കള്ളപ്പണം ഹൈക്കമാന്‍ഡിന്; ശിവകുമാറിന് കോടതി സമന്‍സ്

Saturday 23 June 2018 3:07 am IST
കള്ളപ്പണം വെളുപ്പിക്കാന്‍ അഞ്ച് കോടി രൂപ എഐസിസിക്ക് നല്‍കിയെന്ന ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ബെംഗളൂരു പ്രത്യേക കോടതി ഇന്നലെ ശിവകുമാറിന് സമന്‍സ് അയച്ചു. ഈ കേസില്‍ ഒന്നാം പ്രതിയാണ് ശിവകുമാര്‍.

ബെംഗളൂരു: കര്‍ണാടകയിലെ ഹവാല ഇടപാടുകളിലെ മുഖ്യസൂത്രധാരന്‍ കോണ്‍ഗ്രസ് നേതാവും സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രിയുമായ ഡി.കെ. ശിവകുമാറാണെന്നതിന് കൂടുതല്‍ തെളിവുകള്‍. കള്ളപ്പണം വെളുപ്പിക്കാന്‍ അഞ്ച് കോടി രൂപ എഐസിസിക്ക് നല്‍കിയെന്ന ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ബെംഗളൂരു പ്രത്യേക കോടതി ഇന്നലെ ശിവകുമാറിന് സമന്‍സ് അയച്ചു. ഈ കേസില്‍ ഒന്നാം പ്രതിയാണ് ശിവകുമാര്‍. 

ഈ ആഴ്ചയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള രണ്ടാമത്തെ സമന്‍സാണ് ശിവകുമാറിന് ലഭിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസിലായിരുന്നു കഴിഞ്ഞ ദിവസം സമന്‍സ് ലഭിച്ചത്. ഈ കേസില്‍ ആഗസ്റ്റ് രണ്ടിനാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. ഹവാല പണം വെളുപ്പിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം കൂട്ടു നിന്നതായി ആദായനികുതി വകുപ്പ് കോടതിയില്‍ നല്‍കിയ രേഖകളില്‍ വ്യക്തമാക്കുന്നു. 2017 ജനുവരിയില്‍ രണ്ടു തവണയായി എഐസിസിക്ക് ശിവകുമാര്‍ അഞ്ചുകോടി രൂപയാണ് കൈമാറിയത്. 

ജനുവരി ഒന്നിന്  കോണ്‍ഗ്രസ് നേതാവും സുഹൃത്തുമായ വി.മുള്‍കുന്ദ് വഴി മൂന്നുകോടി രൂപയും ജനുവരി ഒന്‍പതിന് ശര്‍മ ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് ഉടമ സുനില്‍കുമാര്‍ ശര്‍മ വഴി രണ്ടു കോടി രൂപയും കൈമാറി. ഇത് കൂടാതെ കൃത്യമായ ഇടവേളകളില്‍ വലിയ തുക ഇത്തരത്തില്‍ കൈമാറ്റം ചെയ്തിരുന്നു. ശിവകുമാറിനെ കൂടാതെ ബിസിനസ് പങ്കാളി സച്ചിന്‍ നാരായണന്‍, ന്യൂദല്‍ഹി കര്‍ണാടക ഭവനിലെ ജീവനക്കാരന്‍ ഹനുമന്തയ്യ, എന്‍. രാജേന്ദ്ര, ആഞ്ജനേയ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. 

കണക്കില്‍പ്പെടാത്ത പണം കൈമാറുന്നതിനായി ന്യൂദല്‍ഹിയിലും ബെംഗളൂരുവിലുമായി വന്‍ ശൃംഖല പ്രവര്‍ത്തിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ന്യൂദല്‍ഹിയിലെ ശിവകുമാറിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് 4.30 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. ഇത് കാര്‍ഷിക വരുമാനത്തില്‍ നിന്ന് ലഭിച്ചതാണെന്നാണ് ആദായ നികുതി വകുപ്പിന് നല്‍കിയിരിക്കുന്ന മറുപടി. 

കര്‍ണാടകയില്‍ ഗവ. ജീവനക്കാരുടെ രണ്ടു ക്വാര്‍ട്ടേഴ്‌സുകളില്‍ നിന്ന് യഥാക്രമം 1,0037,500 രൂപയും 4,13,600രൂപയും പിടിച്ചെടുത്തു. ബിദാദിയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ നിന്ന് 8.5 കോടി രൂപ പിടിച്ചു. 

ഇങ്ങനെ വിവിധ സ്ഥലങ്ങളില്‍ നിന്നായി 20 കോടിയിലധികം രൂപ ആദായനികുതി വകുപ്പ് കണ്ടെടുത്തിരുന്നു. ഇതിലൊന്നും കൃത്യമായ മറുപടി നല്‍കാന്‍ ശിവകുമാറിന് സാധിച്ചിട്ടില്ല. പരിശോധനയില്‍ ശിവകുമാര്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന ഡയറികള്‍ ലഭിച്ചിരുന്നു. ഇതില്‍ കോഡ് വാക്കുകളാണ് ഉപയോഗിച്ചിരുന്നത്. ഒരു ലക്ഷത്തിന് 'ഒരു കെജി' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഡയറി വിശദമായി പരിശോധിച്ചു വരികയാണെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

ഹവാല ഇടപാടുകള്‍, അനധികൃത സ്വത്ത് സമ്പാദനം എന്നിവയുമായി ബന്ധപ്പെട്ട് ശിവകുമാറിനും സുഹൃത്തുക്കള്‍ക്കും എതിരെ അഞ്ച് കേസുകളാണ് ആദായനികുതി വകുപ്പ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൂന്ന് കേസുകളില്‍ ജാമ്യം ലഭിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.