഭൂതങ്ങളെല്ലാം എന്തില്‍നിന്നുണ്ടാകുന്നു, ഏതില്‍ അവ ജീവിക്കുന്നു, ഏതിലാണോ ലയിക്കുന്നത് അതുതന്നെയാണ് ബ്രഹ്മം.

ഈ ബ്രഹ്മത്തെത്തന്നെയാണ് ഭഗവാന്‍ മഹാവിഷ്ണു ബ്രഹ്മദേവന് വിശദമാക്കിക്കൊടുത്തത്. ചതുശ്ലോകി ഭാഗവതമെന്ന ഈ ബ്രഹ്മതത്വത്തെ ഉത്തമഭക്തന്മാര്‍ക്കു  പകര്‍ന്നു കൊടുക്കാനുള്ള താല്‍പര്യത്തിലാണ് ബ്രഹ്മദേവന്‍ ഇത് നാരദര്‍ക്കുപദേശിച്ചുകൊടുത്തത്. ഭാഗവതത്തിന്റെ ലക്ഷ്യംതന്നെ ഇതാണ്. ചതുശ്ലോകീയുടെ തത്വം വിശദീകരിക്കാനാണ് ശ്രീനാരദര്‍ വേദവ്യാസനോട് ഭാഗവതം രചിക്കാന്‍ നിര്‍ദ്ദേശിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.