ഭാരതത്തിന്റെ വിജയം;ഹിന്ദുത്വത്തിന്റേയും

Saturday 23 June 2018 4:25 am IST
അന്താരാഷ്ട്ര യോഗദിനാചരണത്തിന് തുടക്കം കുറിച്ചപ്പോള്‍ അതില്‍ അഭിമാനിക്കാതെയും ആനന്ദിക്കാതെയും, വിമര്‍ശിച്ചവരും പരിഹസിച്ചവരും നിരവധിയാണ്. ഇന്ത്യയിലെ ഇടതുപക്ഷവും ഇസ്ലാമിക-ക്രൈസ്തവ മതമൗലികവാദികളുമാണ് ഇത് ചെയ്തത്. സിപിഎം നേതാവ് സീതാറാം യെച്ചൂരി അങ്ങേയറ്റം മ്ലേച്ഛമായി യോഗയെ വിശേഷിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതുപോലെ യോഗ ലോകത്തെ ഒരിക്കല്‍ക്കൂടി ഒന്നിപ്പിച്ചിരിക്കുന്നു. നാലാമത് അന്താരാഷ്ട്ര യോഗദിനാചരണം ആഗോളതലത്തില്‍ പുതിയൊരു ജനമുന്നേറ്റത്തിന്റെ ആഹ്‌ളാദകരമായ കാഴ്ചകളാണ് സമ്മാനിച്ചത്. പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചതുപോലെ ഡെറാഡൂണ്‍ മുതല്‍ ഡബ്ലിന്‍വരെയും, ഷാങ്ഹായ് മുതല്‍ ചിക്കാഗോ വരെയും, ജക്കാര്‍ത്ത മുതല്‍ ജോഹന്നാസ്ബര്‍ഗ്‌വരെയും, ഹിമാലയ മലനിരകള്‍ മുതല്‍ ആഫ്രിക്കന്‍ മരുഭൂമികള്‍ വരെയും, സ്‌റ്റോക്‌ഹോം മുതല്‍ സാവോപോളോ വരെയും ദശലക്ഷക്കണക്കിന് ജീവിതങ്ങളില്‍ യോഗ ആത്മാനുഭൂതി നിറച്ചിരിക്കുന്നു. ഇത് വെറുമൊരു ദിനാചരണമല്ലെന്ന് വ്യക്തം. മതത്തിനും ഭാഷയ്ക്കും േവഷഭൂഷാദികള്‍ക്കുമപ്പുറം ലോകജനതയെ ഒന്നിപ്പിക്കുന്ന അതുല്യ ശക്തിവിശേഷമായി യോഗ ദിനാചരണം മാറിയിരിക്കുന്നു.

ഐക്യരാഷ്ട്രസഭ അംഗീകരിച്ചിട്ടുള്ള അന്താരാഷ്ട്ര ദിനാചരണങ്ങൡ ഏതാണ്ട് എല്ലാംതന്നെ പാശ്ചാത്യമാണ്. യോഗ ഭാരതീയ സങ്കല്‍പ്പത്തില്‍ അധിഷ്ഠിതമായ ദിനാചരണമാണ്. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ 50,000 പേര്‍ക്കൊപ്പം യോഗ ചെയ്തുകൊണ്ട് നരേന്ദ്ര മോദി അങ്ങേയറ്റം അഭിമാനത്തോടെ പറഞ്ഞ ഒരു കാര്യമുണ്ട്. ലോകം ഭാരതത്തെ ബഹുമാനിക്കണമെങ്കില്‍ സ്വന്തം പൈതൃകത്തെ നാം ആദരിക്കേണ്ടതുണ്ടെന്നും, നമ്മുടെ പൈതൃകത്തില്‍ നാം അഭിമാനിച്ചാല്‍ ലോകവും അതില്‍ അഭിമാനിക്കാന്‍ മടിക്കില്ലെന്നുമാണ് പ്രധാനമന്ത്രി ഓര്‍മപ്പെടുത്തിയത്. യോഗയുടെ കാര്യത്തില്‍ ഇതു പറയാന്‍ ഏറ്റവും അര്‍ഹനായ വ്യക്തിയാണ് മോദി. 

