വിദേശ വിമാനങ്ങള്‍ക്കുള്ള തടസം നീക്കും:കേന്ദ്രം

Sunday 24 June 2018 2:51 am IST

ന്യൂദല്‍ഹി: സപ്തംബറില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ വിദേശ കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതിലുള്ള തടസങ്ങള്‍ നീക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍പറഞ്ഞു. 

പ്രവാസികള്‍ അടക്കമുള്ളവരുടെ കാര്യങ്ങള്‍ പരിഗണിച്ചാണ് വിദേശ വിമാനങ്ങള്‍ക്കുള്ള തടസങ്ങള്‍ നീക്കുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയത്. ഇക്കാര്യത്തില്‍ നിലവിലുള്ള വ്യവസ്ഥകളില്‍ മാറ്റം വരുത്തും. പിപിപി മോഡലില്‍ നിര്‍മാണം നടക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തെക്കുറിച്ചു കേന്ദ്ര സര്‍ക്കാറിനും വലിയ പ്രതീക്ഷയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നു മുഖ്യമന്ത്രി അറിയിച്ചു. ഈ വിമാനത്താവളങ്ങളുടെ വികസന പ്രശ്നങ്ങള്‍ പഠിക്കുന്നതിന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഉടന്‍ കേരളത്തിലെത്തും.

വിമാനത്താവള വികസനത്തിനു ഭൂമി ആവശ്യമാണ്. കേരളത്തിന്റെ പ്രത്യേകതയും ഭൂമിയുടെ ദൗര്‍ലഭ്യവും കണക്കിലെടുത്ത് ഭൂമിയുടെ കാര്യത്തില്‍ ഇളവു നല്‍കുന്ന കാര്യം പരിശോധിക്കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.