ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടം മാറ്റി വരച്ച ജനനായകന്‍

Saturday 23 June 2018 5:32 am IST

അറുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1953 ജൂണ്‍ 23ന് കശ്മീരിലെ ശ്രീനഗറില്‍ താല്‍ക്കാലികമായി തടവറയാക്കപ്പെട്ട ഒരു ചെറുബംഗ്ലാവില്‍ ദുരൂഹസാഹചര്യത്തില്‍ ഭാരതത്തിലെ ഏറ്റവും ശക്തനായ രാഷ്ട്രീയനേതാക്കളുടെ മുന്‍നിരയില്‍ ഉണ്ടായിരുന്ന ഭാരതീയ ജനസംഘ സ്ഥാപക അധ്യക്ഷന്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി അന്തരിച്ച വിവരം ലോകമറിഞ്ഞു. അന്ന് 52 വയസ്സുമാത്രം പ്രായമായിരുന്ന ഡോ. മുഖര്‍ജി, ജമ്മുകശ്മീര്‍ സംസ്ഥാനത്തെ ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പമുള്ള പദവിയില്‍ എത്തിക്കണമെന്നും ഒരു രാജ്യത്ത് രണ്ട് ഭരണഘടനയും രണ്ട് ജനപ്രതിനിധിസഭകളും രണ്ട് പതാകകളും പാടില്ലെന്നുമുള്ള മുദ്രാവാക്യവുമായി പത്താന്‍കോട്ടിനടുത്തുള്ള രാവി നദിയിലെ പാലം കടന്ന് അനുയായിസഹസ്രങ്ങളോടൊപ്പം സംസ്ഥാനത്ത് പ്രവേശിച്ചതായിരുന്നു.

പ്രധാനമന്ത്രി നെഹ്‌റു തന്റെ അര്‍ദ്ധസഹോദരനായി കരുതിയ ഷേഖ് മുഹമ്മദ് അബ്ദുള്ളയായിരുന്നു സംസ്ഥാനത്തെ പ്രധാനമന്ത്രി. അന്ന് ജമ്മുകശ്മീരില്‍ മറ്റ് സംസ്ഥാനങ്ങളിലെപ്പോലെ മുഖ്യമന്ത്രിയും ഗവര്‍ണ്ണറുമല്ല പ്രധാനമന്ത്രിയും സദര്‍ എ റിയാസത്തു മാണുണ്ടായിരുന്നത്. 1947ല്‍ സംസ്ഥാനം ഭാരതത്തില്‍ ലയിച്ചപ്പോള്‍ മറ്റ് രാജ്യങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമായി ഒരു നടപടിയെടുത്തു. ഭരണഘടന രൂപീകരിച്ചപ്പോള്‍ അതിലെ 330-ാം വകുപ്പ് പ്രകാരം സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കപ്പെട്ടു. അത് പ്രകാരം പ്രത്യേക ഭരണഘടനും പതാകയും നിയമസഭയും നല്‍കി. ഇന്ത്യന്‍ ഭരണഘടനയുടെ വകുപ്പുകള്‍ കശ്മീരിന് ബാധകമായില്ല. പാര്‍ലമെന്റ് പാസ്സാക്കിയ നിയമങ്ങള്‍ അവിടുത്തെ നിയമസഭകൂടി അംഗീകരിച്ചാലേ അവിടെ നടപ്പാകൂ. 