പ്രധാനമന്ത്രിയെന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ ശ്രമഫലമായാണ് 2015-ല്‍ ഐക്യരാഷ്ട്രസഭ ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനമായി അംഗീകരിച്ചത്. ഭാരതം മുന്നോട്ടുവച്ച ഈ നിര്‍ദ്ദേശത്തിന് അഭൂതപൂര്‍വ്വമായ പിന്തുണ ലഭിച്ചു. 177 രാജ്യങ്ങളാണ് പിന്തുണച്ചത്. ചരിത്രത്തില്‍ മറ്റൊരു ദിനാചരണത്തിന്റെ കാര്യത്തിലും ഇത്രയേറെ പിന്തുണ ലഭിച്ചിട്ടില്ല. തനിമയോടെ അവതരിപ്പിച്ചാല്‍ ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും ലോകം കാത്തുനില്‍ക്കുകയാണെന്നതിന് തെളിവാണിത്.

അന്താരാഷ്ട്ര യോഗദിനാചരണത്തിന് തുടക്കം കുറിച്ചപ്പോള്‍ അതില്‍ അഭിമാനിക്കാതെയും ആനന്ദിക്കാതെയും, വിമര്‍ശിച്ചവരും പരിഹസിച്ചവരും നിരവധിയാണ്. ഇന്ത്യയിലെ ഇടതുപക്ഷവും ഇസ്ലാമിക-ക്രൈസ്തവ മതമൗലികവാദികളുമാണ് ഇത് ചെയ്തത്. സിപിഎം നേതാവ് സീതാറാം യെച്ചൂരി അങ്ങേയറ്റം മ്ലേച്ഛമായി യോഗയെ വിശേഷിപ്പിച്ചു. യെച്ചൂരിയുടെ പാര്‍ട്ടിക്കാരിയും പിണറായി സര്‍ക്കാരിലെ ആരോഗ്യമന്ത്രിയുമൊക്കെ യോഗയെ അപഹസിച്ചവരില്‍പ്പെടുന്നു. കമ്യൂണിസ്റ്റ് ചൈനപോലും യോഗയെ തുറന്ന മനസ്സോടെ സ്വീകരിക്കുകയും, യോഗ പഠിപ്പിക്കാന്‍ ഇന്ത്യയില്‍നിന്ന് അധ്യാപകരെ ക്ഷണിച്ചുകൊണ്ടുപോവുകയും ചെയ്യുമ്പോഴാണ് ഇന്നും ഇരുട്ടില്‍ തപ്പുന്ന ഇന്ത്യന്‍ ഇടതുപക്ഷം യോഗയോട് മുഖംതിരിച്ചത.് എന്നാല്‍ അവര്‍ക്കും ഇപ്പോള്‍ ബോധോദയമുണ്ടായിരിക്കുന്നു. യോഗ ഋഗ്വേദത്തിനും മുന്നേയുള്ളതാണെന്ന് അവര്‍ കണ്ടുപിടിച്ചിരിക്കുന്നു! ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ സ്വാഗതാര്‍ഹമാണ് ഈ മനംമാറ്റം.

യോഗ ഭാരതീയമാണ്, ഹൈന്ദവമാണ്. അതുകൊണ്ടുതന്നെ മതേതരവുമാണ്. സാക്ഷാല്‍ ശ്രീപരമേശ്വരനാണ് യോഗയുടെ അധിദേവന്‍. പതഞ്ജലി വ്യാഖ്യാതാവും. യോഗയെ ഹിന്ദുത്വത്തില്‍നിന്ന് വേര്‍പ്പെടുത്താന്‍ ശ്രമിക്കുന്നത് അഗ്‌നിയെ ചൂടില്‍നിന്ന് വേര്‍പെടുത്താന്‍ ശ്രമിക്കുന്നതുപോലെ നിഷ്ഫലും നിരര്‍ത്ഥകവുമായിരിക്കും. ഇതൊരു തുടക്കമാണ്. ഇന്ന് യോഗയാണ് ലോകത്തിന് പ്രിയങ്കരമെങ്കില്‍ നാളെ അത് ആയുര്‍വേദമാവും. പിന്നെ സംസ്‌കൃതവും വേദഗണിതവുമാകും. ഇരുപെത്താന്നാം നൂറ്റാണ്ട് ഭാരതത്തിന്റേതായിരിക്കുമെന്ന് പറയാന്‍ ഇനിയാരും മടിക്കേണ്ടതില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.