യോഗയിലൂടെ ഓംശാന്തിയിലേക്ക്

Saturday 23 June 2018 3:28 am IST
കഴിഞ്ഞ വര്‍ഷം 186 ലോകരാജ്യങ്ങളില്‍ യോഗ ചെയ്തു. ഒരു ദിവസം ലക്ഷക്കണക്കിന് ആളുകള്‍ യോഗ ചെയ്യുന്ന സമ്പ്രദായം അതിന് മുന്‍പ് ഉണ്ടായിട്ടില്ല. ഇന്ന് യോഗ ലോക സംസാരമാണ്. ആയുര്‍വേദത്തോടൊപ്പം ആരോഗ്യത്തിനും മനഃസമാധാനത്തിനും ഭാരതം നല്‍കിയ സംഭാവനയാണ് യോഗ എന്നതില്‍ ഇന്ന് തര്‍ക്കമില്ല

പ്രാര്‍ത്ഥനയിലും യജ്ഞങ്ങളിലും യാഥാര്‍ത്ഥ്യങ്ങളുണ്ടെന്ന് പി.ജയരാജന്‍ അടുത്തകാലത്താണ് തിരിച്ചറിഞ്ഞത്. ക്ഷേത്രദര്‍ശനം നടത്തുന്നതും ഭഗവാനില്‍ ആശ്രയം കണ്ടെത്തുന്നതും പിന്തിരിപ്പന്‍ നിലപാടെന്ന മാര്‍ക്‌സിസ്റ്റുകാരുടെ ധാരണയ്ക്ക് വിപരീതമാണ് കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ വെളിപാട്. അതിന് പിന്നാലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂരില്‍ ദര്‍ശനത്തിനെത്തുന്നതും കാണിക്ക സമര്‍പ്പിക്കുന്നതും കേരളം കണ്ടു. ജി.സുധാകരന്‍ ദേവസ്വം ഭരിച്ചപ്പോള്‍ ബിംബം തൊഴാന്‍ മെനക്കെട്ടില്ലെന്ന്  മാത്രമല്ല കൈകൂപ്പുന്നതിന് പകരം പൃഷ്ടം കാട്ടി അസ്വദിക്കാനും അദ്ദേഹത്തിന് സാധിച്ചു.

കാടാമ്പുഴയില്‍ പൂമുടല്‍ ചടങ്ങ് പി.ബി.മെമ്പറുടെ പേരില്‍ നടത്താമെങ്കില്‍ ഇതൊക്കെ നിസ്സാരം. ഒരു ആരാധനാലയം ഇല്ലാതായാല്‍ അത്രയും അന്ധവിശ്വാസം നീങ്ങി എന്ന് പ്രചരിപ്പിച്ചവരാണല്ലൊ ഇക്കൂട്ടര്‍. ഭഗവാനെന്തിനാ പാറാവ് എന്ന് ചോദിച്ചത് മുഖ്യമന്ത്രിയായിരിക്കെ പിബി മെമ്പറായ ഇ.കെ.നായനാരാണല്ലോ. ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ നിന്നും വിഗ്രഹം മോഷ്ടിച്ചതിനെക്കുറിച്ചുള്ള വിവാദത്തിന് നടുവിലായിരുന്നുനായനാരുടെ ചോദ്യം. ദൈവ നാമത്തില്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിന് വിശദീകരണം ചോദിച്ച പാര്‍ട്ടിക്ക് ഇരുട്ടിവെളുക്കുമ്പോള്‍ പുതിയ വെളിപാടുണ്ടായെങ്കില്‍ അത് ദൈവ നിശ്ചയമെന്നേ വിശ്വാസികള്‍ കരുതൂ. യോഗയെക്കുറിച്ചുള്ള വിലാപങ്ങള്‍ കേട്ടപ്പോഴാണ് പഴയകാര്യങ്ങള്‍ ഓര്‍ത്തുപോയത്.

ജൂണ്‍ 21 ലോക യോഗ ദിനമായി അംഗീകരിച്ചത് ഐക്യരാഷ്ട്രസഭയാണ്. യോഗ നരേന്ദ്രമോദി അധികാരത്തിലെത്തിയശേഷമുള്ള സംഗതിയല്ല. വിദേശികള്‍ യോഗയില്‍ ആകര്‍ഷകരായിട്ട് നൂറ്റാണ്ടുകള്‍ തന്നെ ആയിക്കാണും. അതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങള്‍. പക്ഷേ ആഗോളദിനം വന്നത് നരേന്ദ്രമോദിയുടെ ആവശ്യപ്രകാരമാണ്.