ഭാരതത്തിലെ പൗരന്മാര്‍ക്ക്, രാഷ്ട്രപതിക്ക്‌പോലും സംസ്ഥാനത്ത് സ്വന്തമായി സ്ഥലം കൈവശം വയ്ക്കാന്‍ കഴിയുമായിരുന്നില്ല. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജമ്മുകശ്മീരില്‍ പ്രവേശിക്കാന്‍ പാസ്‌പോര്‍ട്ട് വേണ്ടിയിരുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാരതസംസ്‌കൃതിക്ക് അടിത്തറയിട്ട മഹാത്മാക്കള്‍ പിറന്ന കേരളത്തില്‍ പോലും രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് എത്തിയിരുന്ന, ഇന്നും നിലനില്‍ക്കുന്ന കൗളസമ്പ്രദായമെന്ന ആരാധനാരീതിയടെ ജന്മദേശമായ ശ്രീശങ്കരാചാര്യര്‍ സര്‍വ്വജ്ഞപീഠം കയറിയ ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ക്ക് അനുസരിച്ച് വലുതും ചെറുതുമാകുന്ന ഹൈമശിവലിംഗസ്ഥാനമായ അമരാനാഥനും മഹാവൈഷ്‌ണോദേവിയും അധിവസിക്കുന്ന കശ്മീര്‍ ചരിത്രത്തിലെ ആകസ്മികതമൂലം മുസ്ലീംഭൂരിപക്ഷമായി എന്നപേരില്‍ വേറിട്ട് നിര്‍ത്താന്‍ നടന്ന ഗൂഢാലോചനയെ തകര്‍ക്കാനായിരുന്നു ഡോ. മുഖര്‍ജി കശ്മീരിലേക്ക് ദൗത്യം നടത്തിയത്. 

ബംഗാളിന്റെ അധിപ്രഗത്ഭ വിദ്യാഭ്യാസ വിദഗ്ദ്ധനും ന്യായാധിപനും മറ്റ് പലതുമായിരുന്ന ആശുതോഷ് മുഖര്‍ജിയുടെ പുത്രനായി 1902ല്‍ ജനിച്ച ശ്യാമപ്രസാദ് ഏര്‍പ്പെട്ട എല്ലാകാര്യങ്ങളിലും ഒന്നാമനായിരുന്നു. കല്‍ക്കത്ത സര്‍വ്വകലാശാലയില്‍ പഠിക്കുന്ന കാലത്ത് തന്നെ അക്കാദമിക് കൗണ്‍സില്‍ അംഗമായി. 33-ാം വയസ്സില്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാന്‍സിലറായി. സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ എത്തിച്ചേരാനും താമസമുണ്ടായില്ല. ബംഗാളിലെ രാഷ്ട്രീയത്തില്‍ മുസ്ലീംലീഗിന്റെ വിഭജനതന്ത്രം ശക്തമാകുന്നതുകണ്ടപ്പോള്‍ കിഴക്കന്‍ ബംഗാളിലെ ന്യൂനപക്ഷമായ ഹിന്ദുക്കളുടെ സുരക്ഷിതത്വത്തില്‍ ആശങ്കയുണ്ടായ അദ്ദേഹം അവരില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ ശ്രമിച്ചു. ജിന്നയും മുസ്ലീംലീഗും വിഭാവനം ചെയ്ത പാക്കിസ്ഥാനില്‍ മുഴുവന്‍ ബംഗാളും ആസാമും ഉള്‍പ്പെടേണ്ടിയിരുന്നു. അതിനാല്‍ ഭാരതം വിഭജിക്കുകയാണെങ്കില്‍ ബംഗാളിനെയും വിഭജിക്കണമെന്ന് അദ്ദേഹം ശഠിച്ചു. അതില്‍ വിജയിക്കുകയും ചെയ്തു. ''ബ്രിട്ടീഷുകാരും ജിന്നയും ചേര്‍ന്ന് ഇന്ത്യയെ വിഭജിച്ചു. ഞാന്‍ പാക്കിസ്ഥാനെ വിഭജിച്ചു.'' എന്നാണ് അദ്ദേഹം അതിനെപ്പറ്റി പറഞ്ഞത്.

