മഹാരാഷ്ട്ര ഇനി പ്ലാസ്റ്റിക് രഹിത സംസ്ഥാനം

Sunday 24 June 2018 2:43 am IST

മുംബൈ: ക്യാരി ബാഗുകള്‍ ഉള്‍പ്പെടെ ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം മഹാരാഷ്ട്ര സര്‍ക്കാര്‍ കര്‍ശനമാക്കി. നിയമം ലംഘിച്ചാല്‍ ആദ്യതവണ 5000 രൂപയാണ് പിഴ.  തുടര്‍ച്ചയായ നിയമലംഘനത്തിന് 25,000 രൂപയോളം പിഴയും മൂന്നു മാസം തടവുമാണ് ശിക്ഷ. 

നിരോധനം സംസ്ഥാനത്തുടനീളം ബാധകമാണ്. തെര്‍മോക്കോളിനും നിരോധനമുണ്ട്. ഭക്ഷണം പൊതിയുന്നതിനുള്ള പ്ലാസ്റ്റിക്കുകള്‍, കണ്ടെയ്‌നറുകള്‍, സിപ്പ് ലോക്ക് പൗച്ചുകള്‍ അലങ്കാരത്തിനുള്ള തെര്‍മോക്കോള്‍ തുടങ്ങിയവ നിരോധനത്തിന്റെ പരിധിയില്‍ പെടും. 

കഴിഞ്ഞ മാര്‍ച്ചിലാണ് പ്ലാസ്റ്റിക് നിരോധിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. പ്ലാസ്റ്റിക് നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും അവരുടെ സ്റ്റോക്ക്  ഉപയോഗിച്ചു തീര്‍ക്കാന്‍ മൂന്നുമാസത്തെ സമയം അനുവദിച്ചിരുന്നു. നിരോധനം കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്താന്‍ പ്ലാസ്റ്റിക് നിര്‍മാതാക്കളെയും പരിസ്ഥിതി വിദഗ്ധരെയും മന്ത്രാലയ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി സംഘടനയ്ക്കും രൂപം നല്‍കിയിരുന്നു.  പദ്ധതി വിജയിപ്പിക്കാന്‍ എല്ലാവരുടെയും കൂട്ടായ പങ്കാളിത്തം ആവശ്യമാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ് പറഞ്ഞു. ആവശ്യത്തിന് സമയം അനുവദിച്ചാണ് നിരോധനം പ്രാബല്യത്തിലാക്കുന്നതെന്ന് പരിസ്ഥിതി മന്ത്രി രാംദാസ് കദം വ്യക്തമാക്കി. ശേഖരിക്കാന്‍ ബുദ്ധിമുട്ടുള്ളതും പുനരുപയോഗം സാധ്യമല്ലാത്തതുമായ പ്ലാസ്റ്റിക്കുകള്‍ക്കാണ് നിരോധനം. 

നിരോധനം ലംഘിക്കുന്നവരെ കണ്ടെത്താന്‍ 250  ഇന്‍സ്‌പെക്ടര്‍മാരെയാണ് ബൃഹത് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വിന്യസിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് നിരോധനം തുടക്കത്തില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും പിന്നീടതുമായി പൊരുത്തപ്പെടാനാകുമെന്ന് യുവസേന നേതാവ് ആദിത്യ താക്കറെ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.