നമ്മുടെ ഡോക്ടർമാരെല്ലാം എവിടെ പോകുന്നു?

Sunday 24 June 2018 3:00 am IST
നമ്മുടെ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന മിടുക്കരായ യുവ ഡോക്ടര്‍മാരെ നമ്മുടെ നാട്ടില്‍ തന്നെ പിടിച്ചുനിര്‍ത്താന്‍ നമുക്ക് കഴിയണം. അംഗീകൃത ഡോക്ടര്‍മാരുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് ഏററവും കൂടുതല്‍ ബാധിക്കുന്നത് പ്രാഥമികാരോഗ്യ സംവിധാനങ്ങളെയും ഗ്രാമീണ മേഖലയിലെ ആരോഗ്യ പരിരക്ഷയെയുമാണ്.

കേരളത്തില്‍ അംഗീകൃത അലോപ്പതി ഡോക്ടര്‍മാരുടെ എണ്ണം കുറയുന്നതായുള്ള റിപ്പോര്‍ട്ട് ആശങ്കയുളവാക്കുന്നതാണ്. അടുത്തയിടെ കേന്ദ്രം പുറത്തിറക്കിയ ദേശീയ ആരോഗ്യ നിലവാര രേഖ (നാഷണല്‍ ഹെല്‍ത്ത് പ്രൊഫൈല്‍)ലിലാണ് കേരളത്തില്‍ 6810 പേര്‍ക്ക് ഒരു അലോപ്പതി ഡോക്ടര്‍ മാത്രമാണെന്നുള്ള വിവരമുള്ളത്. 

ഇതാകട്ടെ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന ആയിരം പേര്‍ക്ക് ഒരു ഡോക്ടര്‍ (1:1000) എന്ന അനുപാതത്തിന്റെ ആറുമടങ്ങുമാണ്. ജീവിതശൈലീരോഗങ്ങളും പകര്‍ച്ച വ്യാധികളും കൊണ്ട് ഒരുപോലെ വീര്‍പ്പു മുട്ടുന്ന കേരളത്തിലെ ആരോഗ്യരംഗത്തെ സംബന്ധിച്ചിടത്തോളം ഒട്ടും ആശ്വാസകരമല്ല ഈ വെളിപ്പെടുത്തല്‍.

ഇന്ന് കേരളത്തില്‍ സര്‍ക്കാര്‍ - സ്വകാര്യ മേഖലകളിലായി 33 മെഡിക്കല്‍ കോളേജുകളാണ് ഉള്ളത്. ഇതില്‍ ഒന്‍പത് എണ്ണം സര്‍ക്കാരിന്റെ നിയന്ത്രണത്തിലും 24 എണ്ണം സ്വകാര്യ മേഖലയിലുമാണ് ഈ കോളേജുകളിലെല്ലാം കൂടി 4,050 എംബിബിഎസ് സീറ്റുകളാണ് ഉള്ളത്. 25 കൊല്ലങ്ങള്‍ക്കുമുമ്പ് കേരളത്തില്‍ ആകെ ഉണ്ടായിരുന്നത് അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും രണ്ടു സഹകരണ മെഡിക്കല്‍ കോളേജുകളും മാത്രമായിരുന്നു എന്നുകൂടി ഓര്‍ക്കണം. 

കേരളത്തില്‍ 2017 വരെയുള്ള കണക്കനുസരിച്ച് 55,251 അലോപ്പതി ഡോക്ടര്‍മാരുണ്ട്. 2017-18ല്‍ 4,250 പേരും 2018-ല്‍ ഇതുവരെ 1,380 ഡോക്ടര്‍മാരും തിരുവിതാംകൂര്‍-കൊച്ചി മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ഇതില്‍ ചൈന, റഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നും പഠിച്ചിറങ്ങിയ ഡോക്ടര്‍മാരുമുണ്ട്.

ഇത്രയൊക്കെ ഡോക്ടര്‍മാര്‍ പഠിച്ചിറങ്ങുന്ന കേരളത്തില്‍ എന്തുകൊണ്ടാണ് പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരുടെ എണ്ണം കുറഞ്ഞുവരുന്നത്. നമ്മുടെ നാട്ടില്‍ ആരോഗ്യ സ്പന്ദനങ്ങളറിയേണ്ട നമ്മുടെ സ്വന്തം ഡോക്ടര്‍മാര്‍ എവിടെയാണ് പോകുന്നത്?. നമ്മുടെ മെഡിക്കല്‍ കോളേജുകളില്‍ നിന്നും എംബിബിഎസ് പാസ്സായി ഇറങ്ങുന്ന യുവഡോക്ടര്‍മാരില്‍ ഒരു നല്ല പങ്ക് വിദേശ രാജ്യങ്ങളില്‍ സേവനമനുഷ്ഠിക്കാന്‍ താത്പര്യപ്പെടുന്നവരാണ്. യുഎസ്എംഎല്‍ഇ പരീക്ഷയെഴുതി അമേരിക്കയിലേക്കും പ്ലാബ് ടെസ്റ്റ് പാസ്സായി ഇംഗ്ലണ്ടിലേക്കും പറക്കാനാണ് ഇവര്‍ മോഹിക്കുന്നത്.