സ്വാതന്ത്ര്യത്തിന് ശേഷമുണ്ടാക്കിയ മന്ത്രിസഭയില്‍ കോണ്‍ഗ്രസ്സുകാര്‍ മാത്രം പോരാ പുറമേയുളളവരും വേണമെന്ന ഗാന്ധിജിയുടെ ആഗ്രഹപ്രകാരം ശ്യാമപ്രസാദ് മുഖര്‍ജിയെ നെഹ്‌റു മന്ത്രിസഭയില്‍ എടുത്തു. വ്യവസായ വകുപ്പായിരുന്നു അദ്ദേഹത്തിന് നല്‍കപ്പെട്ടത്. സര്‍ദാര്‍ പട്ടേലിനെ ഹിന്ദുമനസ്‌കനായ കോണ്‍ഗ്രസ്സുകാരനും, ഡോ.മുഖര്‍ജിയെ കോണ്‍ഗ്രസ് മനസ്‌കനായ ഹിന്ദുമഹാസഭക്കാരനെന്നുമാണ് ഗാന്ധിജി വിശേഷിപ്പിച്ചത്. മുഖര്‍ജി നേരത്തെ മഹാസഭയുടെ അധ്യക്ഷസ്ഥാനം വഹിച്ചിരുന്നു. മന്ത്രിയെന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഏറ്റവും മികച്ചതായിരുന്നു. വ്യവസായ രംഗത്തെ സ്വാശ്രയതയ്ക്ക് അടിത്തറയിട്ടത് അദ്ദേഹമായിരുന്നുവെന്ന് നിസ്സംശയം പറയാം. രാജ്യത്തിന് ഏറ്റവും അഭിമാനകരമായ ചിത്തരഞ്ജന്‍ തീവണ്ടിയന്ത്രനിര്‍മ്മാണശാല, ഹിന്ദുസ്ഥാന്‍ എയര്‍ക്രാഫ്റ്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ ആരംഭിച്ച് റിക്കോര്‍ഡ് സമയത്തിനകം ഉല്‍പാദനം തുടങ്ങുകയും ചെയ്തു. 

കിഴക്കന്‍ ബംഗാളിലെ ഹിന്ദുപീഡനങ്ങളും അഭയാര്‍ത്ഥി പ്രവാഹവും നിയന്ത്രണാതീതമായപ്പോള്‍ പ്രധാനമന്ത്രി നെഹ്‌റുവും പാക്ക് പ്രധാനമന്ത്രി ലിയാക്കത്ത് അലിയുമായുണ്ടാക്കിയ കരാര്‍ ഹിന്ദുക്കള്‍ക്ക് ദോഷകരമായിരുന്നതിനാല്‍ പ്രതിഷേധിച്ചു ഡോ. മുഖര്‍ജി മന്ത്രിസ്ഥാനം രാജിവച്ചു. തുടര്‍ന്ന് പാര്‍ലമെന്റില്‍ ചെയ്ത വിശദീകരണപ്രസംഗം സഭകേട്ട ഏറ്റവും ഉജ്ജ്വലമായ വാഗ്‌ധോരണിയായിരുന്നു. 

