ജീവനക്കാര്‍ നിസ്സഹകരണത്തില്‍; തൊഴില്‍വകുപ്പില്‍ പ്രതിസന്ധി

Saturday 23 June 2018 7:18 am IST
എല്ലാ മേഖലകളിലെയും തൊഴിലാളികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കേണ്ട തൊഴില്‍വകുപ്പ് സ്വന്തം ജീവനക്കാര്‍ക്ക് ദോഷകരമായ നിലപാടെടുത്തെന്നാണ് ഭൂരിഭാഗം ജീവനക്കാരും ആരോപിക്കുന്നത്. സര്‍ക്കാര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് പ്രതിപക്ഷ യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കൊച്ചി: അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് 2 തസ്തികയുടെ നിലവിലുളള നിയമന അനുപാതം ഭേദഗതി ചെയ്ത് ജീവനക്കാരുടെ പ്രൊമോഷന്‍ അട്ടിമറിക്കാനുളള സര്‍ക്കാര്‍ നീക്കത്തിനെതിരെ തൊഴില്‍വകുപ്പില്‍ നിസ്സഹകരണ സമരം. ജീവനക്കാര്‍ കഴിഞ്ഞദിവസം വകുപ്പ് ആസ്ഥാനത്ത് പെന്‍ഡൗണ്‍ സമരം നടത്തിയതിന് പിന്നാലെ മറ്റ് ഓഫീസുകളിലേക്കും നിസ്സഹകരണസമരം വ്യാപിപ്പിച്ചു. ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ മെല്ലെപ്പോക്കില്‍. പല ഓഫീസുകളിലും ജീവനക്കാര്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് എത്തുന്നത്. പ്രതിപക്ഷ യൂണിയനുകളാണ് നിലവില്‍ നിസ്സഹകരണ സമരത്തില്‍ പങ്കെടുക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ നിലപാട് തിരുത്തിയില്ലെങ്കില്‍ ഭരണപക്ഷ യൂണിയനുകളും സമരരംഗത്തിറങ്ങുമെന്നാണ് സൂചന. 

നിലവിലുളള നിയമന അനുപാതം 3:1 ആണ്.  നാല് ഒഴിവുകള്‍ വന്നാല്‍ മൂന്നുപേരെ വകുപ്പില്‍ നിന്നും ഒരാളെ നേരിട്ടും നിയമിക്കണമെന്നാണ് വ്യവസ്ഥ. 1991 ലെ സ്‌പെഷ്യല്‍ റൂള്‍ പ്രകാരമാണിത്. ഇത് അട്ടിമറിച്ച് നിയമനാനുപാതം  2:1 ആക്കാനാണ് നീക്കം നടക്കുന്നത്. തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ചെയര്‍മാനായ സബ്ജക്ട് കമ്മിറ്റി കഴിഞ്ഞദിവസം അനുമതി നല്‍കി. ഇതോടെയാണ് ജീവനക്കാര്‍ ഇടഞ്ഞത്. 

എല്ലാ മേഖലകളിലെയും തൊഴിലാളികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കേണ്ട തൊഴില്‍വകുപ്പ് സ്വന്തം ജീവനക്കാര്‍ക്ക് ദോഷകരമായ നിലപാടെടുത്തെന്നാണ് ഭൂരിഭാഗം ജീവനക്കാരും ആരോപിക്കുന്നത്. സര്‍ക്കാര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് പ്രതിപക്ഷ യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

സബ്ജക്ട് കമ്മിറ്റി തീരുമാനമെടുക്കും  മുമ്പേ തന്നെ തൊഴില്‍വകുപ്പില്‍ വഴിവിട്ട നിയമനങ്ങള്‍ക്ക് നീക്കമുണ്ടായിരുന്നു. ജീവനക്കാര്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് സ്റ്റേ ചെയ്യുകയായിരുന്നു. വകുപ്പ് മേധാവിയുടെ ശുപാര്‍ശയില്ലാതെ സ്‌പെഷ്യല്‍ റൂള്‍ പരിഷ്‌കരിച്ചാണ് അന്ന് നിയമനം നടത്തിയതെന്നും ട്രൈബ്യൂണല്‍ കണ്ടെത്തിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.