അധ്യാപകര്‍ ശിക്ഷിക്കുന്നത് ആത്മഹത്യക്കു കാരണമല്ല; ഹൈക്കോടതി

Sunday 24 June 2018 2:49 am IST

ജബല്‍പൂര്‍: അനുസരണക്കേടിന് അധ്യാപകര്‍  ശിക്ഷിക്കുന്നത് വിദ്യാര്‍ഥികളുടെ ആത്മഹത്യയ്ക്ക് കാരണമായി പരിഗണിക്കാനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. അതിന്റെ പേരില്‍ കേസെടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പ്രിന്‍സിപ്പാള്‍ ശാസിച്ചെന്ന പേരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ചെന്നാരോപിച്ച്  പെണ്‍കുട്ടിയുടെ അമ്മാവന്‍ നല്‍കിയ പരാതി തള്ളിയാണ് കോടതി ഉത്തരവ്. 

സ്‌ക്കൂളില്‍ രക്ഷിതാക്കളുടെ അസാന്നിധ്യത്തില്‍ കുട്ടികളെ നേര്‍വഴിക്ക് നടത്താനുള്ള ചുമതല അധ്യാപകര്‍ക്കും പ്രിന്‍സിപ്പാളിനുമാണ്. കുട്ടികള്‍ തെറ്റു ചെയ്യുമ്പോള്‍ അവരെ തിരുത്താന്‍ രക്ഷിതാക്കള്‍ ശാസിക്കുന്നതെങ്ങനെയോ അതുപോലെ സ്‌കൂളിലെ അച്ചടക്കം ലംഘിക്കുമ്പോള്‍ അധ്യാപകരും ശാസിക്കുമെന്ന് ജസ്റ്റിസ് അതുല്‍ ശ്രീധരന്‍ ഉത്തരവില്‍ പറഞ്ഞു. 

മധ്യപ്രദേശിലെ കോത്മയില്‍ 2017 നവംബര്‍ 14നാണ് സംഭവം നടന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആര്‍.കെ. മിശ്ര പെണ്‍കുട്ടിയെ ശകാരിക്കുകയും മുഖത്തടിക്കുകയും ചെയ്തതില്‍ മനംനൊന്ത്  പെണ്‍കുട്ടി ആത്മഹത്യ ചെയ്തുവെന്നായിരുന്നു ആരോപണം. ക്ലാസ് തീരും മുമ്പ് സ്‌കൂളിനു പുറത്ത് സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കുന്നത് കണ്ടതിനെ തുടര്‍ന്നായിരുന്നു പ്രിന്‍സിപ്പാള്‍ ശിക്ഷിച്ചത്. പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണം ഇതാണെന്ന് കാണിച്ചായിരുന്നു റഅമ്മാവന്‍ പരാതി നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.