യുഎസില്‍ നിന്നും 1000 വിമാനം വാങ്ങനൊരുങ്ങി ഇന്ത്യ

Sunday 24 June 2018 2:42 am IST

ന്യൂദല്‍ഹി: അമേരിക്കയില്‍ നിന്നും 1000 സിവിലിയന്‍ വിമാനങ്ങളും ഇന്ധനവും വാങ്ങാന്‍ ധാരണയിലെത്തിയതായി ഇന്ത്യ. കഴിഞ്ഞ ആഴ്ച കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭുവും അമേരിക്കന്‍ പ്രതിനിധിയുമായി നടത്തിയ ചര്‍ച്ചക്കു ശേഷമാണ് ഇക്കാര്യം പുറത്തുവിട്ടത്. പ്രതിവര്‍ഷം അഞ്ചു ബില്യണ്‍ ഡോളര്‍ വിമാനങ്ങള്‍ വാങ്ങുന്നതിനും നാല് ബില്യണ്‍ ഡോളര്‍ ഇന്ധനം വാങ്ങുന്നതിനുമായി മാറ്റിവയ്ക്കും. പ്രതിരോധ ആവശ്യങ്ങള്‍ക്കായി വിമാനങ്ങള്‍ വാങ്ങുന്നതിനു പുറമെയാണിത്. കൂടാതെ പ്രതിരോധ ആവശ്യത്തിനായി 12 പി 8 ഐ വിമാനങ്ങള്‍ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്. 

അതേസമയം ഇരുരാജ്യങ്ങളും തമ്മില്‍ ഇറക്കുമതി തീരുവ സംബന്ധിച്ചുള്ള തര്‍ക്കത്തിനിടെയാണ് ഇന്ത്യയുടെ തീരുമാനമെന്നതും ശ്രദ്ധേയമാണ്. യുഎസ് അസിസ്റ്റന്റ് ട്രേഡ് പ്രതിനിധി മാര്‍ക്ക് ലിന്‍സ്‌കോട്ടുമായി കേന്ദ്ര വ്യാപാര മന്ത്രാലയ പ്രതിനിധികള്‍ ഇന്ന് ചര്‍ച്ച നടത്തും. ഇറക്കുമതി തീരുവ സംബന്ധിച്ച കാര്യങ്ങളിലാണ് ചര്‍ച്ച. ലോക വ്യാപാര സംഘടനയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് ഇറക്കുമതി തീരുവ കൂട്ടിയതെന്ന് ചര്‍ച്ചയില്‍ അമേരിക്കന്‍ പ്രതിനിധികളെ ബോധ്യപ്പെടുത്താന്‍ ശ്രമമുണ്ടാകും. 

ജൂലൈ ആറിന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും വിദേശകാര്യ മന്ത്രി സുഷമ സ്വരാജും അമേരിക്കന്‍ പ്രതിനിധികളായ മൈക്ക് പോംപിയോ, ജെയിംസ് മാറ്റിസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനു മുമ്പ് ഇറക്കുമതി തീരുവ സംബന്ധിച്ച കാര്യത്തില്‍ ധാരണയിലെത്താനാകുമെന്നാണ് വിശ്വാസം. ഇവ വാങ്ങുന്നതിലെ സുരക്ഷാ നടപടികളുമായി ബന്ധപ്പെട്ട കരാറുകളില്‍ വരുന്ന മാസങ്ങളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചേക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.