ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പാക്കിസ്ഥാനിലെ ഗുരുദ്വാരയില്‍ കയറ്റിയില്ല

Sunday 24 June 2018 2:45 am IST

ന്യൂദല്‍ഹി: പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയക്ക് ശനിയാഴ്ച  തീര്‍ത്ഥാടനകേന്ദ്രമായ ഗുരുദ്വാരാ പഞ്ചാ സാഹിബില്‍ പ്രവേശനം നിഷേധിച്ചു. സന്ദര്‍ശനത്തിന് ആവശ്യമായ എല്ലാ അനുമതിയും ഉണ്ടായിട്ടും ബിസാരിയയെ   ഗുരുദ്വാരയില്‍ പ്രവേശിപ്പിക്കാതെ ഇസ്ലാമാബാദിലേക്ക് തിരിച്ചയക്കുകയായിരുന്നു എന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വിഷയം പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തെ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഗുരുദ്വാരയിലെ സിഖ് തീര്‍ത്ഥാടകരെ സന്ദര്‍ശിക്കാനും അദ്ദേഹം തീരുമാനിച്ചിരുന്നു. എന്നാല്‍ ഗുരു നാനാക്ക് ഭക്തരുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ പഞ്ചാ സാഹിബില്‍ പ്രവേശിക്കുന്നതില്‍ നിന്ന് രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ബിസാരിയയെ തടഞ്ഞത്. ഏപ്രിലിലായിരുന്നു ഇതിന് മുന്‍പ് അദ്ദേഹത്തിനും കൂടെയുണ്ടായിരുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കും പ്രവേശനം നിഷേധിച്ചത്. തുടര്‍ന്ന് തങ്ങളുടെ നയതന്ത്രജ്ഞരെ ഇന്ത്യന്‍ സിഖ് തീര്‍ത്ഥാടകരുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ നിന്ന് വിലക്കിയതിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധമറിയിച്ചിരുന്നു.

ഖാലിസ്ഥാന്‍ വാദം ഉന്നയിക്കുന്ന സിഖ് തീര്‍ത്ഥാടകരെ സ്വാധീനിക്കാന്‍ ശ്രമിക്കുമോ എന്ന ഭയത്താലാണ് പാക്കിസ്ഥാന്‍ തങ്ങളെ തടയുന്നതെന്ന് ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ പറയുന്നു. ഇന്ത്യയില്‍ നിന്ന് നിരവധി പേരാണ് ഉത്സവകാലത്ത് പാക് സിക്ക് തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ എല്ലാ വര്‍ഷവും സന്ദര്‍ശനം നടത്തുന്നത്.

പാക് പ്രതിനിധിയെ വിളിച്ചുവരുത്തി

ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് പാക് ഗുരുദ്വാരയില്‍ പ്രവേശനം നിഷേധിച്ചതിനെത്തുടര്‍ന്ന് ഇന്ത്യയിലെ  പാക് ഡപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഹൈദര്‍ ഷായെ കേന്ദ്രം വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ  ജോലിയില്‍ നിന്ന് തടഞ്ഞത് വിയന്ന കരാറിന്റെ ലംഘനമാണെന്നും ഇന്ത്യ പാക്കിസ്ഥാനെ ഓര്‍മ്മപ്പെട്ടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.