ജപ്തി നടപടി: കര്‍ഷകര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു

Friday 22 June 2018 9:22 pm IST

 

തളിപ്പറമ്പ്: വായ്പാ കുടിശ്ശികയുടെ പേരില്‍ കര്‍ഷകരുടെ ഭൂമി ജപ്തിചെയ്ത് കൈക്കലാക്കിയ ബാങ്ക് നടപടിക്കെതിരെ കര്‍ഷകര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. തളിപ്പറമ്പ് കാര്‍ഷിക സഹകരണ വികസന ബാങ്കിന്റെ വിവിധ ശാഖകളില്‍നിന്നും വായ്പയെടുത്ത് കുടിശ്ശികയായ കര്‍ഷകരുടെ ഭൂമിയാണ് ബാങ്ക് ലേലം ചെയ്ത് ഏറ്റെടുത്തത്. 

കഴിഞ്ഞ ദിവസം ജപ്തി നിടപടികള്‍ നടത്തുമെന്ന്കാട്ടി ബാങ്കിന്റെ സ്‌പെഷല്‍ സെയില്‍ ഓഫീസറുടെ അറിയിപ്പ് പത്രങ്ങളില്‍ പരസ്യംചെയ്യുകയും കുടിശ്ശികക്കാരെ നോട്ടീസ് മുഖാന്തിരം അറിയിക്കുകയും ചെയ്തിരുന്നു. കാര്‍ഷിക മേഖലയിലെ പ്രതിസന്ധിമൂലം വായ്പാ കുടിശ്ശിക കൃത്യമായി അടക്കാന്‍ കഴിയാത്ത കര്‍ഷകര്‍ക്ക് ജപ്തി നടപടികള്‍ ഇരുട്ടടിയായി മാറിയിരുന്നു. 

റബ്ബര്‍, കശുവണ്ടി എന്നിവയുടെ വിലയിടിവും ഉല്‍പാദനക്കുറവും കാര്‍ഷികമേഖലയില്‍ കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത്. കര്‍ഷകര്‍ക്കുവേണ്ടി കണ്ണീരൊഴുക്കുന്നു എന്ന് അവകാശപ്പെടുന്ന സിപിഎമ്മിന്റെ നേതൃത്വത്തിലാണ് തളിപ്പറമ്പ് കാര്‍ഷിക സഹകരണ വികസന ബാങ്ക് പ്രവര്‍ത്തിക്കുന്നത്. നൂറുകണക്കിന് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്ന ജപ്തി നടപടിക്കെതിരെ സിപിഎമ്മും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. 

ജപ്തി നടപടിക്കെതിരെ കര്‍ഷകര്‍ ബാങ്കിന് മുന്നില്‍ സമരം നടത്തിയതിനെ തുടര്‍ന്ന് ജപ്തി നടപടികള്‍ മാറ്റിവെച്ചിരുന്നുവെങ്കിലും പിന്നീട് ബാങ്ക് കുടിശ്ശികക്കാരുടെ ഭൂമി ലേലം ചെയ്തതായി കാണിച്ച് ബാങ്കിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു. ഇത്തരത്തില്‍ ജപ്തി നടത്തിയതായുള്ള വിവരം സ്‌പെഷല്‍ ഓഫീസര്‍ കുടിശ്ശികക്കാരെ രേഖാമൂലം അറിയിച്ചിട്ടുമുണ്ട്. ലേലത്തിയ്യതി മുതല്‍ 30 ദിവസത്തിനുള്ളില്‍ ബാങ്കിന് ലഭിക്കേണ്ട ലേല സംഖ്യയും മറ്റു ചെലവുകളുമടച്ച് തീര്‍ത്തില്ലെങ്കില്‍ ലേല നടപടികള്‍ സ്ഥിരപ്പെടുത്തുന്നതിനായി ഫയല്‍ സഹകരണ സംഘം ജോ.രജിസ്ട്രാര്‍ക്ക് കൈമാറുമെന്നാണ് നോട്ടീസിലുള്ളത്.

കര്‍ഷകരെ വഞ്ചിച്ച് ഈടുവെച്ച ഭൂമി ബാങ്കിന്റെ പേരിലേക്ക് മാറ്റിയ നടപടി വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ജില്ലയിലെ മലയോര മേഖലകളില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ ഇത്തരത്തില്‍ വായ്പയെടുത്ത് കുടിശ്ശികയായിട്ടുണ്ട്. ഇതിനെതിരെ ശക്തമായ സമര പരിപാടികള്‍ നടത്തുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി. ആലക്കോട് മേഖലയില്‍ കര്‍ഷകരറിയാതെ അവരുടെ ഭൂമി കാര്‍ഷിക വികസന ബാങ്കിന്റെ പേരിലേക്ക് ജപ്തി ചെയ്ത് മാറ്റിയ ബാങ്ക് നടപടി കര്‍ഷകരോട് കാട്ടുന്ന വഞ്ചനയാണെന്ന് കര്‍ഷക മോര്‍ച്ച ആരോപിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.