ദീപ്തസ്മരണയിൽ സാം ഏബ്രഹാം; കനലിൻ്റെ കരുത്തിൽ അനു

Sunday 24 June 2018 3:02 am IST

രണ്ടാമത്തെ കണ്‍മണിയെ കാണാന്‍ കാത്തുനില്‍ക്കാതെ ഭര്‍ത്താവ് സാം ഏബ്രഹാം യാത്രയായെങ്കിലും ജീവിതത്തില്‍ പതറാന്‍ അനു തയ്യാറല്ല. ധീരജവാന്റെ ഭാര്യ അനുവിന്റെ വാക്കുകള്‍ക്ക് കനലിന്റെ ശക്തിയാണിപ്പോഴും. അച്ഛനെ പോലെ രാജ്യസ്നേഹിയായി മക്കളെ വളര്‍ത്തണം...അതിന് ദൈവം തുണ തരും. ലോക വിധവ ദിനം ഇന്നലെ കടന്നു പോയപ്പോഴും ഈ അമ്മയുടെ ഉറച്ച മനസ്സിന് ചാഞ്ചാല്യമില്ല. 

അച്ഛന്റെ ജ്വലിക്കുന്ന ഓര്‍മ്മകളുടെ തീഷ്ണത രണ്ടരവയസുകാരി എയ്ഞ്ചലിന്റെയും മൂന്നുമാസം പ്രായമായ ആല്‍ബിന്റെയും നിഷ്‌കളങ്കമായ കണ്ണുകളില്‍ നിറഞ്ഞു നില്‍ക്കുകയാണിപ്പോഴും. മാവേലിക്കര പോനകം തോപ്പില്‍ ഏബ്രഹാം ജോണ്‍-സാറാമ്മ ദമ്പതികളുടെ മകന്‍ സാം ഏബ്രഹാം എന്ന സൈനികന്‍ കഴിഞ്ഞ ജനുവരി 19നാണ് കശ്മീരിലെ അക്നൂരിനടുത്ത് സുന്ദര്‍ബേനിയില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ രാജ്യത്തിനായി വീരമൃത്യു വരിക്കുന്നത്. 

അനു എട്ടുമാസം ഗര്‍ഭിണിയായിക്കെ ഭാര്യയുടെ പ്രസവത്തിനായി നാട്ടില്‍ എത്താനിരിക്കെയായിരുന്നു സാമിനെ തേടി ആ ദുര്‍വ്വിധിയെത്തിയത്. മാവേലിക്കരയ്ക്കടുത്ത് മുള്ളിക്കുളങ്ങരയില്‍ പുതിയ വീടുവച്ച് സാമും കുടുംബവും താമസം മാറ്റിയിരുന്നു. പ്രസവത്തിനായി അനു കൊല്ലം തേവലക്കരയിലെ വീട്ടില്‍ കഴിയുമ്പോഴായിരുന്നു ഭര്‍ത്താവ് മരിച്ചെന്ന വാര്‍ത്ത അറിയുന്നത്. നിറവയറുമായി നിന്ന അനുവിനെ ആശ്വസിപ്പിക്കാന്‍ ബന്ധുക്കളും നാട്ടുകാരും ഏറെ പ്രയാസപ്പെട്ടിരുന്നു. 

വേഗം മടങ്ങിവരാമെന്നു പറഞ്ഞ് മകള്‍ക്കു മുത്തവും നല്‍കി ജോലിസ്ഥലത്തേക്കു പോയ ഭര്‍ത്താവിന്റെ മരണവാര്‍ത്ത അനുവിന് ഇന്നും ഉള്‍ക്കൊള്ളാനായിട്ടില്ല. തന്റെ കുഞ്ഞിനെ ഒരുനോക്കു കാണാന്‍ തന്റെ പ്രിയപ്പെട്ടവന്‍ ഇനി വരില്ലെന്ന സത്യം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയാണവളിപ്പോഴും. രാജ്യത്തിനായാണ് അവരുടെ അച്ഛന്‍ ജീവന്‍ ബലിയര്‍പ്പിച്ചത,് അതില്‍ അവര്‍ക്ക് എന്നും അഭിമാനിക്കാം. അച്ഛനെപ്പോലെ രാജ്യത്തിന്റെ സേവകരായി തന്റെ മക്കളെ വളര്‍ത്തുമെന്നും അനു പറയുന്നു. 

അച്ഛനെ അവസാനമായി പുതപ്പിച്ച ദേശീയപതാക കാണുമ്പോള്‍ രണ്ടര വയസ്സുകാരി മകള്‍ എയ്ഞ്ചല്‍ നിഷ്‌കളങ്കമായ പുഞ്ചിരിയോടെ പറയാറുണ്ട് 'ഇത് എന്റെ പപ്പേടെ യൂണിഫോമാണെന്ന്'. പിന്നെ കുഞ്ഞനുജന്‍ ആല്‍ബിന് ഒരു മുത്തവും അവള്‍ നല്‍കി. അച്ഛനെ ഇനി ഒരു നോക്കുകാണാന്‍ തനിക്ക് ഇനി കഴിയില്ലെന്ന സത്യം അവള്‍ ഇനിയും തിരിച്ചറിയാനിരിക്കുന്നതേയുള്ളു. 

എന്നാല്‍ രാജ്യസ്‌നേഹികളായ മുഴുവന്‍ ആളുകളുടെ മനസ്സിലും ദീപ്തസ്മരണയായി അവളുടെ അച്ഛന്‍ ഉണ്ടാകുമെന്ന് മക്കള്‍ക്ക് പറഞ്ഞു കൊടുക്കും. രാജ്യത്തെ നല്ല പൗരന്മാരായി അവരെ വളര്‍ത്തും. അച്ഛനും അമ്മയ്ക്കും തുണയാകും... അനു പറയുന്നു.

സാം ഏബ്രഹാമിനോടുള്ള ആദരസൂചകമായി സഹകരണ വകുപ്പില്‍ അനുവിന് ജോലിനല്‍കണമെന്ന ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പിട്ടുകഴിഞ്ഞു. ഉടന്‍ നിയമനമുണ്ടാകുമെന്നാണ് അറിയിപ്പ്. ഇതിനുള്ള തയ്യാറെടുപ്പിലാണ് അനു ഇപ്പോള്‍. മദ്രാസ് റെജിമെന്റിന്റെ ആറാം ബറ്റാലിയനിലായിരുന്നു വീരമൃത്യു വരിച്ച ലാന്‍സ് നായിക് സാം ഏബ്രഹാം എന്ന 35 കാരന്‍.

അഭിജിത്ത് എസ്. പേരകത്ത് 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.