ഭീകരവേട്ടയ്‌ക്കെതിരെ കോണ്‍ഗ്രസ്-പാക്- ലഷ്‌കര്‍ സഖ്യം

Saturday 23 June 2018 6:02 am IST
ഭീകരരേക്കാള്‍ കൂടുതല്‍ സാധാരണക്കാരെയാണ് സൈന്യം കശ്മീരില്‍ കൊലപ്പെടുത്തുന്നതെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആരോപിച്ചു. കശ്മീരികള്‍ സ്വതന്ത്ര രാജ്യം ആഗ്രഹിക്കുന്നതായി മുന്‍ കേന്ദ്രമന്ത്രിയായ സൈഫുദ്ദീന്‍ സോസ് പറഞ്ഞു. മുതിര്‍ന്ന നേതാക്കളുടെ പ്രസ്താവനകള്‍ വിവാദമായതിന് പിന്നാലെ കോണ്‍ഗ്രസ്സിനെ പിന്തുണച്ച് ലഷ്‌കര്‍ രംഗത്തെത്തി.

ന്യൂദല്‍ഹി: കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്റെയും മുസ്ലിം ഭീകരസംഘടന ലഷ്‌കര്‍ ഇ തൊയ്ബയുടെയും ഭാഷയില്‍ സംസാരിച്ച് കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാക്കള്‍. 

ഭീകരരേക്കാള്‍ കൂടുതല്‍ സാധാരണക്കാരെയാണ് സൈന്യം കശ്മീരില്‍ കൊലപ്പെടുത്തുന്നതെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആരോപിച്ചു. കശ്മീരികള്‍ സ്വതന്ത്ര രാജ്യം ആഗ്രഹിക്കുന്നതായി മുന്‍ കേന്ദ്രമന്ത്രിയായ സൈഫുദ്ദീന്‍ സോസ് പറഞ്ഞു. മുതിര്‍ന്ന നേതാക്കളുടെ പ്രസ്താവനകള്‍ വിവാദമായതിന് പിന്നാലെ കോണ്‍ഗ്രസ്സിനെ പിന്തുണച്ച് ലഷ്‌കര്‍ രംഗത്തെത്തി. 

കോണ്‍ഗ്രസ്സിന്റെ അതേ നിലപാടാണ് തങ്ങള്‍ക്കുമുള്ളതെന്ന് ലഷ്‌കര്‍ ഭീകരന്‍ മഹ്മൂദ് ഷാ ഇ-മെയിലിലൂടെ നടത്തിയ പ്രസ്താവനയില്‍ പറയുന്നു. ഗുലാം നബി ആസാദിനുള്ള അതേ അഭിപ്രായം തന്നെയാണ് തുടക്കം മുതല്‍ ഞങ്ങള്‍ക്കുമുള്ളത്. ഗവര്‍ണര്‍ ഭരണം കൂടുതല്‍ നിരപരാധികളെ കൊന്നൊടുക്കാന്‍ വേണ്ടിയാണ്. ഇന്ത്യ ഭീകര രാഷ്ട്രമാണ്. ഇന്ത്യന്‍ സൈന്യം ഭീകര സൈന്യവുമാണ്, മഹ്മൂദ് ഷാ പറയുന്നു. 

ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണമേര്‍പ്പെടുത്തി ഭീകരര്‍ക്കെതിരെ സൈന്യം ശക്തമായ നടപടി ആരംഭിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പാക്കിസ്ഥാന്‍ അനുകൂലികളായി സംസാരിച്ചത്. നാല് ഭീകരരെ വധിച്ചപ്പോള്‍ ഇരുപത് സാധാരണക്കാരെ സൈന്യം കൊലപ്പെടുത്തിയെന്നായിരുന്നു ഗുലാം നബിയുടെ ആരോപണം. പുല്‍വാമയില്‍ 13 സാധാരണക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍ ഒരു ഭീകരനാണ് ജീവന്‍ നഷ്ടപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ കൂട്ടക്കൊലകള്‍ക്ക് പദ്ധതി തയാറാക്കിയിരിക്കുകയാണെന്ന് ഭീകരരെ തുരത്തുന്നതിനുള്ള 'ഓപ്പറേഷന്‍ ഓള്‍ ഔട്ട്' പരാമര്‍ശിച്ച് അദ്ദേഹം കുറ്റപ്പെടുത്തി. 