പണ്ഡിറ്റ് നെഹ്‌റുവിന്റെ ആപല്‍കരമായ മുസ്ലീംപ്രീണനനയത്തെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ശുദ്ധദേശീയതയ്ക്ക് വേണ്ടി നിലകൊള്ളുന്ന പുതിയരാഷ്ട്രീയപ്രസ്ഥാനം ആരംഭിക്കാനുള്ള അദ്ദേഹത്തിന്റെ അന്വേഷണം, രാഷ്ട്രീയ സ്വയം സേവകസംഘത്തിന്റെ നിസ്വാര്‍ത്ഥസേവകരിലേക്ക് ശ്രദ്ധയാര്‍കര്‍ഷിച്ചു. ശ്രീഗുരുജി ഗോള്‍വള്‍ക്കറുമായി നടത്തിയ സുദീര്‍ഘമായ സംഭാഷണങ്ങള്‍ക്ക് ശേഷം സംഘത്തിലെ അതിസമര്‍ത്ഥരായ ഏതാനും പ്രചാരകന്മാരെ അദ്ദേഹത്തെ സഹായിക്കാന്‍ നിയോഗിച്ചു. ദീനദയാല്‍ ഉപാധ്യായ, അടല്‍ബിഹാരി വാജ്‌പേയ്, നാനാജി ദേശ്മുഖ്, സുന്ദര്‍സിംഗ് ഭണ്ഡാരി, കുശഭാവു ഠാക്കറെ, യജ്ഞദത്ത് ശര്‍മ്മ, എല്‍.കെ. അദ്വാനി, ഭായി മഹാവീര്‍, ജഗന്നാഥറാവു ജോഷി മുതലായ പ്രതിഭാശാലികളെ കയ്യില്‍ കിട്ടിയപ്പോള്‍ മുഖര്‍ജി സന്തോഷംകൊണ്ടു മതിമറന്നു. തന്റെ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യയും ദല്‍ഹിയിലും പഞ്ചാബിലും രൂപീകൃതമായിരുന്ന ജനസംഘവും ചേര്‍ന്ന് ഭാരതീയ ജനസംഘത്തിന് രൂപം നല്‍കി. അതിന്റെ രൂപീകരണ സമ്മേളനം 1951 ഒക്ടോബര്‍ 21 ന് ദല്‍ഹിയില്‍ നടന്നു. ഭാരതത്തിന്റെ രാഷ്ട്രീയഭൂപടം മാറ്റിവരയ്ക്കാന്‍ ദീനദയാലിനെപ്പോലെയുള്ള രണ്ട് പേര്‍ കൂടി ലഭിച്ചാല്‍ മതിയെന്ന് ഡോ. മുഖര്‍ജി അഭിപ്രായപ്പെട്ടിരുന്നു. അന്‍പത് വര്‍ഷം കഴിഞ്ഞാണെങ്കിലും അവര്‍ ഭൂപടം മാറ്റി സൃഷ്ടിച്ചതിന് ഇന്ന് നാം സാക്ഷികളാണല്ലോ. 

അതിനിടെ ജമ്മുകശ്മീരിലേക്ക് അബ്ദുള്ള ഭരണത്തിന്റെ ജമ്മുവിരുദ്ധ, ഹിന്ദു-സിഖ് വിരുദ്ധ നടപടികള്‍ക്കെതിരെ ജനരോഷം ശക്തമായി വന്നു. പണ്ഡിറ്റ് പ്രേംനാഥ് ഡോഗ്രയുടെ നേതൃത്വത്തില്‍  സ്ഥാപിതമായ ജമ്മുകശ്മീര്‍ പ്രജാപരിഷത്ത് ആ ഭീകരവാഴ്ചക്കെതിരെ ജനകീയപ്രക്ഷോഭം ആരംഭിച്ചു. പ്രക്ഷോഭത്തെ ഷേയ്ക്ക് ഭരണം ഉരുക്ക് മുഷ്ടിയുപയോഗിച്ച് നേരിട്ടു. സംസ്ഥാനത്തെ ഭാരതത്തില്‍ പൂര്‍ണ്ണമായി വിലയിപ്പിക്കണം ജമ്മുമേഖലയോടുള്ള വിവേചനം അവസാനിപ്പിക്കണം, പാക്കധീന കശ്മീര്‍ പ്രദേശങ്ങള്‍ വീണ്ടെടുക്കണം തുടങ്ങിയവയാരിന്നു ആവശ്യങ്ങള്‍. സത്യഗ്രഹികളെ നേരിട്ടുകാണാന്‍ മുഖര്‍ജി ജമ്മുവിലെത്തി 'ഞാന്‍ നിങ്ങള്‍ക്ക് ഭാരത ഭരണഘടന നേടിത്തരും, അല്ലെങ്കില്‍ അതിനായി ജീവന്‍ സമര്‍പ്പിക്കും! എന്ന് അവിടുത്തെ പൊതുയോഗത്തില്‍ പ്രഖ്യാപിച്ചു. അതില്‍ അറം പറ്റിയോ?

