വ്യാജ രേഖ ചമച്ച് ഭൂമി തട്ടിയെടുത്ത സംഭവം: അഞ്ചുപേര്‍ക്കെതിരെ കേസ്

Friday 22 June 2018 9:23 pm IST

 

തളിപ്പറമ്പ്: വര്‍ഷങ്ങള്‍ക്കുമുമ്പ് കാണാതായ വ്യക്തിയുടെ പേരിലുള്ള ഭൂമി ആള്‍മാറാട്ടം നടത്തി വ്യാജരേഖ ചമച്ച് തട്ടിയെടുത്ത സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കാര്യാമ്പലത്തെ മംഗലാട്ട് ശ്രീജയുടെ പരാതിയില്‍ ഏരുവേശ്ശി സ്വദേശികളായ പിലാക്കുന്നുമ്മല്‍ കുറ്റിയാട്ട് വിനോദ് കുമാര്‍ (47), തെനിശ്ശേരി കണ്ണോത്ത് നാരായണന്‍ (62), നിടുംപുറത്ത് അഗസ്റ്റിന്‍ (60), മുണ്ടയാടന്‍ ചന്ദ്രോത്ത് കുഞ്ഞിരാമന്‍ നമ്പ്യാര്‍ (55), പന്നിയില്‍ നാരായണന്‍ (55) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 

ഏരുവേശ്ശി സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന പിലാക്കുന്നുമ്മല്‍ കുറ്റിയാട്ട്ശ്രീധരന്‍ നമ്പ്യാര്‍ക്ക് 1967ല്‍ മറുപാട്ടപ്രകാരം ലഭിച്ച ഒന്നേകാലേക്കര്‍ ഭൂമി  മറ്റൊരാള്‍ ഇരിക്കൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഹാജരായി ബന്ധുകൂടിയായ പി.കെ.വിനോദ് കുമാറിന് 1985ല്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കിയതോടെയാണ് തട്ടിപ്പ് തുടങ്ങിയത്. ശ്രീധരന്‍ നമ്പ്യാര്‍ ഏരുവേശ്ശി സര്‍വ്വീസ് സഹകരണ ബാങ്കില്‍ ജീവനക്കാരനായിരിക്കെ 1973ല്‍ കാണാതായ വ്യക്തിയാണ്. 

73ല്‍ കാണാതായ ഇയാളെ പിന്നീട് കണ്ടെത്തിയിരുന്നില്ല. ഇയാളുടെ അനന്തരാവകാശികളായ ഭാര്യയും മകളും ജീവിച്ചിരിക്കെയാണ് 85ല്‍ ഭൂമി  വിനോദ് കുമാറിന് അജ്ഞാത വ്യക്തി രജിസ്റ്റര്‍ ചെയ്തുകൊടുക്കുന്നത്.  അന്ന് മൈനറായിരുന്ന വിനോദ്കുമാര്‍ പിന്നീട് രണ്ട് കൈമാറ്റങ്ങളും കൂടി കൃത്രിമമായി നടത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ശ്രീജ പരാതിയുമായി കോടതിയിലെത്തിയത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.