ആയുഷ്മാന്‍ ഭാരതിന് പിന്തുണയുമായി ഐ‌എം‌എ

Saturday 23 June 2018 4:00 pm IST

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. പദ്ധതിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ ഐഎംഎയ്ക്ക് അഭിമാനമുണ്ടെന്നും ഇതുസംബന്ധിച്ച ബോധവല്‍ക്കരണം നടത്താന്‍ തയ്യാറാണെന്നും ഐഎംഎ സെക്രട്ടറി ജനറല്‍ ഡോ:ആര്‍ എന്‍ ടണ്ഠന്‍ പറഞ്ഞു.

കേന്ദ്രത്തിന്റെ പ്രധാനപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളിലൊന്നായ ആയുഷ്മാന്‍ ഭാരതിനെ (മോദികെയര്‍) വിമര്‍ശിച്ച്‌ ഒരാഴ്ച്ച തികയും മുമ്പാണ് പദ്ധതിക്ക് പിന്തുണയുമായി ഐഎംഎ എത്തുന്നത്. കഴിഞ്ഞ ബജറ്റിലാണ് ആരോഗ്യ പരിരക്ഷ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. അമ്പത് കോടി ജനങ്ങള്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന ഈ പദ്ധതി ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷ പദ്ധതിയാണ്. 

ആയുഷ്മാന്‍ ഭാരതിന്റെ ഉത്തരവാദിത്തം വഹിക്കുന്ന ഉദ്യോഗസ്ഥരെ വെള്ളിയാഴ്ച്ച സന്ദര്‍ശിച്ച എഐഎംഎ പ്രതിനിധികള്‍ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി സഹകരിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും അറിയിച്ചു.  ആശുപത്രികള്‍ക്കു സമയപരിധിക്കുള്ളില്‍ ഇന്‍ഷുറന്‍സ് തുക കൈമാറുക, പ്രതികരണങ്ങളും പരാതികളും പരിഹരിക്കാനുള്ള നടപടികളുണ്ടാകുക, ആശുപത്രികളില്‍ പേപ്പര്‍ രഹിത പണമിടപാടിനായി ഐടി ഇന്‍ഫ്രാസ്ട്രക്ചറിനുള്ള സൗകര്യം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത യോഗത്തില്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ തീരുമാനമായിട്ടുണ്ടെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞയാഴ്ച പദ്ധതിയില്‍ പുനരവലോകനം ആവശ്യപ്പെട്ട ഐഎംഎ പല സേവനങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിരക്ക് തീരെ കുറവാണെന്നും പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയുന്നതല്ലെന്നുമാണ് വ്യക്തമാക്കിയിരുന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.