കശ്മീരില്‍ ഭീകരരുടെ സ്തുതിപാഠകര്‍ക്കെതിരെ നടപടിയുമായി പോലീസ്

Sunday 24 June 2018 2:42 am IST

ശ്രീനഗര്‍: ഭീകരരുടെ സ്തുതിപാഠകര്‍ക്കെതിരെ നടപടിയുമായി ജമ്മുകശ്മീര്‍ പോലീസ്. കശ്മീര്‍ സേനയുമായുള്ള ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരുടെ സംസ്‌കാരച്ചടങ്ങുകള്‍ക്കിടയില്‍ പ്രകോപനപരമായ രീതിയില്‍ സംസാരിക്കുകയോ പുകഴ്ത്തിപറയുകയോ ചെയ്താല്‍ കര്‍ശന നടപടിയെടുക്കാനാണ് പോലീസിന്റെ തീരുമാനം. വൈകാരികമായ സന്ദര്‍ഭങ്ങള്‍ മുതലെടുത്ത് ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് യുവാക്കളെ ആകര്‍ഷിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് പോലീസ് പറയുന്നു. ഇത്തരം സംഘങ്ങളെ പിടികൂടുന്നതിന് പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടെന്നും പോലീസ് മേധാവി ശേഷ് പോള്‍ വൈദ് അറിയിച്ചു. എന്നാല്‍ പദ്ധതിയെ കുറിച്ച് വിശദീകരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.

ഇത്തരം പ്രവണതകളെ മറ്റിടങ്ങളിലേക്ക് വ്യാപിക്കാതെ ഒരു പ്രദേശത്ത് കേന്ദ്രീകരിച്ച് നേരിടാനാണ് നീക്കമെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കൊല്ലപ്പെട്ട ഭീകരരെ സംസ്‌കരിക്കുന്നതിന് മുമ്പ് ഗണ്‍ സല്യൂട്ട് ഈ കൂട്ടായ്മകള്‍ നല്‍കാറുണ്ടെന്നും പോലീസ് വ്യക്തമാക്കി. 

സ്തുതിപാഠക സംഘങ്ങള്‍ ഭീകരരെ രക്തസാക്ഷികളാക്കിയാണ് വര്‍ണിക്കുക. ഗണ്‍ സല്യൂട്ട് ഉള്‍പ്പെടെ വീഡിയോയില്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാനും ഇടയുണ്ടെന്ന് പോലീസ് അറിയിച്ചു. ഇത്തരമൊരു വീഡിയോയില്‍ കൊല്ലപ്പെട്ട മകന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ ഭീകരന്റെ അമ്മയും ഗണ്‍ സല്യൂട്ട് നല്‍കുന്നതും പോലീസ് കണ്ടെത്തി. കശ്മീരിലെ സുരക്ഷ ഉറപ്പാക്കുംവരെ സൈനിക പ്രവര്‍ത്തനങ്ങള്‍ തുടരുവാനാണ് നീക്കമെന്ന് ന്യൂദല്‍ഹിയിലെയും കശ്മീരിലെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.