മധുവിന്റെ ചിതാഭസ്മം നാട്ടിലെത്തിച്ചു

Friday 22 June 2018 9:21 pm IST

 

തലശ്ശേരി: സലാലയിലെ പ്രളയത്തില്‍ മുങ്ങി മരിച്ച മധുവിന്റെ ചിതാഭസ്മം ഇന്നലെ നാട്ടിലെത്തിച്ചു. കിഴക്കേ പാലയാട്ടെ ചെള്ളത്ത് മധു (46) വാണ് കഴിഞ്ഞ മെയ് 26ന് സലാലയിലെ റായ്‌സൂത്തിലുണ്ടായ പ്രളയത്തില്‍ മുങ്ങി മരിച്ചത്. മധുവിന്റെ മൃതദേഹഭാഗങ്ങള്‍ 17 ദിവസങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തിയത്. മൃതദേഹം കഴിഞ്ഞ ബുധനാഴ്ച ജോലി സ്ഥലത്തിനടുത്തെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചിരുന്നു. അവിടെ നിന്നുള്ള ചിതാഭസ്മമാണ് വെള്ളിയാഴ്ച ഉച്ചയോടെ കിഴക്കേപാലയാട് കുരുക്ഷേത്ര ബസ്സ് സ്‌റ്റോപ്പിനടുത്ത മുരിക്കോളി വീട്ടിലെത്തിയത്. മസ്‌കറ്റിലുണ്ടായിരുന്ന ബന്ധുക്കളായ രാജീവന്‍, ഷിജു എന്നിവരാണ് ചിതാഭസ്മവും മധു ഉപയോഗിച്ച വസ്തുക്കളുമായി നാട്ടിലെത്തിയത്. 

ആഴ്ച്ചകളായി പ്രാര്‍ത്ഥനകളോടെ കഴിയുന്ന ഉറ്റവരുടെ മുന്നിലേക്ക് ചിതാഭസ്മം എത്തിയപ്പോള്‍ അതുവരെ ശോകമൂകമായിരുന്ന വീട് വിങ്ങിപ്പൊട്ടി. തേങ്ങലുകള്‍ പൊട്ടിക്കരച്ചിലായി. പ്രിയതമന്‍ നഷ്ടപ്പെട്ട രസിതയെയും പിതാവ് നഷ്ടപ്പെട്ട മക്കളെയും ആശ്വസിപ്പിക്കാനാവാതെ മുരിക്കോളി വീട്ടിലെത്തിയവരും വിതുമ്പി. അന്ത്യോപചാരമര്‍പ്പിക്കാന്‍ നാടാകെ ഒഴുകി എത്തിയിരുന്നു. സലാലയിലെ കോണ്‍ക്രീറ്റ് റഡി മിക്‌സ് കമ്പനിയില്‍ െ്രെഡവറായിരുന്നു മധു. കഴിഞ്ഞ മാസം ഗള്‍ഫില്‍ ആഞ്ഞടിച്ച മേകുന ചുഴലിക്കാറ്റിനൊപ്പം ഉണ്ടായ പ്രളയത്തിലാണ് മധുവിന് ജീവന്‍ നഷ്ടമായത്. വഴിയില്‍ അകപ്പെട്ട സ്‌പോണ്‍സറുടെ വാഹനം അറ്റകുറ്റപണി ചെയ്ത് തിരിച്ചു വരുന്നതിനിടയില്‍ മധുവിന്റെ വാഹനവും അരുവിയില്‍ കുടുങ്ങുകയായിരുന്നു. ഈ സമയം ഓര്‍ക്കാപ്പുറത്തുണ്ടായ വെള്ളപ്പൊക്കത്തിലാണ് ജാര്‍ഖണ്ഡ് സ്വദേശിയ്‌ക്കൊപ്പം മധുവും മുങ്ങിപ്പോയിരുന്നത്. പരേതനായ കുന്നുമ്മല്‍ ഗോവിന്ദന്റെയും ചെള്ളത്ത് രാധയുടെയും മകനാണ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.