റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ നേരിട്ട്; ഓണ്‍ലൈന്‍ സംവിധാനം അട്ടിമറിച്ചു

Sunday 24 June 2018 2:37 am IST

രാജേഷ് രവീന്ദ്രന്‍

കൊച്ചി: ഓണ്‍ലൈന്‍ സംവിധാനം അട്ടിമറിച്ച് റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കാനുള്ള സിവില്‍ സപ്ലൈസ് വകുപ്പിന്റെ തീരുമാനം വിവാദമായി. നേരിട്ടുള്ള അപേക്ഷ സ്വീകരിക്കല്‍ കാലതാമസത്തിനും ഗുണഭോക്താക്കള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യതയും വരുത്തുന്നതുമാണെന്നാണ് വിലയിരുത്തല്‍. റേഷന്‍ വിതരണമുള്‍പ്പെടെ ഓണ്‍ലൈനായി നടത്തുമ്പോഴാണ് അപേക്ഷ നേരിട്ട് വാങ്ങി അഴിമതിക്ക് കളമൊരുക്കുന്നതെന്നാണ് ആരോപണം. റേഷന്‍ കാര്‍ഡ് സേവനങ്ങള്‍ക്കായി തയ്യാറാക്കിയ സോഫ്ട്‌വെയര്‍ നോക്കുകുത്തിയാക്കിയാണ് വിവാദ നടപടി. 

റേഷന്‍ കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം എന്ന പേരില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതു മുതല്‍ കാര്‍ഡ് നല്‍കുന്നതുവരെയുള്ള നടപടികള്‍ക്കായി സോഫ്ട്‌വെയര്‍ തയ്യാറാക്കിയിരുന്നു. പുതിയ കാര്‍ഡിനുള്ള അപേക്ഷ, പേര് കൂട്ടിച്ചേര്‍ക്കല്‍, പേര് വെട്ടല്‍, ഫോട്ടോ ചേര്‍ക്കല്‍, സര്‍ട്ടിഫിക്കറ്റ് പരിശോധന തുടങ്ങിയവയെല്ലാം ഓണ്‍ലൈനായി നടത്താനാകുമായിരുന്നു. ഗുണഭോക്താക്കള്‍ക്ക് സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ എളുപ്പത്തില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാകുമായിരുന്നു. പരിശോധനകള്‍ പൂര്‍ത്തിയാക്കി പരമാവധി രണ്ടുദിവസത്തിനകം കാര്‍ഡ് ലഭിക്കുമായിരുന്നു. എന്നാല്‍, നേരിട്ട് അപേക്ഷ സ്വീകരിക്കുന്നതോടെ ഗുണഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മാസങ്ങളെടുക്കും.

ഓണ്‍ലൈന്‍ സംവിധാനത്തില്‍ മറ്റ് ഒട്ടേറെ ഗുണങ്ങളുണ്ടായിരുന്നു. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കാര്‍ഡ് മാറ്റാന്‍ പ്രത്യേക സര്‍ട്ടിഫിക്കറ്റ് വേണ്ടി വരില്ല. പകരം നീക്കം ചെയ്യുന്ന ആളിന്റെ പേരും കാര്‍ഡ് നമ്പറും നല്‍കിയാല്‍ പുതിയ കാര്‍ഡ് നല്‍കും. നേരിട്ട് അപേക്ഷ നല്‍കുന്നതോടെ 11 തരം സര്‍ട്ടിഫിക്കറ്റുകള്‍ വരെ പുതിയ റേഷന്‍ കാര്‍ഡിനായി സമര്‍പ്പിക്കേണ്ട അവസ്ഥയാണുണ്ടായിട്ടുള്ളത്. താലൂക്ക് മാറ്റം, കാര്‍ഡ് മാറ്റം, അംഗങ്ങളുടെ മാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട് 10തരം അപേക്ഷാ ഫോറങ്ങളുമുണ്ട്. അപേക്ഷകള്‍ അതത് താലൂക്ക് സപ്ലൈ ഓഫീസുകള്‍ വഴി സ്വീകരിക്കാനാണ് പരിപാടി. എന്നാല്‍, ഇതിന് മുമ്പ് അപേക്ഷകള്‍ നേരിട്ട് സ്വീകരിച്ചപ്പോള്‍ തിക്കിത്തിരക്കുമൂലം പലയിടങ്ങളിലും സംഘര്‍ഷമുണ്ടായിട്ടുണ്ട്. അതേ അവസ്ഥയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്.

ഒന്നിലധികം റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ച് ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നവരെ ഓണ്‍ലൈന്‍ സംവിധാനത്തോടെയാണ് കണ്ടെത്താനായത്. എന്നാല്‍, നേരിട്ട് അപേക്ഷ സ്വീകരിക്കുന്നതോടെ വ്യാജ കാര്‍ഡുകള്‍ വ്യാപകമാകാനിടയാക്കും. തിങ്കളാഴ്ച മുതലാണ് അപേക്ഷ സ്വീകരിച്ച് തുടങ്ങുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.