കാര്‍ഷിക വായ്പാ തട്ടിപ്പ്; ബാങ്കുകള്‍ ഒത്തുകളിക്കുന്നു

Saturday 23 June 2018 6:26 am IST
നബാര്‍ഡിന്റെ സബ്സിഡി വായ്പകള്‍ സ്വയംസഹായ സംഘങ്ങള്‍ക്കു നല്‍കുമ്പോള്‍ ബാങ്കുകള്‍ ജാഗ്രത കാട്ടുന്നില്ലെന്നു കഴിഞ്ഞ ദിവസം ഫാ. തോമസ് പീലിയാനിക്കലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.

ആലപ്പുഴ: കുട്ടനാട്ടിലെ കോടികളുടെ കാര്‍ഷിക വായ്പാ തട്ടിപ്പില്‍ ബാങ്കുകളുടെ നിലപാടില്‍ ദുരൂഹത. സ്വയംസഹായ സംഘങ്ങള്‍ക്കും ഗ്രൂപ്പുകള്‍ക്കും നല്‍കുന്ന കാര്‍ഷികവായ്പകളുടെ മറവില്‍ നടന്ന തട്ടിപ്പില്‍ കുട്ടനാട് വികസന സമിതി ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ അറസ്റ്റിലാകുകയും, 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും ഇതുവരെ ഒരു ബാങ്ക് പോലും പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല.

തട്ടിപ്പിനിരയായവര്‍ നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നത്. കുട്ടനാട് വികസന സമിതിയും കര്‍ഷകരും തമ്മിലുള്ള ഇടപാടില്‍ തങ്ങള്‍ക്ക് ബന്ധമില്ല. വായ്പ തുക തിരികെ ലഭിച്ചാല്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന നിലപാടാണ് ബാങ്കുകളുടേത്. എന്നാല്‍ പാട്ടകര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പലിശ സബ്‌സിഡി ഉള്‍പ്പടെയുള്ള വലിയ ഇളവുകള്‍ നല്‍കി അനുവദിക്കുന്ന പണമാണ് ബാങ്കുകള്‍ മുഖേന തട്ടിപ്പ് നടത്തിയത്.  

തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് മാത്രം വാങ്ങി വായ്പകള്‍ അനുവദിച്ചതില്‍ ഉന്നത ബാങ്ക് ഉദ്യോഗസ്ഥരടക്കം തട്ടിപ്പില്‍ പങ്കാളികളാണെന്ന ആക്ഷേപമുണ്ട്. കര്‍ഷകരുടെ പേരില്‍ വ്യാജ ഒപ്പിട്ടു പണം തട്ടിയ കേസുകളില്‍ കുട്ടനാട് വികസന സമിതിയുടെയും അതിനു കീഴിലുള്ള സംഘങ്ങളുടെയും ഭാരവാഹികള്‍ മാത്രമാണ് ഇപ്പോള്‍ പ്രതിസ്ഥാനത്തുള്ളത്. 

നബാര്‍ഡിന്റെ സബ്സിഡി വായ്പകള്‍ സ്വയംസഹായ സംഘങ്ങള്‍ക്കു നല്‍കുമ്പോള്‍ ബാങ്കുകള്‍ ജാഗ്രത കാട്ടുന്നില്ലെന്നു കഴിഞ്ഞ ദിവസം ഫാ. തോമസ് പീലിയാനിക്കലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. വായ്പ അനുവദിക്കുന്ന ബാങ്കുകള്‍ മുഴുവന്‍ ഗുണഭോക്താക്കളുടെയും ഒപ്പുകള്‍ പരിശോധിക്കുന്നില്ലെന്നും നിരീക്ഷിച്ചു. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഈ ദിശയിലേക്കു നീങ്ങുന്നില്ല. കനറാ ബാങ്ക് ആലപ്പുഴ ബോട്ട് ജെട്ടി ശാഖയില്‍ നിന്നുമാത്രം കുട്ടനാട് വികസന സമിതി മുഖേന 186 ഗ്രൂപ്പുകള്‍ക്കാണു വായ്പ അനുവദിച്ചത്. ഇതില്‍ 54 ഗ്രൂപ്പുകളിലെ 250 പേര്‍ക്ക് ജപ്തി നോട്ടീസ് ലഭിച്ചു. 

സാധാരണ അഞ്ചംഗങ്ങളുള്ള ഗ്രൂപ്പിന് അഞ്ചുലക്ഷം രൂപയാണ് വായ്പ അനുവദിക്കുന്നത് ഫാ. തോമസ് പീലിയാനിക്കലിന്റെ ശുപാര്‍ശ പ്രകാരമാണ് വായ്പകള്‍ അനുവദിച്ചത്. അഞ്ചും ആറും പേരടങ്ങുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളുണ്ടാക്കി അംഗങ്ങളുടെ വ്യാജ ഒപ്പിട്ടാണ് വിവിധ ബാങ്കുകളില്‍നിന്നു വായ്പയെടുത്തത്. സ്വയംസഹായ സംഘങ്ങള്‍ക്കും ഗ്രൂപ്പുകള്‍ക്കും നല്‍കുന്ന കാര്‍ഷിക വായ്പകള്‍ക്ക് ഈട് വേണ്ടെന്ന ആനുകൂല്യം ദുരുപയോഗം ചെയ്യപ്പെട്ടു.

ഗ്രൂപ്പുകളുടെ പ്രസിഡന്റും സെക്രട്ടറിയും നേരിട്ടെത്തി ഒപ്പിട്ടാല്‍ മതിയെന്നതു മാത്രമായിരുന്നു ചില ബാങ്കുകളുടെ നിബന്ധന. സംയുക്ത ഉത്തരവാദിത്വത്തില്‍ എടുക്കുന്ന വായ്പകള്‍ക്ക് ഏജന്‍സികള്‍ ശുപാര്‍ശ നല്‍കുക മാത്രമേയുള്ളൂ. വായ്പയെടുക്കുന്നവര്‍ കര്‍ഷകരാണെന്നു പാടശേഖര സമിതിയുടെ സാക്ഷ്യപത്രം മാത്രമാണു വേണ്ടിയിരുന്നത്. കര്‍ഷകരല്ലാത്ത പലരും പാട്ടക്കര്‍ഷകരെന്ന വ്യാജേന വായ്പ തരപ്പെടുത്തുകയും ചെയ്തു. മരിച്ചവരുടെ പേരിലടക്കം വ്യാജരേഖകള്‍ തയാറാക്കിയും വായ്പാത്തട്ടിപ്പ് നടത്തിയതായി പരാതികളുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.