കനത്ത മഴ: ചെങ്കല്‍ ഉല്‍പാദനം നിലച്ചു

Friday 22 June 2018 9:21 pm IST

 

മട്ടന്നൂര്‍: കാലവര്‍ഷം കനത്തതോടെ ചെങ്കല്ലിന് ക്ഷാമം. അന്യസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി, നിര്‍മ്മാണമേഖലയില്‍ പ്രതിസന്ധി. മഴ ശക്തമായതോടെ ചെങ്കല്‍ ക്വാറികളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് കാരണം ഉത്പാദനം പൂര്‍ണ്ണമായും നിര്‍ത്തിവെയ്‌ക്കേണ്ടി വന്നിരിക്കുകയാണ്. കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് ഉണ്ടായ ചെങ്കല്‍ മേഖലയിലെ സമരവും കല്ല് ക്ഷാമം രൂക്ഷമാക്കിയിരുന്നു. കല്ല് ആവശ്യത്തിന് ലഭ്യമാകാത്തത് കാരണം ജില്ലയിലേയും സമീപ പ്രദേശങ്ങളിലേയും നൂറുകണക്കിന് നിര്‍മ്മാണ പ്രവര്‍ത്തികള്‍ താല്‍കാലികമായി നിലച്ചിരിക്കുകയാണ്. ജില്ലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ കല്ല് കല്യാട്, ഊരത്തൂര്‍, കേളകം മേഖലയില്‍ നിന്നാണ് പ്രധാനമായും കയറ്റുമതി ചെയ്തിരുന്നത്. കല്ലിന് ക്ഷാമം വന്നതോടെ നിരവധി വീടുകളുടെ നിര്‍മ്മാണമാണ് നിലച്ചത്. 

ചെങ്കല്‍ ക്വാറികളില്‍ ജോലി ചെയ്യുന്ന പ്രദേശത്തുകാരും അന്യസംസ്ഥാനക്കാരുമായ നൂറുകണക്കിന് തൊഴിലാളികള്‍ക്കാണ് ദിനംപ്രതി തൊഴില്‍ നഷ്ടപ്പെടുന്നത്. ഇതിനു പുറമെ ലോറി തൊഴിലാളികളേയും ബാധിച്ചിട്ടുണ്ട്. നിലവില്‍ ക്വാറികളില്‍ നിന്നും കൊത്തിയെടുക്കുന്ന ചെങ്കല്ലുകളില്‍ പ്രധാന പങ്കും കണ്ണൂര്‍ ജില്ലയ്ക്ക് പുറത്തേക്കാണ് പോവുന്നത്. ജില്ലയ്ക്ക് പുറത്ത് വടകര ഭാഗങ്ങളില്‍ എത്തിയാല്‍ കല്ലിന് ഇരട്ടിയോളം വില ലഭിക്കുന്നത് കാരണം ലോറി തൊഴിലാളികള്‍ കല്ലിന്റെ ഭൂരിഭാഗവും ഏജന്റ് വഴിവില്പന നടത്തുകയാണ്. കല്ലിന് ക്ഷാമം രൂക്ഷമായതോടെ പലരും സിമന്റ് കട്ടകളേയും ആശ്രയിക്കുന്നുണ്ട്. ചെങ്കല്‍ ക്ഷാമം രൂക്ഷമായതോടെ അതിനോട് ചേര്‍ന്നു കിടക്കുന്ന ഫ്‌ലോറിംഗ്, ഫര്‍ണിഷ് വര്‍ക്ക്, ഇലക്ട്രിക്കല്‍ വര്‍ക്ക് എന്നിവയേയും കാര്യമായി ബാധിച്ചിട്ടുണ്ട്. നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിന് തൊഴിലാളികള്‍ തൊഴില്‍ ദിനം കുറഞ്ഞതോടെ നാട്ടിലേക്ക് മടങ്ങുകയാണ്.   

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.