മഴ വില്ലനായി; മുന്തിരി കര്‍ഷകര്‍ക്ക് ശനിദശ

Saturday 23 June 2018 8:13 am IST
ഒരുമാസക്കാലമായി തുടര്‍ച്ചയായി പെയ്യുന്ന മഴ കേരളത്തിന്റെ അതിര്‍ത്തി ഗ്രാമമായ കമ്പം, ഗൂഡല്ലൂര്‍ മേഖലകളിലെ മുന്തിരി കര്‍ഷകരെ ദുരിതത്തിലാക്കി. മഴ കൂടിയതോടെ വിളവെടുക്കുവാന്‍ പാകമായ മുന്തിരികളാണ് ചീഞ്ഞു നശിക്കുന്നത്. മുന്തിരിയുടെ ലഭ്യത കുറഞ്ഞതോടെ വില കുത്തനെ കൂടി.

കട്ടപ്പന: ഒരുമാസക്കാലമായി തുടര്‍ച്ചയായി പെയ്യുന്ന മഴ കേരളത്തിന്റെ അതിര്‍ത്തി ഗ്രാമമായ കമ്പം, ഗൂഡല്ലൂര്‍ മേഖലകളിലെ മുന്തിരി കര്‍ഷകരെ ദുരിതത്തിലാക്കി.  മഴ കൂടിയതോടെ വിളവെടുക്കുവാന്‍ പാകമായ മുന്തിരികളാണ് ചീഞ്ഞു നശിക്കുന്നത്. മുന്തിരിയുടെ ലഭ്യത കുറഞ്ഞതോടെ വില കുത്തനെ കൂടി.

മഴ വിരളമായി ലഭിക്കുന്ന പ്രദേശമാണിവിടം. പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളുമാണ് അധികം കൃഷിചെയ്യുന്നത്. മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം എത്തിച്ചാണ് ഇവിടെ കൃഷിയിറക്കുന്നത്. കേരളത്തില്‍ കാലവര്‍ഷം തകര്‍ത്ത് പെയ്യുമ്പോഴും കമ്പം മേഖലയില്‍ മഴ ലഭിക്കാറില്ല.

മഴ കാത്തിരുന്ന കമ്പത്തെ കര്‍ഷകര്‍ക്ക്  മഴ വിനയായി. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇവിടെ ഇത്തരത്തില്‍  മഴ ലഭിക്കുന്നത്. നല്ല വിളവ് ഉണ്ടായിരുന്നെങ്കിലും മുന്തിരികള്‍ക്ക് കേടുണ്ടായതിനാല്‍ പകുതിയില്‍ താഴെ വിളവാണ് ലഭിക്കുന്നത്. തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ കീടനാശിനി പ്രയോഗവും യഥാസമയം നടത്തുവാന്‍ സാധിക്കുന്നില്ല. 

ഒരു കുലയില്‍ നൂറോളം കായ്കള്‍ ഉണ്ടാവേണ്ടതാണ.് എന്നാല്‍ മഴ കൂടുതലായതിനാല്‍ കായ്കള്‍ എല്ലാം ചീഞ്ഞുപോയി. ഇപ്പോള്‍ ഒരു കുലയില്‍ വിരലില്‍ എണ്ണാവുന്ന കായ്കളെ ഉള്ളൂ. മുന്‍ വര്‍ഷങ്ങളില്‍ ഒരുകിലോ മുന്തിരിക്ക് ഇരുപത് രൂപയ്ക്ക് താഴെയായിരുന്നു വില. എന്നാല്‍ മഴ ചതിച്ചതോടെ അന്‍പത് രൂപയാണ്  ഇപ്പോള്‍ കൃഷിയിടങ്ങളിലെ വില. മാര്‍ക്കറ്റിലെത്തുമ്പോള്‍ ഇത് എണ്‍പതിന് മുകളിലാവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.