തൃശൂര്‍ സിപിഎമ്മില്‍ കലഹം; ജില്ലാ സെക്രട്ടറി: നേതൃത്വത്തിന്റെ നിര്‍ദേശത്തിനെതിരെ ബേബി ജോണ്‍

Saturday 23 June 2018 3:52 am IST
പുതിയ ജില്ലാ സെക്രട്ടറിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ തുടങ്ങിയതോടെ സിപിഎമ്മില്‍ കലഹം രൂക്ഷം. യു.പി.ജോസഫിനെ ജില്ലാ സെക്രട്ടറിയാക്കാനുള്ള നേതൃത്വത്തിന്റെ നീക്കത്തിനെതിരെ സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോണ്‍ കടുത്ത നിലപാടിലാണ്.

തൃശൂര്‍ : പുതിയ ജില്ലാ സെക്രട്ടറിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ തുടങ്ങിയതോടെ സിപിഎമ്മില്‍ കലഹം രൂക്ഷം.  യു.പി.ജോസഫിനെ ജില്ലാ സെക്രട്ടറിയാക്കാനുള്ള  നേതൃത്വത്തിന്റെ നീക്കത്തിനെതിരെ സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോണ്‍ കടുത്ത നിലപാടിലാണ്. 

നിലവിലെ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍ കേന്ദ്രക്കമ്മിറ്റിയംഗമായതിനെ തുടര്‍ന്നാണ് പകരക്കാരനെ തേടുന്നത്. എ.സി.മൊയ്തീന്‍-കെ.രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനാണ് ഇപ്പോള്‍ ജില്ലയില്‍ മേധാവിത്വം. മുന്‍പ് ഇ.പി.ജയരാജനൊപ്പമായിരുന്ന മൊയ്തീനും രാധാകൃഷ്ണനും ഇപ്പോള്‍ കോടിയേരിയുടെ പൂര്‍ണ നിയന്ത്രണത്തിലാണ്. ദേശാഭിമാനി മാനേജരും ജില്ലാ സെക്രട്ടറിയേറ്റംഗവുമായ യു.പി.ജോസഫിനെ സെക്രട്ടറിയാക്കാന്‍ കഴിഞ്ഞ ദിവസം കോടിയേരിയുടെ സാന്നിധ്യത്തില്‍ നേതൃത്വം ധാരണയിലെത്തിയിരുന്നു. 

ജില്ലാ സെക്രട്ടറിയേറ്റും ജില്ലാക്കമ്മിറ്റിയും വിളിച്ചു ചേര്‍ത്ത് ഇതിനംഗീകാരം നേടാനിരിക്കെയാണ് എതിര്‍പ്പുമായി മുതിര്‍ന്ന നേതാവായ ബേബി ജോണ്‍ രംഗത്തെത്തിയിട്ടുള്ളത്. മുന്‍.എം.എല്‍.എ ബാബു.എം.പാലിശ്ശേരിയുടെ പേരാണ് ബേബി ജോണ്‍ നിര്‍ദ്ദേശിക്കുന്നത്. യു.പി.ജോസഫിനേക്കാള്‍ സീനിയറാണെന്നതും  പത്തുവര്‍ഷം എംഎല്‍എ ആയിരുന്ന പരിചയവും ചൂണ്ടിക്കാണിച്ചാണ് ബേബി ജോണും അദ്ദേഹത്തോടടുത്ത നേതാക്കളും ബാബുവിനു വേണ്ടി വാദിക്കുന്നത്. 

സഹോദരനും മുന്‍ കുന്നംകുളം ഏരിയ സെക്രട്ടറിയുമായിരുന്ന ബാലാജി എം.പാലിശ്ശേരിയുമായുണ്ടായ പരസ്യ ഭിന്നതയെത്തുടര്‍ന്ന് നേരത്തെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് തരംതാഴ്ത്തിയ ബാബു പാലിശ്ശേരി ഈ വര്‍ഷം സെക്രട്ടറിയേറ്റില്‍ തിരിച്ചെത്തിയിട്ടുണ്ട്. യു.പി.ജോസഫ് ഈ വര്‍ഷമാണ് ആദ്യമായി ജില്ലാ സെക്രട്ടറിയേറ്റിലെത്തുന്നത്.  രണ്ടു തവണ വിജയിച്ച കുന്നംകുളം മണ്ഡലം പാര്‍ട്ടി നടപടിയുടെ ഭാഗമായി ബാബുവിന് ഇക്കുറി നിഷേധിക്കുകയായിരുന്നു. എ.സി.മൊയ്തീനാണ് അവിടെ സ്ഥാനാര്‍ത്ഥിയായത്. വിഭാഗീയതയെ തുടര്‍ന്ന് പാര്‍ട്ടി നടപടി നേരിട്ടയാളെ ജില്ലാ സെക്രട്ടറിയാക്കുന്നത് ശരിയല്ലെന്നാണ് മറുപക്ഷത്തിന്റെ നിലപാട്. എ.സി.മൊയ്തീനും കെ.രാധാകൃഷണനുമായിരുന്നു ബാബു പാലിശ്ശേരിക്കെതിരായ പരാതികളില്‍ അന്വേഷണച്ചുമതല. ഇവരുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നായിരുന്നു തരംതാഴ്ത്തല്‍. ബാബു ജില്ലാ സെക്രട്ടറിയാകുന്നതിനെ ഇവര്‍ ഒരു തരത്തിലും അനുകൂലിക്കാന്‍ സാധ്യതയില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.