ദല്‍ഹിയില്‍ മടങ്ങിയെത്തിയ ഡോ.മുഖര്‍ജിയും ജനസംഘപ്രവര്‍ത്തകരും ഭാരത ഭരണഘടന ജമ്മുകശ്മീരിനും ബാധകമാക്കണമെന്ന ആവശ്യത്തിനായി രാജ്യവ്യാപകമായ പ്രക്ഷോഭത്തിനാഹ്വാനം ചെയ്തു. തന്റെ ഉദ്ദേശം അദ്ദേഹം പ്രധാനമന്ത്രി നെഹ്‌റുവിനെ എഴുതി അറിയിച്ചു. പാര്‍ലമെന്റില്‍  ഈ വിഷയത്തെക്കുറിച്ച് അദ്ദേഹം ഗംഭീര പ്രഭാഷണത്തിലൂടെ വിശദീകരിച്ചു. താന്‍ കശ്മീരിലേക്കു പോകാന്‍ തീര്‍ച്ചയാക്കിയ വിവരത്തിന് അദ്ദേഹം ഷേയ്ക്ക് അബ്ദുള്ളയ്ക്കും നെഹ്‌റുവിനും കത്തെഴുതി. 1953 മെയ് 8ന് അദ്ദേഹവും സംഘവും ദല്‍ഹിയില്‍ നിന്നും പുറപ്പെട്ടു. അടല്‍ ബിഹാരി വാജ്‌പേയി സെക്രട്ടറിയായി ചുമതല വഹിച്ചു. 

വഴിനീളെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി. പാതിപത്ത്, ഫഗ്വാഡ, അംബാല, ജാലന്ധര്‍ വഴി പഠാന്‍കോട്ടിലെത്തി. 11-ാം തീയതി ജമ്മുകാശ്മീര്‍ ഭരണം ഡോ. മുഖര്‍ജിക്ക് പ്രവേശനാനുമതി നിഷേധിച്ചു. രാവി നദിയുടെ മധ്യേയുള്ള പാലം പകുതിയെത്തിയപ്പോള്‍ കാശ്മീര്‍ മിലീഷ്യ അദ്ദേഹത്തെ അറസ്റ്റുചെയ്ത് സഹപ്രവര്‍ത്തകരില്‍നിന്നു വേര്‍പെടുത്തി ശ്രീനഗറിലേക്കു കൊണ്ടുപോയി. ഗുരുദത്ത വൈദ്യയും, ഠേക്ചന്ദ് എന്ന സഹപ്രവര്‍ത്തകരെയും താല്‍ക്കാലിക ജയിലിലായി പ്രഖ്യാപിക്കപ്പെട്ട ഒരു മന്ദിരത്തിലേക്കു കൊണ്ടുപോയി.

പാര്‍ലമെന്റിലെ പ്രമുഖാഗംവും മുന്‍മന്ത്രിയുമായ മുഖര്‍ജിക്ക് ആവശ്യമായ വൈദ്യപരിശോധനയോ കൈയിലെടുത്തിരുന്ന പതിവ് മരുന്നുകളോ പോലും ലഭ്യമാക്കിയില്ല. മേല്‍പറയപ്പെട്ട സഹപ്രവര്‍ത്തകര്‍ക്കു കാണാന്‍ അനുമതിയില്ലായിരുന്നു. ഏതാനും നാളുകള്‍ക്കുശേഷം 19ന് പണ്ഡിത് പ്രേംനാഥ ഡോഗ്രയെയും അറസ്റ്റ് ചെയ്ത് അവിടെ കൊണ്ടുവന്നു. സ്ഥലപരിമിതി മൂലം അദ്ദേഹത്തെ വേറെ ടെന്റ് കെട്ടി പാര്‍പ്പിക്കുകയായിരുന്നു.

