റെയില്‍വേ മെഗാ ബ്ലോക്ക് ഇന്നുമുതല്‍

Sunday 24 June 2018 2:54 am IST
ഞായറാഴ്ചകളില്‍ ഏഴു ജോഡി പാസഞ്ചറുകള്‍ ഓടില്ല, നിയന്ത്രണം ജൂലൈ 22 വരെ

കൊച്ചി: റെയില്‍വേ ട്രാക്കുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന്റെ ഭാഗമായി റെയില്‍വേ ഏര്‍പ്പെടുത്തിയ മെഗാ ബ്ലോക്ക് ഇന്ന് ആരംഭിക്കും. പ്രവൃത്തി ദിവസങ്ങളില്‍ അറ്റകുറ്റപ്പണി നടത്തുന്നത് യാത്രക്കാര്‍ക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാല്‍ അവധിദിനമായ ഞായറാഴ്ചകളിലാണ് മെഗാ ബ്ലോക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് ആരംഭിക്കുന്ന മെഗാ ബ്ലോക്ക് ജൂലൈ 22 വരെയുള്ള ഞായറാഴ്ചകളില്‍ തുടരും. 

ഇതിന്റെ ഭാഗമായി ഏഴു ജോഡി പാസഞ്ചര്‍ ട്രെയിനുകള്‍ അഞ്ചു ഞായറാഴ്ചകളില്‍ റദ്ദാക്കും. ആറു മാസത്തിനുള്ളില്‍ തിരുവനന്തപുരം റെയില്‍വേ ഡിവിഷനു കീഴില്‍ വരുന്ന പ്രധാന ട്രാക്കുകളിലെ അറ്റകുറ്റപ്പണികളെല്ലാം പൂര്‍ത്തിയാക്കുമെന്നാണ് റെയില്‍വേ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മാസം 22 കിലോമീറ്റര്‍ ട്രാക്ക് നവീകരണമാണു ലക്ഷ്യമിടുന്നത്. നിലവില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകളില്‍ പലതും മണിക്കൂറുകളോളം താമസിച്ചാണ് ഓടുന്നത്. നവംബര്‍ ഒന്നോടെ ട്രെയിനുകള്‍ 90 ശതമാനം സമയനിഷ്ഠ പാലിച്ചിരിക്കണമെന്ന റെയില്‍വേ മന്ത്രിയുടെ ഉത്തരവിനെത്തുടര്‍ന്നാണു ഞായറാഴ്ചകളില്‍ അധിക നിയന്ത്രണം ഏര്‍പ്പെടുത്തി ജോലികള്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

സിഗ്‌നലിങ്, എഞ്ചിനീയറിങ്, ട്രാഫിക് തുടങ്ങി വിവിധ വിഭാഗങ്ങളുടെ അറ്റകുറ്റപ്പണി ഒരേ ബ്ലോക്കില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ട്രെയിനുകളുടെ സമയമാറ്റം അറ്റകുറ്റപ്പണിക്കുശേഷം പുനഃപരിശോധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഞായറാഴ്ചകളില്‍ റദ്ദാക്കുന്ന പാസഞ്ചര്‍, മെമു ട്രെയിനുകള്‍

56370/56375 എറണാകുളം ഗുരുവായൂര്‍ എറണാകുളം 

56373/56374 ഗുരുവായൂര്‍ തൃശൂര്‍ ഗുരുവായൂര്‍  

66308/66309 കൊല്ലം എറണാകുളം കൊല്ലം മെമു (കോട്ടയം വഴി)

56387/56388 എറണാകുളം-കായംകുളം-എറണാകുളം

66611/66612 പാലക്കാട് എറണാകുളം പാലക്കാട് മെമു 

56377/56380 ആലപ്പുഴ കായംകുളം എറണാകുളം  

56381/56382 എറണാകുളം കായംകുളം എറണാകുളം (ആലപ്പുഴ വഴി)

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.