കഴിഞ്ഞ വര്‍ഷം 186 ലോകരാജ്യങ്ങളില്‍ യോഗ ചെയ്തു. ഒരു ദിവസം ലക്ഷക്കണക്കിന് ആളുകള്‍ യോഗ ചെയ്യുന്ന സമ്പ്രദായം അതിന് മുന്‍പ് ഉണ്ടായിട്ടില്ല. ഇന്ന് യോഗ ലോക സംസാരമാണ്. ആയുര്‍വേദത്തോടൊപ്പം ആരോഗ്യത്തിനും മനഃസമാധാനത്തിനും ഭാരതം നല്‍കിയ സംഭാവനയാണ് യോഗ എന്നതില്‍ ഇന്ന് തര്‍ക്കമില്ല. യോഗയെക്കുറിച്ച് യോഗാദിനത്തില്‍ കേരള മുഖ്യമന്ത്രി അദ്ദേഹത്തിന്റെ മനസ്സിലിരിപ്പ് പുറത്തുവിട്ടു. യോഗ എന്നത് മതാതീതമാണെന്നും സങ്കുചിത മതത്തിന്റെ ഏര്‍പ്പാടായി ചുരുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു എന്നാണ് 'പിണറായി എന്ന സ്വതന്ത്ര റിപ്പബ്ലിക്കിന്റെ തലവന്‍ വിജയന്‍' കണ്ടെത്തിയിരിക്കുന്നത്.

പൗരാണികകാലത്ത് ഉണ്ടായതാണ് യോഗ. പതഞ്ജലി മഹര്‍ഷിയാണതിന്റെ സൃഷ്ടാവ് എന്നൊക്കെ കേള്‍ക്കാത്തവരുണ്ടാകില്ല. മഹര്‍ഷിമാര്‍ മാര്‍ക്‌സിനെപ്പോലെ സങ്കുചിത സംഘടനയുടെയോ പ്രത്യയശാസ്ത്രത്തിന്റെയോ വക്താക്കളല്ല. സര്‍വസംഗപരിത്യാഗികളാണ് മഹര്‍ഷിമാര്‍. അവര്‍ക്ക് ജാതിയില്ല, മതമില്ല, വര്‍ഗമില്ല, വര്‍ണമില്ല. അവരുടെ ചിന്തകളും കാഴ്ചയും കാഴ്ചപ്പാടും സര്‍വചരാചരങ്ങള്‍ക്കും വേണ്ടിയാണ്. 

അതുകൊണ്ടാണ് സര്‍വരും ഇന്ന് യോഗയെ ആലിംഗനം ചെയ്യുന്നത്. ഹിന്ദുവും ഇസ്ലാമും ക്രിസ്ത്യാനിയും എന്നുവേണ്ട ലോകമെമ്പാടുമുള്ള എല്ലാ വിഭാഗങ്ങളും യോഗയെ സ്വീകരിക്കുന്നു.

സര്‍വര്‍ക്കും സുഖവും സന്തോഷവും പ്രദാനം ചെയ്യട്ടെ എന്ന് ഏത് ഭാഷയില്‍ പ്രാര്‍ത്ഥിച്ചാലും അതിലെന്താണ് അപകടം. സംസ്‌കൃതത്തില്‍ ഇക്കാര്യം പറഞ്ഞാല്‍ ആകാശം പൊട്ടിവീഴുമോ? ഇതേകാര്യം  അറബിയില്‍ പറഞ്ഞാല്‍ അത് വര്‍ഗീയമാകുമോ? യോഗദിനം ആര്‍എസ്എസ് സ്ഥാപകന്റെ ചരമദിനത്തിലായതെന്തുകൊണ്ട് എന്നായിരുന്നല്ലോ ചോദ്യം. 

എന്തിനാണ് അനവസരത്തില്‍ ഈ ചോദ്യം ഉയര്‍ത്തിയത്. പ്രഖ്യാപിത ആര്‍എസ്എസ് വിരോധികളെ യോഗദിനത്തില്‍ നിന്നും അകറ്റിനിര്‍ത്താനല്ലെ? എന്നിട്ടും ലക്ഷ്യം കണ്ടില്ല. പിണറായി വിജയനടക്കം യോഗാ ദിനത്തില്‍ പങ്കെടുക്കേണ്ടിവന്നു. കഴിഞ്ഞവര്‍ഷം ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ യോഗാദിനം നടന്നപ്പോള്‍ ആരോഗ്യമന്ത്രിയുടെ മുഖം കടന്നല്‍ കുത്തിയതുപോലെയായിരുന്നു. എല്ലാവരും യോഗയുടെ ഒരു ചെറിയ ഭാഗമെങ്കിലും ആകാന്‍ നോക്കിയപ്പോള്‍ മരുമകളോട് പിണങ്ങിയ അമ്മായിയമ്മയെ പോലെയായിരുന്നു കെ.കെ.ശൈലജ.

