കാര്‍ഷിക മേഖല വന്‍ തകര്‍ച്ചയിലേക്ക്

Saturday 23 June 2018 8:19 am IST
തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ എന്ന് വിളിക്കുന്ന ജൂണ്‍ ഒന്നിനോട് അടുപ്പിച്ച് ആരംഭിക്കുന്ന മഴ കഴിഞ്ഞാലുടന്‍ കേരളത്തിലെ കാര്‍ഷിക മേഖല ഉണരേണ്ടതാണ്. എന്നാല്‍ കനത്ത മഴകാരണം കൃഷിയിടങ്ങളിലേക്ക് ഇറങ്ങാന്‍ പോലും കര്‍ഷകര്‍ക്ക് സാധിക്കുന്നില്ല. കുട്ടനാട്ടില്‍ വിരിമഴ കൃഷി ആംഭിക്കേണ്ടത് മെയ്, ജൂണ്‍ മാസങ്ങളിലാണ്. ജൂണ്‍ മാസമാകുമ്പോള്‍ വിത്ത് വിതച്ച് ഞാറു നടണം. എന്നാല്‍ പാടങ്ങളില്‍ വെള്ളക്കെട്ടായതിനാല്‍ കൃഷിയോഗ്യമല്ല.

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒന്നരമാസമായി ഇടതടവില്ലാതെ പെയ്യുന്ന മഴയെ തുടര്‍ന്ന് കാര്‍ഷിക മേഖലയില്‍ വന്‍ തകര്‍ച്ച. നിത്യവൃത്തിക്കു പോലും വകയില്ലാതെ  കര്‍ഷകര്‍ ദുരിതമനുഭവിക്കുമ്പോള്‍  കാര്‍ഷിക ആവശ്യത്തിന് എടുത്ത വായ്പ തിരിച്ചടയ്ക്കാനാകാതെ അവര്‍ ജപ്തി ഭീഷണിയില്‍. ഓണ വിപണി ലക്ഷ്യമിട്ട് ചെയ്യേണ്ട പച്ചക്കറി കൃഷി കനത്ത മഴ കാരണം മുടങ്ങി. നെല്ല്,  റബര്‍, ഏലം തുടങ്ങിയവയുടെ സ്ഥിതിയും ഏറെ പരിതാപകരം.

തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ എന്ന് വിളിക്കുന്ന ജൂണ്‍ ഒന്നിനോട് അടുപ്പിച്ച് ആരംഭിക്കുന്ന മഴ കഴിഞ്ഞാലുടന്‍ കേരളത്തിലെ കാര്‍ഷിക മേഖല ഉണരേണ്ടതാണ്. എന്നാല്‍ കനത്ത മഴകാരണം കൃഷിയിടങ്ങളിലേക്ക് ഇറങ്ങാന്‍ പോലും കര്‍ഷകര്‍ക്ക് സാധിക്കുന്നില്ല. കുട്ടനാട്ടില്‍ വിരിമഴ കൃഷി ആംഭിക്കേണ്ടത് മെയ്, ജൂണ്‍ മാസങ്ങളിലാണ്. ജൂണ്‍ മാസമാകുമ്പോള്‍ വിത്ത് വിതച്ച് ഞാറു നടണം. എന്നാല്‍ പാടങ്ങളില്‍ വെള്ളക്കെട്ടായതിനാല്‍ കൃഷിയോഗ്യമല്ല.

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലെ മുഖ്യ ഇനമായ റബര്‍കൃഷിയുടെ വിപണിയും വന്‍ തകര്‍ച്ചയിലാണ്.  മെയ് പകുതിക്ക് ശേഷം പെയ്തു തുടങ്ങിയ  മഴ കാരണം ടാപ്പിംഗ് മുടങ്ങി.  വന്‍ തോതില്‍ വിദേശ നാണ്യം നേടിത്തരുന്ന ഏലം കൃഷിയുടെ തൈകള്‍ നടേണ്ടതും ജൂണ്‍  മാസത്തിലാണ്. 

കാര്‍ഷിക മേഖലയാകെ തകര്‍ന്നടിയുമ്പോള്‍ കര്‍ഷകര്‍ക്ക് ആശ്വസകരമാകുന്ന നടപടികള്‍ സ്വീകരിക്കേണ്ട സംസ്ഥാന സര്‍ക്കാരാകട്ടെ ഇനിയും ഉണര്‍ന്നില്ല. മത്സ്യബന്ധനത്തിന് പോകാന്‍ സാധിക്കാതായതോടെ തീരദേശത്തെ വറുതികണക്കിലെടുത്ത് അവിടെ സൗജന്യ റേഷന്‍ അനുവദിച്ചു. എന്നാല്‍ കൃഷിപ്പണിയിലെ വരുമാനത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന കര്‍ഷകരുടെ ദുരിതം  സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. കാര്‍ഷിക പെന്‍ഷന്‍ വിതരണം ചെയ്തിട്ട് മാസങ്ങളായി. കഴിഞ്ഞ വര്‍ഷത്തെ കാലവര്‍ഷക്കെടുതിയില്‍ കൃഷി നാശം സംഭവിച്ചവര്‍ക്കുള്ള ധനസഹായം പോലും ഇതുവരെയും നല്‍കിയില്ല. 

എല്ലാ കര്‍ഷകരും വിള ഇന്‍ഷുറന്‍സില്‍ ചേരണമെന്ന് കേന്ദ്രകൃഷി മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും സംസ്ഥാനത്തെ അറുപത് ശതമാനത്തില്‍ അധികം കര്‍ഷകര്‍ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് പുറത്താണ്. ഇന്‍ഷുറന്‍സ് അപേക്ഷകള്‍ പരിശോധിക്കേണ്ടത് കൃഷി ഓഫീസറുടെ ചുമതലയില്‍ ആയതിനാല്‍ വേണ്ടത്ര പ്രോത്സാഹനം ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.