ക്രൂയിസ് ടൂറിസം: പ്രാദേശിക പങ്കാളിത്തത്തിന്റെ പ്രാധാന്യം ചര്‍ച്ച ചെയ്ത് സംരഭകത്വ സെമിനാര്‍

Friday 22 June 2018 9:27 pm IST

 

കണ്ണൂര്‍: ഉത്തര മലബാറിന്റെ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വേകുന്ന മലനാട്-മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിയുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പും ഉത്തരവാദിത്വടൂറിസം മിഷനും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ പ്രാദേശികവികസന സാധ്യതകള്‍ ചര്‍ച്ച ചെയ്തു. മാടായി കോ ഓപ്പറേറ്റീവ് റൂറല്‍ ബേങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ഏകദിന സെമിനാര്‍ ടി.വി.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. 

ക്രൂയിസ് ടൂറിസത്തില്‍ തദ്ദേശീയ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനും പദ്ധതിയുടെ പ്രയോജനം സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനും ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് എംഎല്‍എ പറഞ്ഞു. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അന്യംനിന്നുകൊണ്ടരിക്കുന്ന തൊഴിലുകളുടെയും കലകളുടേയും പുനരുജ്ജീവനത്തിനുമുള്ള സാധ്യതകള്‍ പരിശോധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ അദ്ധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയരകടര്‍ ഡി.ഗിരീഷ്‌കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉത്തരവാദിത്വ ടൂറിസം സാധ്യതകള്‍ എന്ന വിഷയത്തില്‍ സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ് കുമാറും മലനാട് ക്രൂയിസ് ടൂറിസം പദ്ധതി എന്ന വിഷയത്തില്‍ ആര്‍ക്കിടെക്റ്റ് എം.മധുകുമാറും ക്ലാസ്സെടുത്തു. സെമിനാറില്‍ ജനപ്രതിനിധികള്‍, ബേങ്ക് ഭരണസമിതി പ്രതിനിധികള്‍, കുടുംബശ്രീ പ്രതിനിധികള്‍, സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു. ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് സ്വാഗതവും എക്‌സിക്യൂട്ടീവ് മെമ്പര്‍ കമലാക്ഷന്‍ നന്ദിയും പറഞ്ഞു.

തളിപ്പറമ്പ് മണ്ഡലത്തിലെ ഉത്തരവാദിത്വ ടൂറിസം മിഷന്‍ പരിശീലന ബോധവല്‍ക്കരണ സെമിനാറുകള്‍ വിവിധ ദിവസങ്ങളിലായി നടക്കും. 24 ന് 2 മണി മലപ്പട്ടം, 4 മണിക്ക് കൊളച്ചേരി, 26ന് 3 മണി ആന്തൂര്‍ മുനിസിപ്പാലിറ്റി, 5 മണിക്ക് തളിപ്പറമ്പ് മുനിസിപ്പാലിറ്റി, 27ന് 10 മണിക്ക് മയ്യില്‍, 11 മണിക്ക് കുറുമാത്തൂര്‍, 3 മണിക്ക് പരിയാരം, 5 മണിക്ക് ചപ്പാരപ്പടവ് എന്നിവിടങ്ങളിലാണ് സെമിനാറുകള്‍ നടക്കും. കുടുംബശ്രീ പുരുഷ സഹായ സംഘങ്ങള്‍, വ്യവസായ ഗ്രൂപ്പുകള്‍, കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്നവര്‍, കൃഷിക്കാര്‍, സൊസൈറ്റികള്‍, ടാക്‌സി, ഓട്ടോ, ടൂറിസ്റ്റ് ബസ്സ് സര്‍വീസുകാര്‍, എന്‍.ആര്‍.ഐ പ്രതിനിധികള്‍, ബാങ്കുകള്‍, മത്സ്യബന്ധന തൊഴിലാളികള്‍, ഹോട്ടല്‍/റസ്റ്റോറന്റ് വ്യവസായികള്‍, പുതിയതായി സംരഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍, ചിത്രകാരന്‍മാര്‍ തുടങ്ങിയവര്‍ക്ക് സെമിനാറില്‍ പങ്കെടുക്കാം. 

സെമിനാറിനു ശേഷം ക്രൂയിസ് ടൂറിസം പദ്ധതിയുടെ മുന്നോടിയായി ഉത്തരവാദിത്ത ടൂറിസവുമായി ബന്ധപ്പെട്ട് ഓരോ മേഖലയില്‍പ്പെട്ടവര്‍ക്കും പ്രത്യേകം പരിശീലനം നല്‍കും. ഓരോ പഞ്ചായത്തിലേയും ടൂറിസവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട സ്ഥലങ്ങള്‍, സംഭവങ്ങള്‍, പരമ്പരാഗത തൊഴിലുകള്‍, കൃഷിയിടങ്ങള്‍, ആരാധനാലയങ്ങള്‍ മുതലായവയുള്‍പ്പെടെയുള്ള വിനോദസഞ്ചാര ഭൂപടം തയ്യാറാക്കലും തുടര്‍ച്ചയായി നടക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.