ഇക്കുറി ഭാവമെങ്കിലും മാറി. ഭക്തിപൂര്‍വ്വം മിഴിയടച്ച് ഇരിക്കുന്ന ശൈലജയില്‍ അല്പ്പം പ്രതീക്ഷ നിഴലിച്ചു. ഈ മന്ത്രിസഭയുടെ കാലാവധി പൂര്‍ത്തിയാകും മുന്‍പ് അവര്‍ ശീര്‍ഷാസനം ചെയ്യുന്നത് കണ്ടെന്നുവരാം. വിജയേട്ടന്റെ ഉപദേശവും അതായിരുന്നല്ലോ. യോഗ ആര്‍ക്കും വിട്ടുകൊടുക്കേണ്ടതില്ല എന്ന് പറയുമ്പോള്‍ യോഗയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചേക്കും. അതാണ് സനാതനം, ആര്‍ഷ സംസ്‌കാരം. എല്ലാവരെയും ഉള്‍ക്കൊള്ളുന്നവര്‍ക്ക് ആരെ ഒഴിവാക്കണമെന്ന ചിന്തയില്ല. പിന്നെ മതാതീതം എന്നൊക്കെയുള്ള കടുത്ത പ്രയോഗങ്ങള്‍ എന്തിനാണ്?

തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്, മനുഷ്യന്റെ വര്‍ദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്റെ പിരി അയയ്ക്കാന്‍ യോഗയ്ക്കുള്ള കഴിവ് അതുല്യമാണ്.ആധുനികചികിത്സാ സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ മാറ്റാനും അതുവഴി ആ പുരാതന സമ്പ്രദായത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുമുള്ള പരിശ്രമങ്ങളാണ് നടന്നുവരുന്നത്.

വളരെ പുരാതനമായ ഒരു ചരിത്രമുണ്ട് യോഗയ്ക്ക്. നമ്മുടെ പൂര്‍വ്വികരായ ഋഷിമാര്‍ ദീര്‍ഘകാലത്തെ ധ്യാനമനനാദികളാല്‍ നേടിയെടുത്ത വിജ്ഞാനമാണിത്. വാമൊഴിയിലൂടെ ശിഷ്യപരമ്പരകള്‍ക്കു പകര്‍ന്നുകിട്ടിയ ഈ വിജ്ഞാനം പിന്നീട് താളിയോലഗ്രന്ഥങ്ങളിലൂടെ വരമൊഴിയായി മാറി. തലമുറകളായി ഫലം കണ്ടുവരുന്നതും വിശ്വാസമാര്‍ജ്ജിച്ചതുമായ ഒരു ചികിത്സാമാര്‍ഗമാണിത്.

ശരീരത്തിന്റെ വളവുകള്‍ യോഗയിലൂടെ നിവര്‍ത്തി ശ്യാസകോശത്തിന്റെ പൂര്‍ണ സംഭരണ ശേഷിയിലെത്തിക്കുകയും ഇതുവഴി പ്രാണവായുവിന്റെ ഉപയോഗം ശരിയായ നിലയിലെത്തിക്കുന്നു ഇങ്ങനെ ലഭിക്കുന്ന പ്രാണവായു രക്തത്തിലൂടെ തലച്ചോറിലെത്തുന്നു ഇതുവഴി തലച്ചോറിന്റെ പ്രവര്‍ത്തനം ഉന്നതിയിലെത്തുന്നു ഉയര്‍ന്ന ചിന്തകള്‍ ഉണ്ടാകുന്നു വികാരനിയന്ത്രണം സാധ്യമാകുന്നു ആത്മീയ ഉന്നതിലഭിക്കുന്നു. ആത്മീയതയിലെത്തിയാല്‍ പിന്നെ പ്രത്യയ ശാസ്ത്രത്തിന്റെ ആവശ്യമുണ്ടാകില്ല. അരഡസനിലധികമുള്ള ഉപദേശികളെ ഉപേക്ഷിക്കാനും ഭരണാധികാരികള്‍ക്ക് സാധിക്കും യോഗയിലൂടെ ഓം ശാന്തിയിലേക്ക്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.