വാഴയുടെ ശത്രുവിരയെ തുരത്താം...

Sunday 24 June 2018 2:52 am IST

വാഴക്കൃഷിയുടെ പ്രധാനശത്രുവായ നിമ വിരകളില്‍നിന്ന്, കര്‍ഷകര്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ കൃഷിയെ സംരക്ഷിക്കാന്‍ സാധിക്കും. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കണ്ണാറ വാഴഗവേഷണകേന്ദ്രം അടുത്തിടെ നടത്തിയ പഠനത്തിലാണ് നിമ വിരകളുടെ ആക്രമണം വര്‍ധിക്കുന്നതായി കണ്ടെത്തിയത്. തീരെ ചെറുതായ ഇവയെ കണ്ണുകൊണ്ടു കാണാന്‍ കഴിയാത്തതിനാല്‍ ആക്രമണം പ്രതിരോധിക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കാറില്ല. 

മിക്ക വാഴത്തോട്ടങ്ങളിലും നിമ വിരയെ കാണാറുണ്ട്. നല്ല പുഷ്ടിയോടെ നിന്നിരുന്ന വാഴകളുടെ ഇലകള്‍ പെട്ടെന്ന് മഞ്ഞളിച്ച് വാടിനില്‍ക്കുന്നതാണ്  നിമ വിരകളുടെ സാന്നിധ്യത്തിന്റെ അടയാളം. ഈ ലക്ഷണം പ്രത്യക്ഷപ്പെടുന്നത് ആക്രമണത്തിന്റെ അവസാനഘട്ടത്തില്‍ ആയതിനാല്‍ വാഴകളെ രക്ഷിക്കാന്‍ പലപ്പോഴും കര്‍ഷകര്‍ക്ക് സാധിക്കാറില്ല. വേരുതുരപ്പന്‍ നിമ വിരയാകട്ടെ വാഴയുടെ വേരുകളുടെ ഉള്‍ഭാഗം തിന്ന് അവ പൊള്ളയാക്കി അടുത്തടുത്ത വേരുകളിലേക്കും കടന്നുകൂടി അവയേയും നശിപ്പിക്കുന്നു. ഈ വേരുകളുടെ പുറംതൊലി കൈയുറപോലെ വലിച്ചൂരിയെടുക്കാം. 

വേരുകള്‍ നഷ്ടപ്പെട്ട വാഴകള്‍ ചെറു കാറ്റടിച്ചാല്‍ പോലും വീഴുന്നത്രയും ദുര്‍ബലമായിത്തീരുന്നു. നിമ ബാധയേറ്റ വേരുകള്‍ ചുവന്ന വ്രണമായി ജീര്‍ണിച്ച് നശിക്കുകയാണ് പതിവ്. മാണം അഴുകലിലേക്കു നയിക്കുന്ന ഫ്യൂസേറിയം കുമിള്‍ രോഗമായി മാറാനും ഇടയുണ്ട്. മണല്‍ കലര്‍ന്ന മണ്ണിലാണ് നിമയുടെ ആക്രമണം കൂടുതലും കാണപ്പെടുന്നത്. അതിനാല്‍ ശീമക്കൊന്നയില, കമ്യൂണിസ്റ്റ് പച്ച എന്നിവ അടിവളമായി ഇടയ്ക്കിടയ്ക്ക് മണ്ണെടുപ്പിക്കല്‍ നടത്തുമ്പോള്‍ ഇട്ടുകൊടുക്കണം. മിത്ര കുമിള്‍ കള്‍ച്ചറായ പേസിലോ മൈസസ് ലൈലാസിനസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇടക്കിടയ്ക്ക് വാഴച്ചുവട്ടില്‍ ഒഴിക്കുന്നതും കീടത്തെ അകറ്റുന്നതിന് സഹായകമാണ്. 

വാഴത്തോട്ടത്തില്‍ നെടുകെയും കുറുകെയും ബന്ദിപ്പൂ നട്ടു വളര്‍ത്തുകയാണ് മറ്റൊരു പ്രതിരോധ മാര്‍ഗം. ആവര്‍ത്തന കൃഷി, കുറ്റിവിളക്കൃഷി എന്നിവ ഒഴിവാക്കുക. വാഴക്കന്നുകള്‍ നന്നായി ചെത്തിയൊരുക്കി ചാണകപ്പാലില്‍ മുക്കി ഉണക്കി നടാനും ശ്രദ്ധിക്കുക. ചെത്തിയൊരുക്കിയ വാഴക്കന്നുകള്‍ തിളച്ചവെള്ളത്തില്‍ 30 സെക്കന്റ് മുക്കിയെടുക്കുകയോ, 50 ഡിഗ്രി ചൂടുവെള്ളത്തില്‍ 15 മുതല്‍ 20 മിനിട്ടു നേരം മുക്കിവയ്ക്കുകയോ ചെയ്തതിനുശേഷം മാത്രം നടുക. മിത്ര കുമിളായ പേസിലോമൈസസ് ലൈലാസിനസും സ്യൂഡോമോണാസ് ഫ്‌ളൂറിസെന്‍സും 12.5 ഗ്രാം വീതം കലര്‍ത്തി ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇടയ്ക്കിടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കുക. കാര്‍ട്ടാപ്പ് എന്ന കീടനാശിനി 20 ഗ്രാം വീതം തടത്തിലിട്ട് നനച്ചുകൊടുത്താല്‍ നിമ വിരകളെ പൂര്‍ണമായും തുരത്താം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.