കശ്മീരില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുകയാണെന്ന പാക്കിസ്ഥാന്റെ വ്യാജ പ്രചാരണത്തെ പിന്തുണക്കുകയാണ് ആസാദ് ചെയ്തത്. സൈന്യത്തോട് ഏറ്റുമുട്ടി കൊല്ലപ്പെടുന്ന ഭീകരരെയും വിഘടനവാദികളെയും സാധാരണക്കാരായി ചിത്രീകരിക്കുകയാണ് പാക്കിസ്ഥാന്‍ ചെയ്യുന്നത്. 

കശ്മീര്‍ പാക്കിസ്ഥാനിലോ ഇന്ത്യയിലോ നില്‍ക്കാന്‍ അഗ്രഹിക്കുന്നില്ല. ഹിതപരിശോധന നടന്നാല്‍ ജനങ്ങള്‍ സ്വതന്ത്ര രാഷ്ട്രമെന്ന ആവശ്യം ഉന്നയിക്കും. പത്ത് വര്‍ഷം മുന്‍പ് അന്നത്തെ പര്‍വേസ് പാക്കിസ്ഥാന്‍ പ്രസിഡന്റ് മുഷറഫ് നടത്തിയ പ്രസ്താവന ഇന്നും സത്യമാണെന്നും സോസ് പറഞ്ഞു. നിരപരാധികളെ കൊന്നൊടുക്കാന്‍ വേണ്ടിയാണ് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയതെന്നും ലഷ്‌കര്‍ ഇ തൊയ്ബ ആരോപിച്ചു.

 

കോണ്‍ഗ്രസ്സിന് ഇന്ത്യ വിരുദ്ധ നിലപാട്, മാപ്പ് പറയണം: ബിജെപി

ന്യൂദല്‍ഹി: ഗുലാം നബി ആസാദിന്റെയും സൈഫുദ്ദീന്‍ സോസിന്റെയും പ്രസ്താവനകള്‍ കോണ്‍ഗ്രസ്സിന്റെ ഇന്ത്യാ വിരുദ്ധ നിലപാടാണ് വ്യക്തമാക്കുന്നതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. 

നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കണം. സൈന്യത്തിന്റെ ആത്മവീര്യം തകര്‍ക്കാന്‍ നടത്തിയ നീക്കത്തിന് കോണ്‍ഗ്രസ് മാപ്പു പറയണം. പ്രസ്താവനകള്‍ ഭീകരരെയാണ് സന്തോഷിപ്പിച്ചത്. കോണ്‍ഗ്രസ് ഭരണകാലത്തെ അപേക്ഷിച്ച് മോദി സര്‍ക്കാരിന്റെ കാലത്ത് കൂടുതല്‍ ഭീകരര്‍ കൊല്ലപ്പെട്ടു. കോണ്‍ഗ്രസ് ഭരിച്ച 2012ല്‍ 72 ഭീകരരും 2013ല്‍ 67 ഭീകരരുമാണ് കൊല്ലപ്പെട്ടത്. മോദി അധികാരത്തിലെത്തിയ 2014 മുതല്‍ 2017 വരെ യഥാക്രമം 110, 108, 150, 217 ഭീകരരാണ് കൊല്ലപ്പെട്ടത്. ഈ വര്‍ഷം മെയ് വരെ 75 ഭീകരരെയും സൈന്യം വധിച്ചു. അദ്ദേഹം ചൂണ്ടിക്കാട്ടി. 

പാക്കിസ്ഥാന് പുറത്ത് മറ്റൊരു പാക്കിസ്ഥാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ്സിനുള്ളിലും പാക്കിസ്ഥാനുണ്ടെന്നും ബിജെപി വക്താവ് സമ്പിത് പാത്ര പറഞ്ഞു. പ്രസ്താവന രാജ്യവിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ട ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി, സോസിനെ പാക്കിസ്ഥാനിലേക്ക് നാടുകടത്തണമെന്ന് ആവശ്യപ്പെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.