ജൂണ്‍ 19ന് അദ്ദേഹത്തിനു കഠിനമായ വേദന അനുഭവപ്പെട്ടു. ഡോ.അലി അഹമ്മദ് രാവിലെ പരിശോധിച്ച് ആശുപത്രിയിലാക്കാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ജയില്‍ സൂപ്രണ്ടിന് സ്വന്തം നിലയ്ക്ക് അതു ചെയ്യുവാന്‍ ധൈര്യമുണ്ടായില്ല. നൂലാമാല പിടിച്ച അനുമതി ലഭ്യമായപ്പോഴെക്കും രോഗം മൂര്‍ച്ചിച്ചു. ഉച്ചയായപ്പോഴേക്കും ശ്രീനഗര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അപ്പോഴേക്കും പ്രശസ്ത അഭിഭാഷകന്‍ യു.എം ത്രിവേദി സ്ഥലത്തെത്തി ഡോ.മുഖര്‍ജിയെ സന്ദര്‍ശിച്ചശേഷം അറസ്റ്റ് നിയമവിരുദ്ധമാണെന്ന ന്യായത്തില്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. ജസ്റ്റിസ് ജിലോലാല്‍കലാം വിധി പറയാന്‍ അടുത്ത ദിവസത്തേക്ക് മാറ്റിവച്ചു. വിധി മുഖര്‍ജിയെ വിട്ടയ്ക്കാനാകുമെന്ന് ത്രിവേദിക്ക് ഉറപ്പായിരുന്നു. 

എന്നാല്‍ അടുത്തദിവസം മുഖര്‍ജിക്ക് മോചനം ലഭിച്ചു. അന്ന് ഉച്ചയ്ക്ക് 3.40 ന് സംസാരചക്രത്തില്‍ നിന്ന് തന്നെ മോചനം ലഭിച്ച മരണപ്രഖ്യാപനം ഡോക്ടര്‍മാരില്‍ നിന്ന് ഉണ്ടായി. അടുത്ത ദിവസം പാര്‍ലമെന്റിനെ നടുക്കിക്കൊണ്ട് പ്രധാനമന്ത്രി മരണവാര്‍ത്ത വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ ഉറ്റസുഹൃത്ത് ഷേയ്ക്ക് അബ്ദുള്ളയുടെ തടങ്കലില്‍ രാജ്യത്തിന്റെ ഉത്തമപുത്രന്‍ സംശയകരമായ പെരുമാറ്റത്തിന്റെ ഫലമായി വേണ്ടത്ര ചികിത്സകിട്ടാതെ ജീവന്‍ വെടിയേണ്ടിവന്നതിനെപ്പറ്റി അന്വേഷണം നടത്താന്‍പോലും നെഹ്‌റു തയ്യാറായില്ല. മുഖര്‍ജിയുടെ വൃദ്ധമാതാവ് യോഗമായാദേവി എഴുതിയ കണ്ണീരില്‍ കുതിര്‍ന്ന ഹൃദയദേഭകമായ കത്തും നെഹ്‌റുവിന്റെ ഹൃദയത്തെ അലിയിച്ചില്ല.

 തന്റെ മുഖ്യ എതിരാളി താന്‍ തകര്‍ക്കുമെന്നാക്രോശിച്ചതാരെയാണോ ആ ജനസംഘത്തിന്റെ അതികായനേതാവ് ഇങ്ങനെ അവസാനിച്ചതില്‍ അദ്ദേഹം ഉള്ളുകൊണ്ട് സന്തോഷിച്ചിരിക്കും. ഭാരതം മുഴുവനും ആ ബലിദാനത്തില്‍ ഇളകി മറിഞ്ഞു. പിറവിയെടുത്ത് രണ്ട് വര്‍ഷത്തിനകം ജനസംഘം അനാഥമായി. എന്നാല്‍ ദീനദയാലിന്റെ നേതൃത്വത്തില്‍ അത് ലക്ഷണമൊത്ത ദേശീയ പ്രസ്ഥാനമായി.

ജഹാംദിയാ ബലിദാന്‍ മുഖര്‍ജി

വഹ്കാശ്മീര്‍ഹമാരിഹൈ എന്നും

കശ്മീര്‍തൊട്ട് സമുദ്രം വരെയും ഭാരതഭൂമിയിതൊന്നെയോന്ന് എന്നും മുദ്രാവാക്യം മുഴക്കിക്കൊണ്ട് മുഖര്‍ജിയുടെ അനുയായികള്‍ ഭാരതത്തിന്റെ ഭൂപടം മാറ്റിക്കൊണ്ടിരിക്കുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.