വിദേശ നാടുകളിലെ മെച്ചപ്പെട്ട അക്കാദമിക് നിലവാരവും ആകര്‍ഷകമായ സേവന വേതന വ്യവസ്ഥകളുമാണ് യുവഡോക്ടര്‍മാരെ അങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നത്. ധനസമ്പാദനത്തില്‍ താത്പര്യമേറിയവര്‍ ഗള്‍ഫ് നാടുകളിലേക്കും ചേക്കേറുന്നു. ഇനിയും കുറച്ചുപേര്‍ എംബിബിഎസ് പാസ്സായതിനുശേഷം അഞ്ചര വര്‍ഷത്തോളം പഠിച്ചു നേടിയ വൈദ്യവിജ്ഞാനം ഉപേക്ഷിച്ച് സിവില്‍ സര്‍വ്വീസിലേക്കു കടക്കുന്നു. 

അടിസ്ഥാന ബിരുദം നേടിയ ശേഷവും ഒരു രോഗിയെപ്പോലും പരിശോധിക്കാതെ ഒരാശുപത്രിയിലും പണിയെടുക്കാതെ വര്‍ഷങ്ങളോളം കുത്തിയിരുന്ന് ഉപരിപഠനത്തിനായി തയ്യാറെടുക്കുന്നവരുമുണ്ട്.

  നമ്മുടെ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന മിടുക്കരായ യുവ ഡോക്ടര്‍മാരെ നമ്മുടെ നാട്ടില്‍ തന്നെ പിടിച്ചുനിര്‍ത്താന്‍ നമുക്ക് കഴിയണം. അംഗീകൃത ഡോക്ടര്‍മാരുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് ഏററവും കൂടുതല്‍ ബാധിക്കുന്നത് പ്രാഥമികാരോഗ്യ സംവിധാനങ്ങളെയും ഗ്രാമീണ മേഖലയിലെ ആരോഗ്യ പരിരക്ഷയെയുമാണ്. 

നമ്മുടെ കൊച്ചു ഡോക്ടര്‍മാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ ബോധവത്കരണ പരിപാടികള്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കേണ്ട ഭാവി വാഗ്ദാനങ്ങളാണ്. അംഗീകൃത ഡോക്ടര്‍മാരുടെ എണ്ണം കുറയുമ്പോള്‍ സ്വാഭാവികമായും വ്യാജ ഡോക്ടര്‍മാരുടെയും അശാസ്ത്രീയ ചികിത്സയുടെയും സ്വാധീനം വര്‍ദ്ധിക്കാനുമിടയുണ്ട്.

ദേശീയ ആരോഗ്യ നിലവാര രേഖ ഗൗരവമായെടുത്ത് നമ്മുടെ ഡോക്ടര്‍മാരെ നമ്മുടെ നാട്ടില്‍ തന്നെ പിടിച്ചു നിര്‍ത്താനുള്ള പ്രായോഗിക മാര്‍ഗ്ഗങ്ങളെക്കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തണം. 

അടിസ്ഥാന ബിരുദമുള്ള ഡോക്ടര്‍മാര്‍ക്കും അര്‍ഹമായ അംഗീകാരവും പരിഗണനയും നല്‍കണം. സ്‌പെഷ്യലിസ്റ്റ് ഭ്രമം അവസാനിപ്പിച്ച് സമൂഹവും, കുംടുബ ഡോക്ടര്‍ സംവിധാനത്തെക്കുറിച്ച് ഗൗരവമായി ആലോചിക്കണം. ഗ്രാമീണ മേഖലയിലെ ചെറുകിട ആശുപത്രികളുടെയും ലൈസന്‍സിങ് രീതിയും പരിഷ്‌കരിക്കണം. 

തടസ്സമുണ്ടാക്കുന്ന തരത്തിലുള്ള പുത്തന്‍ നിയമങ്ങളും ആക്രമങ്ങള്‍ക്കെതിരെയും കര്‍ശന നടപടികള്‍ ഉണ്ടാകണം. എങ്കില്‍ മാത്രമേ ആരോഗ്യ കേരളം വാര്‍ത്തെടുക്കുവാനായി യുവഡോക്ടര്‍മാരുടെ സുശക്തമായ നിര നമുക്ക് കെട്ടിപ്പടുക്കാനാവൂ.

 ഡോ ബി പത്മകുമാർ

കൊല്ലം മെഡിക്കല്‍ കോളേജ് ജനറല്‍ 

മെഡിസിന്‍ വകുപ്പു മേധാവി

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.