തോട്ടം മേഖലയിലെ ഇളവ്; മൂന്നുലക്ഷം ഏക്കർ വനഭൂമി അന്യാധീനപ്പെടും

Sunday 24 June 2018 3:05 am IST

കൊച്ചി: പ്രതിസന്ധി പരിഹരിക്കാനും തൊഴിലാളി ക്ഷേമത്തിനും എന്ന പേരില്‍ സര്‍ക്കാര്‍ തോട്ടം മേഖലയില്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഭൂമാഫിയയെ സഹായിക്കാന്‍. ഇളവുകളുടെ മറവില്‍ ക്വാറി മാഫിയകള്‍ക്കും തോട്ട ഉടമകള്‍ക്കും കോടികളുടെ ലാഭമുണ്ടാക്കാനുള്ള വഴിയാണ് പിണറായി സര്‍ക്കാര്‍ ഒരുക്കി നല്‍കിയത്. തോട്ടങ്ങളെ വനംനിയമത്തിലെ ഇഎഫ്എല്‍ (പരിസ്ഥിതി ലോലം) പരിധിയില്‍ നിന്ന് ഒഴിവാക്കുകയാണ് ചെയ്തത്. മൂന്നു ലക്ഷം ഏക്കര്‍ വനഭൂമി ഇതു മൂലം അന്യാധീനപ്പെടും.

1963ല്‍ 25 ലക്ഷം ഏക്കര്‍ തോട്ടഭൂമിയാണ് ഉണ്ടായിരുന്നത്. അതിപ്പോള്‍ 17.4 ലക്ഷം ഏക്കറായി കുറഞ്ഞു. ബാക്കി തോട്ടഭൂമി റിക്കാര്‍ഡില്‍ തോട്ടഭൂമിയല്ലാതെ മാറ്റിയെന്നര്‍ഥം. കേരളത്തിലെ 50 ഏക്കറില്‍ കൂടുതലുള്ള 90 ശതമാനം തോട്ടങ്ങളിലും വനഭൂമിയുണ്ട്. പശ്ചിമഘട്ട മലനിരകളുമായി ബന്ധപ്പെട്ട തോട്ടങ്ങളാണ് ഏറെയും. ഇവ വനം വെട്ടി തെളിച്ച് നിര്‍മിച്ചതുമാണ്. നിലവിലെ 17.4 ലക്ഷം ഏക്കര്‍ തോട്ടഭൂമിയില്‍ മൂന്നു ലക്ഷത്തോളം ഏക്കര്‍ വനമാണ്. ഇതില്‍  തോട്ട ഉടമകളുമായി തര്‍ക്കത്തിലുള്ള 45,000 ഏക്കര്‍ വനഭൂമി സര്‍ക്കാരുകള്‍ കേസ് പറഞ്ഞ് ഏറ്റെടുത്തിരുന്നു.

തോട്ടങ്ങളിലെ മലനിരകളില്‍ ക്വാറി വ്യവസായം ഭൂമാഫിയ ഏറെക്കാലമായി ലക്ഷ്യമിടുന്നതാണ്. കേരള ഭൂപരിഷ്‌കരണ നിയമ (1963)ത്തില്‍ തോട്ടംമേഖലയെ ഭൂപരിധിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. തോട്ടം നടത്താന്‍ ഇളവുകള്‍ മാത്രമാണ് നല്‍കിയത്. തോട്ടങ്ങളിലെ കൃഷിയുള്ള ഭൂമിയെയും ഫാക്ടറികള്‍, ബംഗ്ലാവുകള്‍, ലയങ്ങളെയും മാത്രമായിരുന്നു വനനിയമത്തിലെ ഇഎഫ്എല്‍ പരിധിയില്‍നിന്ന് ഒഴിവാക്കിയിരുന്നത്. അതിനാല്‍ തോട്ടങ്ങളിലെ മലനിരകള്‍ ഇടിച്ചു ക്വാറി നടത്താന്‍ ഇഎഫ്എല്‍ നിയമം വിഘാതമായിരുന്നു. എന്നാല്‍ ഇഎഫ്എല്‍ പരിധികൂടി ഒഴിവാക്കിയതോടെ ഇതിന്റെ മറവില്‍ വനമേഖലയില്‍ ക്വാറി മാഫിയയ്ക്ക് പ്രവര്‍ത്തനാനുമതി നേടിയെടുക്കാനാവും.

തോട്ടഭൂമിയില്‍നിന്ന് വന്‍തോതില്‍ മരങ്ങള്‍ വെട്ടിമാറ്റാനുള്ള അനുമതിയും ഇളവിന്റെ മറവില്‍ സര്‍ക്കാര്‍ ഒരുക്കി. റബര്‍ മരങ്ങള്‍ മുറിച്ചു നീക്കേണ്ടിവരുമ്പോള്‍ ശരാശരി 2500 രൂപയോളം മരമൊന്നിന് സീനിയറേജ് എന്ന നിരക്കില്‍ സര്‍ക്കാരിന് അടയ്ക്കണമായിരുന്നു. സീനിയറേജ് അടയ്ക്കുമ്പോള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മരങ്ങള്‍ക്ക് നമ്പറിട്ട്, ആവശ്യം ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി, എണ്ണം കണക്കാക്കി നല്‍കുന്ന പാസ് അനുസരിച്ചേ പുറത്തേക്ക് കൊണ്ടുപോകാനാകൂ. സീനിയറേജ് ഒഴിവാക്കിയതോടെ, ഇനി റബറിന്റെ മറവില്‍ ഏതു മരവും കടത്താനാകും. സീനിയറേജ് ഒഴിവാക്കിയതിലൂടെ 500 കോടി രൂപയുടെ നഷ്ടവും സര്‍ക്കാരിനുണ്ടാകും.

സി. രാജ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.